scorecardresearch

പോൺ വീഡിയോ നിങ്ങളോട് ചെയ്യുന്നത്

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അശ്ലീലവീഡിയോകൾ കാണുന്ന ഭർത്താവ്’- ദാമ്പത്യജീവിതത്തിൽ വരെ വിള്ളലുണ്ടാക്കുന്ന പോൺ അഡിക്ഷനെ കുറിച്ച് വിദഗ്ധർ

പോൺ വീഡിയോ നിങ്ങളോട് ചെയ്യുന്നത്

“എന്റെ ഭർത്താവ് എന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അശ്ലീലവീഡിയോകൾ കാണുന്നു,” തനിക്ക് അരികെയെത്തിയ വിവാഹിതയായ ഒരു സ്ത്രീ ഉന്നയിച്ച ആശങ്കയെ കുറിച്ച് ലൈംഗികാരോഗ്യ അദ്ധ്യാപികയായ സീമ ആനന്ദ് പറയുന്നതിങ്ങനെ.

“ഇത്രനാളും ഞാൻ കരുതിയത് അദ്ദേഹം ഫോൺ ഉപയോഗിക്കുന്നത് സമയം നോക്കാനാണെന്നാണ്, എന്നാൽ അടുത്തിടെയാണ് ഫോണിൽ അദ്ദേഹം പോൺ വീഡിയോകളാണ് കാണുന്നതെന്ന് ഞാൻ കണ്ടെത്തിയത്. കൈകളിൽ ഫോൺ ഇല്ലാതെ അദ്ദേഹം ഞാനുമായി ലൈംഗികമായി ബന്ധപ്പെടില്ല എന്ന അവസ്ഥ എന്നെ വളരെ തളർത്തുന്നു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല, അദ്ദേഹത്തോട് ഇതിനെ കുറിച്ച് ഒന്നും പറയാനുള്ള ധൈര്യവും എനിക്കില്ല,” സീമ ആനന്ദിനു മുന്നിലെത്തിയ ഈ സ്ത്രീയുടെ വാക്കുകൾ സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന പോൺ അഡിക്ഷൻ എന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.

പോൺ വീഡിയോകളോടുള്ള ആസക്തി കിടപ്പറയിലേക്ക് വരെയെത്തുന്നത് ഗുരുതരമായ ആശയുണ്ടാക്കുന്ന വിഷയമാണെന്ന് സീമ പറയുന്നു. “നമ്മൾ പൊതുവെ ലൈംഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മടിക്കും. കാരണം വിഷയം മോശമാണ് അല്ലെങ്കിൽ ‘നമ്മുടെ സംസ്കാരത്തിന് എതിരാണ്’. അതിനെക്കുറിച്ച് സംസാരിക്കുന്നത് പോലും ലജ്ജാകരമാണ് എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാൽ തുറന്ന ചർച്ചകൾ ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട്.”

“പോൺ വീഡിയോകൾ അമിതമായി കാണുന്ന ചെറുപ്പക്കാർക്ക് യഥാർത്ഥ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം,” എന്നാണ് അമേരിക്കൻ ന്യൂറോ സയന്റിസ്റ്റും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ന്യൂറോബയോളജി, സൈക്യാട്രി, ബിഹേവിയറൽ സയൻസസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആൻഡ്രൂ ഡി ഹ്യൂബർമാൻ പറയുന്നത്. മറ്റുള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട് ഉത്തേജിതനാവുന്ന ഈ ശീലം യഥാർത്ഥ ജീവിതത്തിലേക്കും കിടപ്പുമുറിയിലേക്കും വരുമ്പോൾ പ്രശ്നമാവാനുള്ള സാധ്യതയേറെയാണെന്നും ഡോ. ആൻഡ്രൂ ഡി ഹ്യൂബർമാൻ പറയുന്നു.

പോൺ വീഡിയോകൾ കാണുന്നത് നല്ലതാണോ ചീത്തയാണോ എന്നതല്ല ഇവിടെ ചർച്ച ചെയ്യുന്നതെന്നും പോൺ വീഡിയോ കാഴ്ച ആസക്തിയാവുന്ന അവസ്ഥയിലേക്ക് വരാതെ നിയന്ത്രിക്കേണ്ടതിനെ കുറിച്ചാണെന്നും ഡോ. ഹ്യൂബർമാൻ വ്യക്തമാക്കുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച 2019-ലെ പഠനമനുസരിച്ച്, ഏകദേശം മൂന്ന് മുതൽ ആറ് ശതമാനം ആളുകൾക്ക് പോൺ ആസക്തിയുണ്ട്.

പുസ്‌തകങ്ങൾ, സിനിമകൾ, വീഡിയോകൾ എന്നിവയിലൂടെയുള്ള ലൈംഗിക ഉത്തേജനത്തിനുള്ള ഉള്ളടക്കം നൽകുന്നതിനെയാണ് പോണോഗ്രാഫി എന്നു പറയുന്നത്. ഇൻറർനെറ്റ് വ്യാപകമായതോടെ ഇത്തരം വീഡിയോകൾ സുലഭമായി ലഭിക്കുന്ന അവസ്ഥയാണ്. എന്നാൽ ഈ സാഹചര്യം ആളുകളിൽ പോൺ വീഡിയോ അഡിക്ഷൻ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് എഴുത്തുകാരിയും മാനസികാരോഗ്യ അഭിഭാഷകയുമായ വൈഷ്ണവി റോയ് പറയുന്നു.

“അശ്ലീലവീഡിയോ കാണുന്നത് ഒരു ലഹരിയായി മാറുമ്പോൾ ആളുകൾ ലൈംഗിക ഉത്തേജനത്തിലും ഫാന്റസിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അമിതമായി സമയം ചെലവഴിക്കുന്നു. ഇത് ദൈനംദിന ജോലികളിലെ താൽപ്പര്യം കുറയാനും ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കുറയാനും കാരണമാവുന്നു. ഏകാന്തത, വിഷാദം പോലുള്ള നെഗറ്റീവ് വികാരങ്ങളെ നേരിടാനുള്ള ഒരു മാർഗമായാണ് ചിലർ പോൺ വീഡിയോകൾ കണ്ടുതുടങ്ങുന്നത്. കാലക്രമേണ, ഇത് ആസക്തിയായി മാറും. പോൺ അഡിക്ഷനുള്ള ആളുകൾ അവരുടെ ആരോഗ്യത്തെ അവഗണിക്കാൻ തുടങ്ങുന്നതോടെ ക്ഷീണം, ഉറക്കമില്ലായ്മ, തലവേദന, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയും തലപ്പൊക്കും, ”വൈഷ്ണവി റോയ് പറയുന്നു.

അശ്ലീല വീഡിയോകൾ അമിതമായി കാണുന്നത് നിങ്ങളുടെ തലച്ചോറിനെയും ലൈംഗികതയെക്കുറിച്ചുള്ള സങ്കൽപ്പത്തിനെയും സ്വാധീനിക്കും. പങ്കാളിയെക്കുറിച്ച് ഒരാൾ ചിന്തിക്കുന്ന രീതിയിലും ഇതിന്റെ സ്വാധീനം പ്രകടമാവുമെന്നാണ് വോക്ഹാർഡ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ.സോണാൽ ആനന്ദ് പറയുന്നത്.

ലൈംഗിക ആസ്വാദനത്തിനോ പൂർത്തീകരണത്തിനോ വേണ്ടി പ്രണയ പങ്കാളിയെ ആശ്രയിക്കുന്നതിനുപകരം പോൺ വീഡിയോകൾ തിരയാനുള്ള പ്രവണത ഇത്തരക്കാരിൽ ശക്തമാവും. അയഥാർത്ഥമായ ഈ വീഡിയോകൾ ലൈംഗിക വൈകൃതങ്ങളിലേക്ക് നയിക്കാനും കാരണമാവാറുണ്ട്. “ഇത്തരം അഡിക്ഷൻ പങ്കാളികളുമായുള്ള ലൈംഗികതയെ യാന്ത്രികമാക്കി മാറ്റും,” കൗൺസിലിംഗ് സൈക്കോളജിസ്റ്റായ വിധി അഗർവാൾ പറയുന്നു.

“പോൺ വീഡിയോകൾ കാണുന്നത് ഡോപാമൈനിന്റെ വർദ്ധനവിന് കാരണമാകുന്നു, എന്നാൽ കാലക്രമേണ ഡോപാമൈൻ ഉത്പാദിപ്പിക്കപ്പെടണമെങ്കിൽ നിങ്ങൾ കൂടുതൽ അളവിൽ കാണേണ്ടതായി വരും,” കൊൽക്കത്തയിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ദൃഷാ ഡേ പറയുന്നതിങ്ങനെ.

“അശ്ലീല വീഡിയോകളുടെ ഈ ആസക്തി കാലക്രമേണ ഉത്കണ്ഠ, വിഷാദം, താഴ്ന്ന ആത്മാഭിമാനം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ആരെങ്കിലും പോണോഗ്രാഫിക്ക് അടിമപ്പെടുമ്പോൾ, അവരുടെ തലച്ചോറിലെ രസതന്ത്രം മാറുന്നു. ഇത് ഡോപാമൈനിന്റെയും മറ്റ് ഹോർമോണുകളുടെയും വർദ്ധനവിന് കാരണമാകുന്നു, ഇത് തുടക്കത്തിൽ ഉപയോക്താവിന് നല്ല അനുഭവം നൽകുന്നു. അശ്ലീലം നൽകുന്ന ആ ആനന്ദാനുഭൂതിക്ക് അവർ അടിമയാകുകയും അതിനായി കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ ഈ ശീലം തുടരുമ്പോൾ, അതവരുടെ മാനസികാരോഗ്യത്തെയാണ് തകരാറിലാക്കുന്നത്. അവർക്ക് ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടാം, കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള അവരുടെ ബന്ധം വഷളായേക്കാം. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുപകരം അശ്ലീലചിത്രങ്ങൾ കാണാൻ സമയം ചെലവഴിക്കാൻ അവർ ഇഷ്ടപ്പെടുന്നതിനാൽ അവർ കൂടുതൽ ഒറ്റപ്പെട്ടേക്കാം,” വൈഷ്ണവി റോയ് കൂട്ടിച്ചേർത്തു.

sex, health, ie malayalam

“പോൺ വീഡിയോകളുടെ പ്രധാന പ്രശ്നം അത് നിങ്ങളിൽ യാഥാർത്ഥ്യബോധമില്ലാത്ത കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നു എന്നതാണ്,” വിധി അഗർവാൾ പറയുന്നു. “ഇത്തരം വീഡിയോകളുടെ പ്രശ്നം അത് സാധാരണയായി അക്രമാസക്തവും യാഥാർത്ഥ്യബോധമില്ലാത്തതും ഏകമാനവുമായ രീതിയിലാണ് ലൈംഗികതയെ ആവിഷ്കരിക്കുന്നത്. ഇത്തരം വീഡിയോകളിൽ പലപ്പോഴും പങ്കാളികൾ തമ്മിലുള്ള പരസ്പര സമ്മതമോ ബഹുമാനമോ ഒന്നും കാണാൻ സാധിക്കണമെന്നില്ല. മനുഷ്യത്വരഹിതമായ രീതിയിലും ഇത്തരം വീഡിയോകളിൽ ലൈംഗികത ചിത്രീകരിക്കപ്പെടാറുണ്ട്.”

സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ തങ്ങളുടെ ശരീരത്തെ കുറിച്ച് അരക്ഷിതാവസ്ഥയും ആത്മവിശ്വാസക്കുറവും തോന്നാൻ ഇത്തരം വീഡിയോകൾ കാരണമാവും. തന്റെ ശരീരം അപര്യാപ്തമാണെന്നും അല്ലെങ്കിൽ ലൈംഗികതയെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടതുണ്ടെന്നും അതിൽ ചില പ്രത്യേക പെരുമാറ്റങ്ങൾ ഉൾപ്പെട്ടിരിക്കണമെന്നുമൊക്കെ അവർ വിശ്വസിക്കാൻ തുടങ്ങിയേക്കാം. “ഈ വികലമായ വീക്ഷണം സ്ത്രീകളിൽ ലൈംഗിക ബന്ധത്തിൽ ആത്മവിശ്വാസക്കുറവിനു ഇടയാക്കും,” വൈഷ്ണവി റോയ് പറയുന്നു.

ദ്യപാന ആസക്തി, മയക്കുമരുന്ന് ആസക്തി എന്നിവ പോലെ പോൺ വീഡിയോ അഡിക്ഷനെ ഔദ്യോഗികമായി അമേരിക്കൻ സൈക്യാട്രിക് അസോസിയേഷനോ ഡയഗ്നോസ്റ്റിക് മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്‌സോ അംഗീകരിച്ചിട്ടില്ല. എന്നാൽ കൗൺസിലിംഗ് പോലുള്ള കാര്യങ്ങൾ ഒരുപരിധി വരെ പോൺ അഡിക്ഷനെ മറികടക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യ ശരീരഘടന, ലൈംഗിക വിദ്യാഭ്യാസം എന്നിവയെ കുറിച്ചുള്ള സംഭാഷണങ്ങൾ സാധാരണവൽക്കരിക്കുന്നതും ഇതിനെ മറികടക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Porn addiction causes symptoms treatment

Best of Express