ക്രീം കളറും സ്വർണ്ണക്കസവും ചേർന്ന് അഴകേകുന്ന പരമ്പരാഗത കേരള സാരിയോടുള്ള മലയാളികളുടെ പ്രണയം ഒരിക്കലും അവസാനിക്കാത്തൊരു ഗൃഹാതുരതയാണ്. ലോകത്തിന്റെ ഏതു കോണിലായാലും ജാതിമതഭേദമില്ലാതെ വിശേഷാവസരങ്ങളിൽ കേരള സാരി അണിയാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കേരള സാരിയിൽ വേറിട്ട ഡിസൈനുകൾ അവതരിപ്പിക്കുകയാണ് നടിയും അവതാരകയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്.
പൂർണിമ ഡിസൈൻ ചെയ്ത ‘ട്രാവൻകൂർ സിസ്റ്റേഴ്സ് കളക്ഷൻ’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഹാൻഡ് ലൂം സാരികൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുമ്പോൾ അതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് പൂർണിമ.
“ലളിത-പദ്മിനി-രാഗിണിമാർ അവരുടെ അതിരുകൾക്ക് അപ്പുറത്തേക്ക് ധൈര്യപൂർവ്വം സഞ്ചരിച്ച് ഒരു തലമുറയെ പ്രചോദിപ്പിച്ച, ഐക്കണുകളായി മാറിയ സ്ത്രീകളാണ്. നിർഭയത്തോടെ കാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ച് ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ആധുനിക സ്ത്രീകൾക്കുമുള്ള ഒരു ആദരം എന്ന രീതിയിൽ കാവ്യാത്മകമായി നൽകിയ പേരാണ് ‘ട്രാവൻകൂർ സിസ്റ്റേഴ്സ്’ എന്നത്,” പൂർണിമ പറയുന്നു.
കഴിഞ്ഞ ഓണത്തിന് അനുബന്ധിച്ച് ലോഞ്ച് ചെയ്യാനിരുന്ന സീരിസ് ആയിരുന്ന് ഇതെന്നും പ്രളയത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളാൽ മാറ്റി വയ്ക്കുകയായിരുന്നുവെന്നും പൂർണിമ കൂട്ടിച്ചേര്‍ത്തു.
“വ്യക്തിപരമായി ആ പേരിനോട് എനിക്കുള്ള മറ്റൊരു അടുപ്പം, ആ പേര് ഒരർത്ഥത്തിൽ ഇന്ദ്രന്റെ അമ്മയ്ക്കു കൂടിയുള്ള സമർപ്പണമാകുന്നു എന്നതാണ്. അമ്മയും സഹോദരിമാരും (ലതിക, മല്ലിക, ചന്ദ്രികമാർ) എന്ന അർത്ഥത്തിലും ‘ട്രാവൻകൂർ സിസ്റ്റേഴ്സ്’ എന്ന പേര് അന്വർത്ഥമാകുന്നുണ്ട്. എന്നെ സംബന്ധിച്ച് അമ്മയും കാലത്തിനപ്പുറത്തേക്ക് ധൈര്യപൂർവ്വം സഞ്ചരിച്ച സ്ത്രീയാണ്. അവർക്കെല്ലാം ഉള്ള ഒരു ആദരം എന്ന രീതിയിലാണ് ഈ പേര് സ്വീകരിച്ചത്.”

നെയ്ത്തുകാരെ പരമ്പരാഗതമായ സ്ഥിരം പാറ്റേണുകളിൽ നിന്നും മാറ്റി കൊണ്ടു വന്ന് പുതുതായി എന്തെങ്കിലും ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പാറ്റേൺ ഡിസൈൻ ചെയ്യിപ്പിച്ചെടുത്തതെന്നും പൂർണിമ വ്യക്തമാക്കി.
“പുതിയ എന്തു ഡിസൈൻ കൊണ്ടു വന്നാലും അത് ശ്രദ്ധ നേടുന്നതോടെ ആ ഡിസൈൻ, പവർ ലൂമിലേക്ക് വരികയും പിന്നീട് മാസ്സ് പ്രൊഡക്ഷൻ എന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നതോടെ ആ ഡിസൈനിന്റെ ‘യുണീക്’ സ്വഭാവം ഇല്ലാതാവും. റെഗുലർ പാറ്റേണിൽ നിന്നും മാറി എന്തു ചെയ്യാൻ പറ്റും എന്ന ചിന്ത വന്നത് അങ്ങനെയാണ്. ഇതിനു മുൻപ് ചെയ്ത ‘ആനചന്തം’, ‘ചമയം’ തുടങ്ങിയ ഡിസൈനുകളിലെല്ലാം സർഫസ് എമ്പലിഷ്മെന്റ് ആയിരുന്നു കൊണ്ടു വന്നത്. അതിൽ നിന്നും മാറി കുറച്ചു കൂടി ഇന്നവേറ്റീവ് ആയ ഡിസൈൻ എന്ന രീതിയിലാണ് ‘ട്രാവൻകൂർ സിസ്റ്റേഴ്സ് കളക്ഷൻ’ ഡിസൈൻ ചെയ്തത്.”
ഈ കളക്ഷനിൽ സാരിയിൽ മാത്രമല്ല ബ്ലൗസിലും ഡിസൈൻ വരുന്നുണ്ട്. മിക്സ് ആൻഡ് മാച്ച് ഡിസൈനുകൾ ഇഷ്ടപ്പെടുന്ന ഇന്നത്തെ ജനറേഷനെ കൂടി മുന്നിൽ കണ്ടാണ് ഈ ഡിസൈ ൻ ഒരുക്കിയിരിക്കുന്നത്. കൺടെംപ്രററി പാന്റേണിലുള്ള ‘ട്രയാങ്കിൾ മോട്ടിഫ്’ ആണ് സാരികളിൽ നൽകിയിരിക്കുന്നത്. നമ്മുടെ പരമ്പരാഗത സങ്കൽപ്പമായ ഓണത്തപ്പൻ എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഈ ത്രികോണാകൃതിയിലുള്ള ജ്യാമിതീയ പാറ്റേൺ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയിൽ ഈ ഡിസൈന് ഇക്കത്ത് പാറ്റേണുമായും സാമ്യം തോന്നും.

ഇക്കത്ത് ഡിസൈനെ അനുസ്മരിപ്പിക്കുന്ന ഇത്തരം സാരികൾ നെയ്തെടുക്കാൻ എട്ട് മുതൽ ഒമ്പത് ദിവസം വരെ സമയം എടുക്കും. പകുതി നെയ്തിട്ട് ബാക്കി പകുതി കൈ കൊണ്ട് ഡിസൈൻ ചെയ്തെടുക്കുകയാണ്. അതു കൊണ്ടു തന്നെ ഹാൻഡ് ക്രാഫ്റ്റിന്റെ യൂണിക്നെസ്സും ഈ സാരികൾക്കുണ്ട്.
“ആദ്യം ഈ ഡിസൈൻ നൽകിയപ്പോൾ നെയ്ത്തുകാർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു എങ്ങനെ നെയ്തെടുക്കുമെന്ന്. വളരെ ബുദ്ധിമുട്ടും അധ്വാനവും വേണ്ട ഡിസൈനാണിത്. അതു കൊണ്ട് തന്നെ ലിമിറ്റഡ് എഡിഷൻ പ്രീമിയം സാരികളാണ് ഇവ. ഓരോ സാരിയ്ക്ക് പിറകിലും ചുരുങ്ങിയത് ഒമ്പത് മണിക്കൂറിന്റെയെങ്കിലും അധ്വാനമുണ്ട്. ഓർഡറിനു അനുസരിച്ച് ചെയ്തു കൊടുക്കുന്നതാണ് എളുപ്പം. കാരണം ഇതിൽ, ഈ ഇക്കത്ത് പാറ്റേണുകൾ കസ്റ്റമറുടെ താൽപ്പര്യത്തിന് അനുസരിച്ച് വീതി കൂട്ടിയും കുറച്ചുമൊക്കെ ചെയ്തെടുക്കാനാവും.”
സാരിയ്ക്കൊപ്പം ബ്ലൗസുകളിലും ട്രയാങ്കിൾ പാറ്റേൺ നൽകിയിട്ടുണ്ട്. ബ്ലൗസ് മാത്രമായി നെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ലൂം പ്രത്യേക രീതിയിൽ സെറ്റ് ചെയ്തിട്ടാണ് ബ്ലൗസുകൾ ചെയ്യുന്നതെന്ന് പൂർണിമ പറയുന്നു. പരമ്പരാഗത കേരള സാരിയിൽ നിന്നും ഇവയുടെ ബോർഡറുകൾക്കും വ്യത്യസ്ത കൊണ്ടു വന്നിട്ടുണ്ട്.
“ഇതൊരു പരീക്ഷണമാണ്. മലയാളികളെ സംബന്ധിച്ച് വളരെ നൊസ്റ്റാൾജിക് ആയ ഒന്നാണ് കേരള ഹാൻഡ്‌ലൂം എന്നത്. അതിന്റെ മൂല്യം അതു പോലെ തന്നെ നിലനിർത്തി കൊണ്ട് പുതിയ പാറ്റേൺ കൊണ്ടു വരാനാണ് ഞാൻ ശ്രമിച്ചത്,” ഈ സീരിസിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ, ബുദ്ധിമുട്ടി ചെയ്ത ഇക്കത്ത് ഡിസൈനിലുള്ള സാരികളാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും പൂർണിമ കൂട്ടിച്ചേർക്കുന്നു.

കൈത്തറി വസ്ത്രവിപണിയെ കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് പൂർണിമ. ഡിസൈനിന് അപ്പുറം ഒരു സാമൂഹിക ഉത്തരവാദിത്വം കൂടിയായാണ് കൈത്തറി മേഖലയിലെ തന്റെ ഇടപെടലുകളെ പൂർണിമ നോക്കി കാണുന്നത്.
“ഹാൻഡ്‌ലൂം, പവർ ലൂം എന്നിവയുടെ വ്യത്യാസം പലർക്കും അറിയില്ല. ഞാനും ഇതിലേക്ക് ഇറങ്ങിയതോടെയാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. നെയ്ത്തിൽ പുതിയ ടെക്നിക്കും ഇന്നവേഷനും കൊണ്ടു വന്നില്ലെങ്കിൽ ആ റെഗുലർ പാറ്റേണിൽ തന്നെ മുന്നോട്ടു പോവേണ്ടി വരും. മോട്ടിഫ് മാറ്റി മാറ്റി പുതിയ ഡിസൈനുകൾ പരീക്ഷിക്കാം എന്നേയുള്ളൂ. അതേ സമയം, നെയ്ത്തുകാരെയും വെല്ലുവിളിക്കുന്ന രീതിയിലുള്ള ഡിസൈനുകൾ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. അത്തരം ഡിസൈനുകൾ ചെയ്തെടുക്കുമ്പോൾ നെയ്ത്തുകാർക്കും സന്തോഷമാണ്.
കാലത്തിനപ്പുറം ചിന്തിക്കണം, പുതിയ ഡിസെനുകൾ കൊാണ്ടു വരണം എന്ന പ്രചോദനം കൂടി അവർക്കു നൽകാൻ ചലഞ്ചിംഗ് ആയ ഡിസൈനുകൾക്ക് കഴിയും. ഒപ്പം ‘വൺ സീറോ എയ്റ്റ് ആമ്പൽ’ (One Zero Eight Aambal) പോലെ ദേശീയതലത്തിൽ ശ്രദ്ധേയമായ ഔട്ട്‍ലെറ്റുകളിൽ അവരുടെ ഡിസൈനുകൾ ഷോകേസ് ചെയ്യപ്പെടുമ്പോൾ ആ വർക്കുകളുടെയും മൂല്യമേറുകയാണ്.
കൈത്തറിയ്ക്ക് ഏറെ പരിമിതികളുണ്ട്. അതു തന്നെയാണ് കൈത്തറി ഉയർത്തുന്ന ചലഞ്ചും. പരിമിതികളെ നമ്മൾ ചലഞ്ച് ചെയ്തു വരുമ്പോൾ തന്നെ പ്രൊഡക്റ്റുകൾ നൂറു ശതമാനം ഹാൻഡ് ക്രാഫ്റ്റഡ് ആവും. അതൊരിക്കലും പവർ ലൂമിലൂടെ സൃഷ്ടിച്ചെടുക്കാനാവില്ല,” പൂര്‍ണിമ അഭിപ്രായപ്പെട്ടു.
വേണ്ടത്ര പ്രോത്സാഹനമില്ലാതെ, ഇല്ലാതായി കൊണ്ടിരിക്കുന്ന ഒന്നാണ് കൈത്തറി മേഖല. ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന വിഭാഗം കൂടിയാണ് കൈത്തറി തൊഴിലാളികൾ. പരമ്പരാഗതമായ ആ തൊഴിലിലേക്ക് കടന്നു വരാൻ യുവതലമുറയും മടിക്കുന്നു.
“ആ ഇൻഡസ്ട്രി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലെ കുട്ടികൾക്കേറെയും ഈ ജോലിയിലേക്ക് വരാൻ താൽപ്പര്യമില്ല. തനിമയുള്ള ആ ജോലിയിൽ അവർക്ക് അഭിമാനമുണ്ടാവണം, അവരിൽ ആ പ്രൈഡ് ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ കൂടെ സാമൂഹിക ഉത്തരവാദിത്വമാണ്. ആ ട്രെഡീഷൺ നിലനിൽക്കേണ്ടതുണ്ട്. എന്താണ് കൈത്തറിയുടെ പ്രത്യേകത, ക്രാഫ്റ്റ് എന്നൊക്കെയുള്ള അവബോധം ആളുകളിൽ ഉണ്ടാവണം. അല്ലാതെ, നാളെ ഇങ്ങനെ ഒരു തലമുറ ഉണ്ടായിരുന്നു എന്നു പരിതപിക്കുന്നതിൽ എന്താണ് അർത്ഥം?
ഇന്നത്തെ ജനറേഷന് മനസ്സിലാക്കണം, പവർ ലൂം- ഹാൻഡ് ലൂം എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. പവർ ലൂം ആയതു കൊണ്ടാണ് വസ്ത്രങ്ങൾ വില കുറഞ്ഞു കിട്ടുന്നതെന്നും ഹാൻഡ് ലൂമിൽ വരുമ്പോൾ ഓരോ വസ്ത്രത്തിനു പിന്നിലും ഒരു നെയ്ത്തുകാരന്റെ അധ്വാനവും വിയർപ്പും സമയവും പ്രതിഭയും ചിന്തയുമെല്ലാം ഉണ്ടെന്നും അതിന് അതിന്റേതായ ഒരു മൂല്യം കൊടുക്കേണ്ടതുണ്ടെന്നും മനസ്സിലാക്കണം. അതാണ് ലക്ഷ്യവും ആഗ്രഹവും,” പൂർണിമ പറഞ്ഞു നിര്‍ത്തി.
Read More: സിനിമ മാറിയിട്ടുണ്ട്, മനോഹരമായി: അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്