ബാങ്കോക്ക്: മിസ് യൂണിവേഴ്സ് കിരീടം ചൂടി ഫിലിപ്പീൻസുകാരി. ഫിലിപ്പീൻസ് സുന്ദരി കട്രിയോണ ഗ്രേയാണ് ഈ വർഷത്തെ മിസ് യൂണിവേഴ്സ് ആയത്. ലോകമെങ്ങുമുളള 94 മത്സരാർത്ഥികളിൽനിന്നാണ് 24 കാരിയായ കട്രിയോണ മിസ് യൂണിവേഴ്സ് കിരീടത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയുടെ ടാമറിൻ ഗ്രീൻ ഫസ്റ്റ് റണ്ണറപ്പായും വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസ് സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. ടാമറിൻ മെഡിക്കൽ വിദ്യാർത്ഥിനിയും സ്തെഫാനി നിയമ വിദ്യാർത്ഥിനിയുമാണ്.

ഇന്ത്യയുടെ നേഹാൽ ചുഡാലാമയ്ക്ക് അവസാന 20 ൽ സ്ഥാനം പിടിക്കാൻ കഴിയാതെ പോയി. 2000 ൽ ലാറ ദത്തയാണ് ഇന്ത്യയിൽ നിന്നും അവസാനമായി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. അതിനുശേഷം മറ്റൊരു ഇന്ത്യക്കാരിക്കും കിരീട നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരം ചരിത്രത്തിന്റെ ഭാഗമായും മാറി. സ്പെയിനിൽനിന്നുളള ആംഗല പോൺസ് എന്ന ട്രാൻസ്ജെൻഡർ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്താണ് ചരിത്രം സൃഷ്ടിച്ചത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് അവർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook