സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. സമ്മർദ്ദവും ഹോർമോൺ അസന്തുലിതാവസ്ഥയും മുതൽ ക്രമരഹിതമായ ഭക്ഷണക്രമവും മോശം ജീവിതശൈലി ശീലങ്ങളും തുടങ്ങി പല കാരണങ്ങളാൽ മുഖക്കുരു ഉണ്ടാകാം.
മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങളും സപ്ലിമെന്റുകളുമുണ്ട്. കോവിഡ് സമയത്ത് ഡയറ്ററി സപ്ലിമെന്റുകളുടെ അമിത ഉപഭോഗവും മുഖക്കുരുവിന് കാരണമാകുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ഗുർവീൻ വറൈച്ച് പറഞ്ഞു.
ബയോട്ടിൻ
മുടികൊഴിച്ചിൽ തടയാനും മുടി ബലമുള്ളതാക്കാനും ഉപയോഗിക്കുന്ന ബയോട്ടിൻ ഏറ്റവും ജനപ്രിയമായ സപ്ലിമെന്റുകളിൽ ഒന്നാണ്. ഭക്ഷണത്തിലൂടെ ബയോട്ടിൻ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ചിലർ ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കാറുണ്ട്. ഇത് മുടിയെ സഹായിക്കുമെങ്കിലും, അമിത ഉപഭോഗം ശരീരം വിറ്റാമിൻ ബി 5 ആഗിരണം ചെയ്യുന്നതിനെ ബാധിക്കുമെന്ന് അവർ പറഞ്ഞു. ബി5 ചർമ്മത്തിലെ തടസ്സം നിയന്ത്രിക്കാനും എണ്ണ ഉൽപാദനം കുറയ്ക്കാനും സഹായിക്കുന്നതിനാൽ ബി 5 ന്റെ കുറവ് മുഖക്കുരു വർധിക്കുന്നതിന് കാരണമാകും.
വൈറ്റമിൻ ബി 12
വിറ്റാമിൻ ബി 12 കഴിക്കുന്നത് ചിലരിൽ മുഖക്കുരുവിന് കാരണമാകുന്നുണ്ട്. കുത്തിവയ്‌ക്കാവുന്ന വിറ്റാമിൻ ബി 12 പോലുള്ള ഉയർന്ന ഡോസുകൾ മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.
വേയ് പ്രോട്ടീൻ (Whey protein)
മുഖക്കുരുവിന് കാരണമാകുന്ന മറ്റൊന്നാണ് വേയ് പ്രോട്ടീൻ. പാലിൽനിന്നും ഉണ്ടാക്കുന്ന വേയ് പ്രോട്ടീനിൽ ബോവിൻ ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം (IGF1) അടങ്ങിയിട്ടുണ്ട്, ഇത് സെബം, ആൻഡ്രോജൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.
മുഖക്കുരു സാധ്യതയുള്ള ചർമ്മക്കാരിലാണ് ഈ സപ്ലിമെന്റുകൾ കഴിക്കുന്നതുമൂലം മുഖക്കുരു വർധിക്കുന്നതെന്നും അവർ പറഞ്ഞു.
Read More: മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ