പലതരത്തിലുള്ള വാച്ചുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഡിജിറ്റൽ, അനലോഗ്, സ്മാർട്ട് വാച്ച് തുടങ്ങിവയ്ക്ക് ആയിരം മുതൽ കോടി കണക്കിന് രുപയുള്ളവ വരെയുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചു വ്യത്യസ്തമായ തനി മലയാളി വാച്ചാണ് താരങ്ങളുടെ അടുത്തുള്ളത്. മണിക്കൂറും മിനുട്ടുകളും മനസ്സിലാകുന്നതിനു മുൻപെ മലയാളികൾ സമയം പറഞ്ഞിരുന്നത് നാഴികയിലായിരുന്നു. 24 മിനുട്ടാണ് ഒരു നാഴിക. അങ്ങനെ ഒരു ദിവസമാകണമെങ്കിൽ 60 നാഴിക ചേരണം.
വാച്ചിൽ 1,2,3 എന്നീ അക്കങ്ങൾക്കു പകരം ഈ മലയാളി വാച്ചിൽ കാണാനാകുക മലയാളത്തിലെ അക്ഷരങ്ങളാണ്. മലയാളത്തിന്റെ സ്വന്തം നമ്പർ സ്ക്രിപ്റ്റും നാഴികയും അടയാളപ്പെടുത്തുന്ന ലോകത്തിലെ ആദ്യ വാച്ച് മോഡലാണ് “നാഴിക”. സഹോദരങ്ങളും താരങ്ങളുമായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരുടെ കൈയ്യിൽ ഈ വാച്ചുണ്ട്.
ലോകത്ത് ഈ മോഡലിലുള്ള 40 വാച്ചുകളാണ് ആകെയുള്ളത്. ന, ർ, ൻ എന്നീ അക്ഷരങ്ങൾ വാച്ചിൽ കാണാം. അങ്ങനെയുള്ള 12 മലയാള അക്കങ്ങൾ വാച്ചിൽ കാണാനാകും. 8500 രൂപയാണ് വാച്ചിന്റെ വില. എച്ച്എംടി കമ്പനിയാണ് വാച്ചിന്റെ നിർമാതാക്കൾ.