ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിലും ഈ ഗ്ലോബൽ താരം ഇടം പിടിച്ചിട്ടുണ്ട്. ഫാഷൻ ഇവന്റുകളിലും റെഡ് കാർപെറ്റുകളിലുമെല്ലാം എപ്പാഴും തന്റേതായൊരു സിഗ്നേച്ചർ പതിപ്പിക്കുന്ന ഫാഷൻ ഐക്കൺ കൂടിയാണ് പ്രിയങ്ക. അതിനാൽ തന്നെ, പ്രിയങ്ക അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരാറുണ്ട്.
മെറ്റ് ഗാല വേദിയിലും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരാൻ പ്രിയങ്കയ്ക്ക് സാധിച്ചു. ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്ന തീമിലുള്ള മെറ്റ് ഗാലയിൽ ബ്ലാക്ക് മൈസൺ വാലന്റീനോ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്. ഗൗണിനൊപ്പം പ്രിയങ്ക അണിഞ്ഞ നെക്ളേസും ആദ്യകാഴ്ചയിൽ തന്നെ ആരുടെയും കണ്ണുടക്കുന്നതായിരുന്നു. 11.6 കാരറ്റ് ഡയമണ്ട് നെക്ലേസാണിത് എന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു ട്വീറ്റ് പ്രകാരം ഈ നെക്ലേസിനു ഏതാണ്ട 25 മില്യൺ യുഎസ് ഡോളർ (ഏകദേശം 204 കോടി രൂപ) ആണ് വില.
ബൾഗരിയിലെ ഏറ്റവും വലിയ ലഗുണ ബ്ലൂ ഡയമണ്ട് ആണ് ഈ സ്റ്റേറ്റ്‌മെന്റ് നെക്ലേസിലുള്ളത്. ഈ നെക്ലേസ് മെറ്റ് ഗാലയ്ക്ക് ശേഷം ലേലത്തിൽ വയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മെയ് 12 ന് ജനീവയിൽ നടക്കുന്ന സോതേബിയുടെ ലക്ഷ്വറി വീക്കിൽ ആവും ഈ നെക്ലേസ് ലേലത്തിന് വെക്കുക.
ഭർത്താവ് നിക് ജൊനാസിനൊപ്പം ലൊസാഞ്ചൽസിലാണ് പ്രിയങ്കയുടെ താമസം. 2018 ഡിസംബർ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. തന്നെക്കാൾ 10 വയസ് കുറവുളള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി വിവാഹം കഴിഞ്ഞപ്പോൾ പലരും പ്രിയങ്കയെ കളിയാക്കി. ഹോളിവുഡിലെ ചില മാധ്യമങ്ങൾ ഇരുവരും അധികം വൈകാതെ വേർപിരിയുമെന്നുവരെ എഴുതി. പക്ഷേ അതിനൊന്നും മറുപടി പറയാൻ പ്രിയങ്ക തയ്യാറായില്ല.
2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസ്സിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച മകൾക്ക് മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികൾ പേരു നൽകിയിരിക്കുന്നത്.
സിറ്റാഡൽ സീരിസാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്. സിറ്റാഡൽ റിലീസുമായി ബന്ധപ്പെട്ട പ്രമോഷൻ തിരക്കിലായിരുന്നു പ്രിയങ്ക. സീരിസിന്റെ ഇന്ത്യയിലെ പ്രമോഷൻ പരിപാടികളിലും പ്രിയങ്ക പങ്കെടുത്തിരുന്നു.