ഒരു ചെറുപ്പക്കാരന്റെ മുഖത്തിനു നേരെ യുവതി കാലുയർത്തുന്നതും അതു കണ്ടു നിന്നവർ കണ്ണുനിറച്ച് വിഷമിച്ചിരിക്കുന്നതുമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആദ്യ നോട്ടത്തിൽ ഉണ്ടാകുന്ന ധാരണയല്ല ചിത്രം സൂക്ഷിച്ചുനോക്കിയാൽ ഉണ്ടാവുക. അപ്പോൾ മനസ്സിലാവും ആ ചിത്രം പറയുന്നത് ആത്മബന്ധത്തിന്റെ കഥയാണെന്ന്. ചിരിച്ചുകൊണ്ട് ആൺകുട്ടിയുടെ മുഖത്തിനു നേരെ കാലുയർത്തുന്ന യുവതി അവന്റെ മുതിർന്ന സഹോദരിയാണ്.

ബംഗാളിലെ ‘ബായ് ദൂജ്’ എന്ന ആഘോഷത്തിന്റെ ഭാഗമായി അവൾ അവനെ കുറിയണിയിക്കുകയാണ്. സഹോദരസ്നേഹത്തിന്റെ ദിവസം ആണ് ഇത്. സുഖമില്ലാത്ത പെൺകുട്ടി കാൽവിരൽ ഉപയോഗിച്ചാണ് സഹോദരനെ തിലകമണിയിക്കുന്നത്. ചിത്രങ്ങൾ സമ്രാട്ട് ബസു എന്നയാൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു.

കടപ്പാട്: ഫെയ്സ്ബുക്ക്

വീൽചെയറിലിരിക്കുന്ന പെൺകുട്ടി ചിരിച്ചുകൊണ്ട് അവളുടെ കാൽവിരൽകൊണ്ട് സഹോദരന് തിലകം ചാർത്തുന്നതും, അവളുടെ കാലുകൾ തന്റെ ശിരസ്സിൽവച്ച് സഹോദരൻ അനുഗ്രഹം വാങ്ങുന്നതും, അതുകണ്ട് സമീപത്തുള്ളവർ കരച്ചിലടക്കാൻ പാടുപെടുന്നതുമായിരുന്നു ചിത്രങ്ങൾ.

സഹോദരസ്നേഹം പ്രകടിപ്പിക്കാൻ തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്ത ആ സഹോദരിയുടെയും അവളുടെ മുന്നിൽ ശിരസ്സു നമിക്കുന്ന സഹോദരന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ