മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രീത പ്രദീപ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പ്രീത. കഴിഞ്ഞദിവസം പ്രീത ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരളസാരിയിലുള്ള ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രീത പങ്കുവച്ചത്. ചിത്രത്തിൽ കാഴ്ചക്കാരുടെ കണ്ണ് ആദ്യം പതിയുക, കഴുത്തിലെ മനോഹരമായ ‘മൈലാഞ്ചി’ മാലയിലാണ്. മൈലാഞ്ചി കൊണ്ട് വരച്ച ഈ മാലയുടെ ഭംഗിയ്ക്ക് മുന്നിൽ സ്റ്റേറ്റ്മെന്റ് നെക്ലേസുകൾ വരെ മാറി നിൽക്കും. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
ഇതിപ്പോ കിടിലൻ ലുക്കും കാശ് ലാഭവും, ഈ ഐഡിയ കൊള്ളാലോ എന്നാണ് ആരാധകരുടെ കമന്റ്.
പ്രൊഫഷണൽ മെഹന്ദി ആർട്ടിസ്റ്റായയ റംസിയയാണ് ഈ ഡിസൈൻ ഒരുക്കിയത്.
അഭിനേത്രി എന്നതിനൊപ്പം തന്നെ ടെലിവിഷൻ അവതാരിക, നർത്തകി എന്നീ മേഖലകളിലും കഴിവു തെളിയിച്ച കലാകാരിയാണ് പ്രീത. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം സീരിയലിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു പ്രീതയുടെ അരങ്ങേറ്റം. ഫ്ലവേഴ്സ് ചാനലിലെ മൂന്നുമണി എന്ന സീരിയലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രീതയെ ശ്രദ്ധേയയാക്കിയത്. തുടർന്ന് മഴവിൽ മനോരമ ചാനലിൽ അമ്മുവിന്റെ അമ്മ എന്ന സീരിയലിലും അഭിനയിച്ചു.
2015ൽ ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിലൂടെ പ്രീത സിനിമയിലും അരങ്ങേറ്റം കുറിച്ചു. അലമാര, ഉയരെ എന്നിവ ഉൾപ്പെടെ ആറിലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രീതയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം പാപ്പൻ ആണ്.