തൃശ്ശൂർ: ജില്ലയിലെ വിവിധ സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നടത്തിയ പഠനത്തിൽ എല്ലാതരം അതിക്രമങ്ങൾക്കും ഇരയാകുന്നത് അധികവും ആൺകുട്ടികളാണെന്ന് കണ്ടെത്തി. പെൺകുട്ടികളെ അപേക്ഷിച്ച് ലൈംഗികാതിക്രമങ്ങൾക്ക് അഞ്ചിരട്ടിയോളം അധികം ആൺകുട്ടികളാണ് ഇരയാകുന്നതെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് തൃശ്ശൂർ ജില്ലയെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. മാനസികവും ശാരീരികവും ലൈംഗികവുമായ എല്ലാ തരം അതിക്രമങ്ങൾക്കും കൂടുതലും ഇരയാകുന്നത് ആൺകുട്ടികളാണെന്ന് പഠനത്തിൽ വ്യക്തമായി. 6.2 ശതമാനം പെൺകുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുമ്പോൾ 29.5 ശതമാനം ആൺകുട്ടികളാണ് ഇരയാകുന്നതായി കണ്ടെത്തിയത്.

6682 സ്കൂൾ വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. ഇതിൽ 4242 പേർ ആൺകുട്ടികളും 2440 പേർ പെൺകുട്ടികളും ആയിരുന്നു. കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്താത്ത വിധമായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്. ഇതിൽ 19 ചോദ്യങ്ങൾ ശാരീരിക അതിക്രമങ്ങളെ കുറിച്ചും 12 എണ്ണം മാനസിക അതിക്രമങ്ങളെ കുറിച്ചും 10 എണ്ണം ലൈംഗികാതിക്രമങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. ഒരു ക്ലാസ് മുറിയിൽ കുട്ടികളെ ഒരുമിച്ചിരുത്തിയ ശേഷം പരിശീലനം ലഭിച്ച അദ്ധ്യാപികയാണ് ചോദ്യാവലി വിതരണം ചെയ്ത് വിവരശേഖരണം നടത്തിയത്.

സർവ്വേയിൽ പങ്കെടുത്ത ആൺകുട്ടികളിൽ 83.4 ശതമാനം പേരും ശാരീരിക പീഡനത്തിന് വിധേയരാകുന്നതായി കണ്ടെത്തി. പെൺകുട്ടികളിൽ 61.7 പേരാണ് ശാരീരിക പീഡനം അനുഭവിച്ചത്. മാനസിക അതിക്രമം പെൺകുട്ടികളിൽ 75.7 ഉം ആൺകുട്ടികളിൽ 89.5 ഉമാണ്. ഈ അതിക്രമങ്ങളിൽ പലതും ഒരു വർഷത്തിനിടെ നിരന്തരം ആവർത്തിക്കപ്പെട്ടുവെന്നതാണ് മറ്റൊരു കണ്ടെത്തൽ.

സർവ്വേയിൽ പങ്കെടുത്ത 20 ശതമാനം വിദ്യാർത്ഥികൾ മൂന്ന് തരം അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. 52.8 ശതമാനം പേർ രണ്ട് തരം അതിക്രമങ്ങൾക്കും 15.3 ശതമാനം പേരാണ് ഏതെങ്കിലും ഒരു വിഭാഗം അതിക്രമത്തിനും ഇരയാകുന്നത്.

ബ്രിട്ടനിലെ സ്റ്റാഫോഡിലെ സെന്റ് ജോർജ്ജ് ആശുപത്രിയിലെ ഡോ.മനോജ് കുമാർ തേറയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.സെബിന്ദ് കുമാർ, ബ്രിട്ടനിലെ വോൾവെർഹാം സർവ്വകലാശാലയിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.സുരേന്ദ്ര് പി.സിംഗ് എന്നിവർ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പഠനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ