വെളിച്ചെണ്ണയുടെ അതിശയകരമായ ഗുണങ്ങളെ കുറിച്ച് മുൻപൊരിക്കൽ പ്രിയങ്ക ചോപ്ര സംസാരിക്കുന്ന ഒരു വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. മേക്കപ്പ് നീക്കം ചെയ്യാൻ താൻ വെളിച്ചെണ്ണ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നാണ് വീഡിയോയിൽ പ്രിയങ്ക പറഞ്ഞത്. “വെളിച്ചെണ്ണ രണ്ടു മിനിറ്റോളം മുഖത്ത് പുരട്ടി വയ്ക്കുക. ഒരു ടവ്വൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ് പതിയെ മുഖത്തെ വെളിച്ചെണ്ണ തുടച്ചു കളയാം. ഇതു ഒരേ സമയം മുഖത്തെ മേക്കപ്പ് അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് മുഖം ശുദ്ധീകരിക്കുകയും മുഖത്തെ ജലാംശം നിലനിർത്തുകയും ചെയ്യും. എന്റെ വരണ്ട ചർമ്മത്തിന് ഇതേറെ സഹായകരമാണ്,” എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.
പ്രിയങ്ക മാത്രമല്ല, പലരും വെളിച്ചെണ്ണ ചർമ്മപ്രശ്നങ്ങൾക്ക് ഉത്തമമായ പരിഹാരമാണെന്ന് നിർദ്ദേശിക്കാറുണ്ട്. വെളിച്ചെണ്ണ എത്രത്തോളം സുരക്ഷിതമാണ്, ചർമ്മരോഗ വിദഗ്ധരും ഇതു തന്നെ ശുപാർശ ചെയ്യുന്നുണ്ടോ? “വെളിച്ചെണ്ണ ഒരു കോമഡോജെനിക് ആണ് – അതിനർത്ഥം സുഷിരങ്ങൾ അടയ്‌ക്കാനുള്ള കഴിവുണ്ട് എന്നാണ്. അതേസമയം ചർമ്മത്തെ വരണ്ടതാക്കാതെ തന്നെ മേക്കപ്പ്, അഴുക്ക്, അധിക എണ്ണ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. എന്നാൽ മുഖക്കുരു ഉള്ളവർക്ക് വെളിച്ചെണ്ണയെ ഒരു മോയ്സ്ചറൈസറായി ഉപയോഗിക്കുന്നത് അനുയോജ്യമല്ല, ” ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു.
മുഖത്തെ മേക്കപ്പിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നിങ്ങൾ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഡോ. ഗീതിക പറയുന്നു. ഒരു ടീസ്പൂൺ അളവിലോ അതിൽ കുറവോ മാത്രം വെളിച്ചെണ്ണയേ ഇതിനു വേണ്ടി ഉപയോഗിക്കാവൂ. വെളിച്ചെണ്ണ എടുത്ത് ചെറുതായി മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ നന്നായി കഴുകുക. മൃദുവായൊരു ടവ്വൽ ഉപയോഗിച്ച് മുഖം നന്നായി ഒപ്പിയെടുക്കുക. മേക്കപ്പ് നീക്കം ചെയ്യാൻ ഓർഗാനിക് അല്ലെങ്കിൽ വെർജിൻ വെളിച്ചെണ്ണയോ ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണയോ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഗീതിക കൂട്ടിച്ചേർക്കുന്നു.
വെളിച്ചെണ്ണ ഒരു മേക്കപ്പ് റിമൂവറായി ഉപയോഗിക്കാമെങ്കിലും, എല്ലാതരം ചർമ്മത്തിനും അനുയോജ്യമല്ലെന്നും ചിലരിൽ ചർമ്മത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയപുന്നു. “വെളിച്ചെണ്ണ ചർമ്മസുഷിരങ്ങളെ അടച്ചുകളയാനുള്ള സാധ്യതയുണ്ട്. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, വെളിച്ചെണ്ണ മേക്കപ്പ് റിമൂവറായി ഉപയോഗിച്ചതിന് ശേഷം മുഖം കഴുകാൻ മൃദുവായ ക്ലെൻസർ ഉപയോഗിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ചർമ്മത്തിൽ അവശേഷിക്കുന്ന എണ്ണ, അഴുക്ക് അല്ലെങ്കിൽ മേക്കപ്പ് അവശിഷ്ടങ്ങൾ എന്നിവയെല്ലാം പൂർണമായും നീക്കം ചെയ്യാനാവും,” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കോസ്മെറ്റിക് ഡെർമറ്റോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ കൽപന സാരംഗി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഇതേ അഭിപ്രായം തന്നെയാണ് ഹൈദരാബാദ് ബഞ്ചാര ഹിൽസ് കെയർ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റായ ഡോ. സ്വപ്ന പ്രിയയ്ക്കുമുള്ളത്. “വളരെ ഫലപ്രദവും എളുപ്പത്തിൽ ലഭ്യവുമായൊരു മേക്കപ്പ് റിമൂവർ തന്നെയാണ് വെളിച്ചെണ്ണ. പക്ഷേ, മേക്കപ്പ് റിമൂവറായി വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ഓർഗാനിക് വെളിച്ചെണ്ണയോ ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണയോ കോൾഡ്-പ്രസ്ഡ് വെളിച്ചെണ്ണയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ ശുദ്ധവും സ്വാഭാവികവുമാണ്, ഇവയിൽ ചർമ്മത്തെ പ്രകോപിപ്പിക്കുന്ന രാസവസ്തുക്കളൊന്നും അടങ്ങിയിട്ടില്ല. എന്നിരുന്നാലും, മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക. ഇത് നിങ്ങൾക്ക് വെളിച്ചെണ്ണയോട് എന്തെങ്കിലും തരത്തിലുള്ള അലർജിയുണ്ടോ എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കും.”
മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മപ്രകൃതക്കാർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് നല്ലതെന്നും സ്വപ്ന പ്രിയ പറയുന്നു. “മയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമ്മമുള്ളവർ വെളിച്ചെണ്ണ മേക്കപ്പ് റിമൂവറായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം ഇത് സുഷിരങ്ങൾ അടയാനും മുഖക്കുരു വഷളാകാനും കാരണമാവും.”