സാരിയോട് സ്ത്രീകൾക്ക് ഒരു പ്രത്യേക അടുപ്പം തന്നെയുണ്ട്. അതുകൊണ്ടാവാം ആഘോഷനാളുകളിലും വിവാഹവേദികളിലുമെല്ലാം സാരി താരമാവുന്നത്. വാർഡ്രോബിലെ സാരികൾ എടുത്തു പരിശോധിച്ചാൽ ഓരോ സാരിയ്ക്കും പറയാൻ ഒരുപാട് കഥകൾ കാണും, പ്രിയപ്പെട്ടവർ സമ്മാനമായി തന്നതോ ആശിച്ചുനോറ്റു സ്വന്തമാക്കിയതോ പ്രിയപ്പെട്ട ഓർമയുമായി ബന്ധപ്പെട്ടതോ ഒക്കെയാവാം ഓരോ സാരിയും.
ഏറ്റവും സന്തോഷത്തോടെ തന്റെ സ്വകാര്യശേഖരത്തിലെ ഒരു സാരി പരിചയപ്പെടുത്തുകയാണ് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. തന്റെ മകൾ അവളുടെ സമ്പാദ്യത്തിൽ നിന്നും ആദ്യമായി വാങ്ങിതന്ന സാരിയാണ് ഇതെന്നാണ് പൂർണിമ പറയുന്നത്. “ശുദ്ധമായ സ്നേഹത്തിന്റെയും നന്ദിയുടെയും ആറു യാർഡിൽ പൊതിഞ്ഞപ്പോൾ. ആദ്യവരുമാനത്തിൽ നിന്നും എന്റെ മകൾ എനിക്ക് സമ്മാനിച്ച സാരി. ഈ സാരി, കൈപ്പടയിൽ എഴുതിയ ആ കത്ത്, ആ മനോഹരമായ നിമിഷം. എല്ലാം നിധിയാണ്,” ചിത്രം പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചു.
താനൊരു സാരിപ്രേമിയാണെന്ന് മുൻപും പല തവണ പൂർണിമ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം ഡിസൈനുകൾക്ക് ഒപ്പം തന്നെ പഴയകാലത്തു നിന്നുള്ള പ്രിയപ്പെട്ട സാരികളും സൂക്ഷിച്ചുവെയ്ക്കുന്ന ആളാണ് താനെന്നാണ് പൂർണിമ പറയുന്നത്.
നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.
Read more: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.
Read more: ഇതെന്റെ സ്നേഹക്കൂട്; കുടുംബ ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്