കൂടിയ ശരീരഭാരവും ചാടിയ വയറുമാണ് പ്രസവശേഷം സ്ത്രീകൾ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. ഹോർമോൺ വ്യത്യാസങ്ങളും പ്രസവാനന്തര ശുശ്രൂഷകളുമെല്ലാം ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നു. ശിശുവിനെ ഉൾക്കൊളളാനായി അടിവയറിലെ പേശികൾ അയഞ്ഞു പോകുന്നതിനാൽ ഗർഭാനന്തരം വയർ ചാടുന്നതും സ്വാഭാവികം. പ്രസവാനന്തരം പഴയ ശരീരപ്രകൃതത്തിലേക്ക് തിരികെ പോവുക എന്നത് മിക്ക സ്ത്രീകളെയും സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ചിട്ടയായ വ്യായാമമുറകൾ ശീലിച്ചാൽ അതത്ര പ്രയാസമുള്ള കാര്യമല്ലെന്ന് പറയുകയാണ് ടെന്നീസ് താരം സാനിയ മിർസ.
കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ അമ്മയാകുന്നത്. വർധിച്ച ശരീരഭാരത്തിന്റെ പേരിൽ ഏറെ ട്രോളുകളും സാനിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ട്രോളന്മാരുടെയും വായ അടപ്പിച്ചുകൊണ്ട് പഴയ ഫിറ്റ്നസ്സ് വീണ്ടെടുത്തിരിക്കുകയാണ് സാനിയ.
32 വയസ്സുകാരിയായ സാനിയ കൃത്യമായ വ്യായാമമുറകളിലൂടെയാണ് തന്റെ പഴയ ഫിറ്റ്നെസ്സിലേക്ക് എത്തിയിരിക്കുന്നത്. ഗർഭകാലത്ത് 23 കിലോയോളമാണ് സാനിയയുടെ ശരീരഭാരം കൂടിയത്. എന്നാൽ പ്രസവശേഷം ചിട്ടയായ വ്യായാമത്തിലൂടെ നാലു മാസങ്ങൾ കൊണ്ട് 26 കിലോയോളം കുറയ്ക്കാനും സാനിയയ്ക്ക് സാധിച്ചു.
ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച വ്യായാമമുറകൾ അമ്മമാർക്കായി പരിചയപ്പെടുത്തുകയാണ് സാനിയ സമൂഹമാധ്യമങ്ങളിലൂടെ. #Mummahustles എന്ന ഹാഷ്‌ടാഗിനൊപ്പം വൈവിധ്യമാർന്ന വ്യായാമമുറകളാണ് സാനിയ പരിചയപ്പെടുത്തുന്നത്.
Went to the gym after weeks/months yesterday first times since I had my baby.. I was excited like a kid in a candy shop it’s going to be one lonnggg and fun road back mentally and physically !!gotta start somewhere so why not on my birthday #Day1 pic.twitter.com/Hb54wLoieD
— Sania Mirza (@MirzaSania) 16 November 2018
“പ്രസവത്തിനു ശേഷം പഴയ ശരീരപ്രകൃതിയിലേക്ക് തിരിച്ചുവരാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നു പറഞ്ഞു കൊണ്ട് ധാരാളം സ്ത്രീകളുടെ മെസേജുകൾ എനിക്ക് വരുന്നുണ്ട്. സ്വയം പരിചരിക്കാനോ പ്രചോദനം കണ്ടെത്താനോ അവർക്ക് സാധിക്കുന്നില്ല. പ്രിയപ്പെട്ട സ്ത്രീകളേ, എനിക്കു കഴിയുമെങ്കിൽ നിങ്ങളിലാർക്കും ഇതു ചെയ്യാനാവും. ഒന്നോ രണ്ടോ മണിക്കൂർ നിങ്ങൾ നിങ്ങൾക്കായി മാറ്റിവയ്ക്കുന്നത് ശാരീരികമായും മാനസികമായും അത്ഭുതങ്ങൾ കൊണ്ടുവരും,” സാനിയ കുറിക്കുന്നു.
Read more: ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് കോഹ്ലിയും അനുഷ്കയും: ചിത്രങ്ങള്‍ കാണാം