ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സ്ഥാനമേറ്റത് തിങ്കളാഴ്ചയാണ്. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്നും രാഷ്ട്രപതി പദവിയിലേക്ക് എത്തിയ തന്റെ ജീവിതയാത്ര അനുസ്മരിച്ചുകൊണ്ടാണ് മുർമു രാജ്യത്തെ അഭിസംബോധന ചെയ്തത്. വളരെ ലാളിത്യം തുളുമ്പുന്നതായിരുന്നു ദ്രൗപതി മുർമുവിന്റെ വേഷവിധാനങ്ങളും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദ്രൗപതി മുര്‍മു അണിഞ്ഞ ലളിതവും മനോഹരവുമായ സാരിയും ശ്രദ്ധ നേടിയിരുന്നു.
ആ സാരിയ്ക്കും ഒരു കഥ പറയാനുണ്ട്. സന്താള്‍ വിഭാഗത്തിൽ നിന്നുള്ള ആളുകൾ പ്രധാന ആഘോഷങ്ങളിലും, മതപരമായ ചടങ്ങുകളിലും ധരിക്കുന്ന സാരിയാണ് ഇത്. സന്താള്‍ വിഭാഗം അവരുടെ പ്രധാന ഉത്സവമായ ‘ബഹ’ യിലാണ് പ്രധാനമായും ഈ സാരി ധരിക്കുന്നത്. രാഷ്ട്രപതിയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ധരിക്കുന്നതിനായി വെളള നിറത്തില്‍ ചുവപ്പും പച്ചയും വരകളുളള ഈ സാരി സമ്മാനിച്ചത് സഹോദരന്റെ ഭാര്യ സുക്ക്‌റി ടുഡു ആണ്.
കൈത്തറി വസ്ത്രമാണ് സന്താലി സാരി. ജാര്‍ഘണ്ഡില്‍ കൂടുതല്‍ പ്രചാരത്തിലുളള വസ്ത്രം ആസാം, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലും പ്രശസ്തമാണ്. വെളള നിറത്തിലായി കൂടുതലും കണ്ടുവരുന്ന ഇവയുടെ അരികത്ത് നേര്‍ത്ത വരകള്‍ ഉണ്ടാകും. എന്നാല്‍ കാലം മാറുന്നതനുസരിച്ച് സന്താലി വസ്ത്രങ്ങളുടെ ഡിസൈനിലും വ്യത്യാസം വന്നിട്ടുണ്ട്. പൂക്കള്‍, മയില്‍, താറാവ് എന്നിവയുടെ ചിത്രങ്ങള്‍ സന്താലിയില്‍ ഇടം പിടിച്ചു. സാരി, മുണ്ട് രൂപങ്ങളിലാണ് സന്താലി വസ്ത്രങ്ങള്‍ ലഭ്യമാകുന്നത്.
ഇവയുടെ മറ്റൊരു പ്രത്യേകത ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ്.സ്ത്രീകള്‍ സാരിയായി അണിയുമ്പോള്‍, പുരുഷന്‍മാര്‍ ദോത്തിയായും ഇവ ധരിക്കാറുണ്ട്. വിശിഷ്ട ദിവസങ്ങളില്‍ ഉടുക്കുന്ന ഇവയ്ക്ക് 1000 മുതല്‍ 5000 രൂപ വരെയാണ് വില.