മുടി നരയ്ക്കുന്നത് വാർധക്യത്തിന്റെ ലക്ഷണമായാണ് മുൻപ് ആളുകൾ നോക്കികണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ പലരിലും നര കണ്ടുതുടങ്ങാറുണ്ട്. അകാലനര എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയെല്ലാം അകാലനരയ്ക്കുള്ള കാരണങ്ങളാണ്.
ജീവിതശൈലിയുമായ ബന്ധപ്പെട്ട കാര്യങ്ങളും വിറ്റാമിൻ ബി 12, സിങ്ക്, സെലിനിയം, കോപ്പർ, വൈറ്റമിൻ ഡി എന്നിവയുടെ അപര്യാപ്തതയുമാണ് പലപ്പോഴും അകാലനരയ്ക്ക് കാരണമാവുന്നത്. സാധാരണയായി, മുടി കളർ ചെയ്താണ് പലരും അകാലനര പരിഹരിക്കുന്നത്. എന്നാൽ ഈ ഹ്രസ്വകാല പരിഹാരത്തിന് പകരം പ്രകൃതിദത്തമായ രീതിയിൽ, ഭക്ഷണക്രമത്തിൽ ശ്രദ്ധിച്ച് ആരോഗ്യമുള്ളതും തിളക്കമുള്ളതും നല്ല കറുപ്പു നിറവുമുള്ള മുടി എങ്ങനെ സ്വന്തമാക്കാം എന്നു വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധ ഷോണാലി സബേർവാൾ.
- കടൽപ്പായൽ (seaweed) കഴിക്കുക. സിങ്ക്, മഗ്നീഷ്യം, സെലിനിയം, കോപ്പർ, സിങ്ക്, അയേൺ തുടങ്ങി എല്ലാവിധ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് കടൽപ്പായൽ അഥവാ സീവീഡ്. ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഇന്ന് സീവീഡ് ലഭ്യമാണ്.
- കറുപ്പ് നിറമുള്ള ഭക്ഷണങ്ങളായ കറുത്ത എള്ള്, ബ്ലാക്ക് ബീൻസ് (സോയ പയർ), കരിംജീരകം എന്നിവ ഭക്ഷണത്തിൽ പതിവാക്കുക.
- നെല്ലിക്ക കഴിക്കുക. നെല്ലിക്ക ജ്യൂസ് പതിവാക്കുന്നതും നല്ലതാണ്.
- വീറ്റ് ഗ്രാസ് (ഗോതമ്പു പുല്ല്), ബാർലി ഗ്രാസ് എന്നിവയും അകാലനരയെ തടയാൻ അത്യുത്തമമാണ്. വീറ്റ് ഗ്രാസ് ജ്യൂസും ഇന്നേറെ പ്രശസ്തമാണ്. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. വീറ്റ് ഗ്രാസിൽ സെലെനിയവും ധാരാളമായി അടങ്ങിയിട്ടുണ്ട്. നരച്ച മുടി കറുപ്പിക്കാനും വീറ്റ് ഗ്രാസ് സഹായിക്കും. ഇതിലടങ്ങിയ കാറ്റലേസുകളും ആന്റി ഓക്സിഡന്റുകളും പ്രായമാകലിനെ സാവധാനത്തിലാക്കും.
- കാറ്റലേസ് ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, ബ്രോക്കോളി തുടങ്ങിയവ കഴിക്കുക.
- പഞ്ചസാര, പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിച്ച മാവ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക.
- മുടി വൃത്തിയായി സൂക്ഷിക്കുക.