തിരുവനന്തപുരം: ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം എക്‌‌സ്പെഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി നിയോഗ് വേള്‍ഡ് വൈഡ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്നവര്‍ മാത്രമാണ് സാഹസികമായ ആര്‍ട്ടിക് ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടുക. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം.

കടുത്ത മത്സരമാണ് ആദ്യ രണ്ട് സസ്ഥാനങ്ങൾക്കായി ഇപ്പോൾ നടക്കുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ മുഷാഹിദ് ഷായാണ് ഇപ്പോൾ പോളിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഒരു ഘട്ടത്തിൽ നിയോഗ് ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ മുഷാഹിദിനായി നടക്കുന്ന വലിയ പ്രചാരണം അദ്ദേഹത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു.

ഇന്ത്യക്കാരനെതിരെ മത്സരിക്കുന്ന പാക്കിസ്ഥാൻ സ്വദേശിയെ വിജയിപ്പിക്കുക എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ പാക്കിസ്ഥാനിൽ നടക്കുന്നത്. പാക്കിസ്ഥാൻ ദേശീയ വനിതാ ഫുട്ബോൾ ടീം താരം അബിഹാ ഹൈദർ അടക്കമുള്ളവരാണ് മുഷാഹിദിനായി സോഷ്യൽ മീഡിയാ പ്രചാരണങ്ങളിൽ പങ്കാളികളായിരിക്കുന്നത്.

പല വിഭാഗങ്ങളിലായിട്ടാണ് പോളിങ് നടക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന ദി വേൾഡ് വിഭാഗത്തിലാണ് നിലവിൽ നിയോഗ് രണ്ടാം സ്ഥാനത്തുള്ളത്. സെൻട്രൽ യൂറോപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള കിറ്റി സായ എന്ന യുവതിയാണ് ആകെ പോളിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്.

നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്‌സ (Paltsa), പുരാതന കച്ചവടപാതകള്‍, മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ടോണ്‍ നദി എന്നിങ്ങനെ ആര്‍ട്ടിക്കിലെ വന്യതയിലൂടെ 300 കിലോമീറ്ററോളം നീളുന്ന യാത്ര. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഘം യാത്രാസ്‌നേഹികള്‍ക്കൊപ്പം, പരിശീലനം ലഭിച്ച 200ഓളം നായകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര.

യോഗ്യത നേടിയാല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാവും നിയോഗ്. 180 ദിവസം കൊണ്ട് കയ്യില്‍ പണമില്ലാതെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് റെക്കോര്‍ഡിട്ട മിടുക്കനാണ് നിയോഗ്. തണുത്തുറഞ്ഞു കിടക്കുന്ന ആര്‍ട്ടിക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താൻ നിയോഗ് ഉണ്ടാകണം, മലയാളികളുടെ അഭിമാനമായി. നിയോഗിനായി വോട്ട് ചെയ്യാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ