‘വരനെ ആവശ്യമുണ്ട്’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുൽ രാജശേഖരൻ. സിനിമക്ക് പുറമെ മോഡലിങ്ങും ഫിറ്റ്നസ്സിലും ശ്രദ്ധ കേന്ദ്രികരിക്കുന്ന രാഹുൽ, മിസ്റ്റർ സുപ്രനാഷണൽ 2021ൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. അതിനിടയിൽ തന്റെ ഫിറ്റ്നസ്, ഡയറ്റ് രഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം എങ്ങനെയാണ് താൻ ഫിറ്റനസ് നിലനിർത്തുന്നത് എന്ന് പറഞ്ഞത്. ഭക്ഷണവും, വ്യായാമവും, ബാസ്കറ്റ് ബോൾ കളിയുമാണ് മികച്ച ഫിറ്റ്നസ് നിലനിർത്താൻ തന്നെ സഹായിക്കുന്നതെന്നാണ് രാഹുൽ പറയുന്നത്. ഒപ്പം മുഴുവൻ സമയവും ആക്റ്റീവ് ആയി ഇരിക്കുന്നതും ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നുണ്ടെന്ന് രാഹുൽ പറയുന്നു.
“ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളവും നാരങ്ങയും കൊണ്ടാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്. അരമണിക്കൂറിനുശേഷം, ഒരു ബൗൾ പഴങ്ങൾ കഴിക്കും, സീസണൽ പഴങ്ങളാണ് കൂടുതലും. പിന്നെ മുട്ട, പയർവർഗ്ഗങ്ങൾ, നട്ട്സുകൾ കഴിക്കും. ഒരു ദിവസം പ്രധാനമായും രണ്ടുനേരം ഭക്ഷണം കഴിക്കും, പ്രഭാതഭക്ഷണവും അത്താഴവും. അത്താഴവും പ്രഭാതഭക്ഷണവും തമ്മിൽ 12 മണിക്കൂർ ഇടവേള ഉണ്ടെന്നും ഉറപ്പുവരുത്താറുണ്ട്. അത്താഴത്തിന്, ധാരാളം പച്ചക്കറികൾ ഉപയോഗിച്ച സലാഡുകളും ഇടയ്ക്കിടെ ചിക്കനോ മീനോ കഴിക്കും.ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് പഞ്ചസാരയും പ്രൊസസ്സസ് ഫുഡും ഞാൻ കഴിക്കാറില്ല”
“ഫിറ്റ്നസ്സിന്റെ കാര്യത്തിൽ, ഞാൻ എന്നെത്തന്നെ എപ്പോഴും ആക്ടിവായി നിർത്താൻ ശ്രമിക്കാറുണ്ട്, അതിന് വർക്ക്ഔട്ടുകൾ നിർബന്ധമാണ്. ജിമ്മിൽ പ്രവർത്തിക്കുകയോ അല്ലെങ്കിൽ നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവയോ ഞാൻ കൃത്യമായി ചെയ്യാറുണ്ട്. കൂടാതെ, ബാസ്ക്കറ്റ്ബോൾ കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫിറ്റ്നസ് എന്നത് സിക്സ് പായ്ക്കുകളോ ബൈസെപ്സുകളോ മാത്രമല്ല, അത് എന്റെ ആരോഗ്യവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.” രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.
Read Also: വീഡിയോ കോളിൽ പങ്കെടുക്കണോ? വെറും 5 മിനിറ്റിൽ നല്ല സ്റ്റൈലായി മുടി കെട്ടാം
വരനെ ആവശ്യമുണ്ട് എന്ന സിനിമക്ക് പുറമെ മലയാളത്തിൽ ‘ദിവാൻജിമൂല ഗ്രാൻഡ്പ്രീക്സ്’ എന്ന ചിത്രത്തിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്. അതുകൂടാതെ പല മുൻനിര ബ്രാൻഡുകളുടെയും പരസ്യ ചിത്രങ്ങളിലും രാഹുൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളിയായ രാഹുൽ രാജശേഖരൻ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്.