ഇന്ത്യൻ സെലിബ്രിറ്റികളായ നിരവധി പേർ സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ ഓരോ പോസ്റ്റിനും കോടികൾ വാങ്ങുന്ന സെലിബ്രിറ്റികൾ വരെയുണ്ട്. ഇക്കൂട്ടത്തിൽ ഇന്ത്യയിൽനിന്നും ഇടം നേടിയിരിക്കുന്ന സെലിബ്രിറ്റികളാണ് പ്രിയങ്ക ചോപ്രയും വിരാട് കോഹ്ലിയും. സോഷ്യൽ മീഡിയ മാനേജ്മെന്റ് കമ്പനിയായ ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട 2019 ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയത്.
പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിലെ ഒരു പ്രൊമോഷണൽ പോസ്റ്റിലൂടെ 271,000 (ഏകദേശം 1.87 കോടി) രൂപയാണ് നേടുന്നതെന്ന് ഹോപ്പർ എച്ച്ക്യൂ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 43 മില്യൻ ഫോളോവേഴ്സുളള 37 കാരിയായ പ്രിയങ്ക ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ 19-ാം സ്ഥാനത്താണ്. സ്കിൻകെയർ, സ്റ്റേഷനറി മറ്റു നിരവധി ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി പട്ടികയിൽ 23-ാം സ്ഥാനത്താണ്. കോഹ്ലിക്ക് ഒരു സ്പോൺസേഡ് പോസ്റ്റിന് 196,000 മില്യൻ ഡോളർ (ഏകദേശം 1.35 കോടി) രൂപയാണ് കിട്ടുന്നതെന്ന് കമ്പനിയുടെ കുറിപ്പിൽ പറയുന്നു. നിരവധി സ്പോർട്സ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡറാണ് കോഹ്ലി.
പട്ടികയിൽ ഒന്നാം സ്ഥാനം ടിവി താരവും അമേരിക്കയിലെ വ്യവസായകയുമായ കെയ്ലി ജന്നറാണ്. ഒരു പ്രൊമോഷണൽ ഇൻസ്റ്റഗ്രാം പോസ്റ്റിന് 1.266 മില്യൻ ഡോളർ (ഏകദേശം 8.74 കോടി) ആണ് ജന്നർ വാങ്ങുന്നതെന്നാണ് യുകെ ആസ്ഥാനമായുളള കമ്പനി പറയുന്നത്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 6.73 കോടിയാണ് റൊണാൾഡോ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് വാങ്ങുന്നത്. ലയണൽ മെസിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും ഈ പട്ടിക പുറത്തിറക്കാറുണ്ട്.