ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും പ്രായങ്ങളിലും ചർമ്മം വ്യത്യസ്തമായി പെരുമാറാൻ തുടങ്ങും. പ്രായമാകുന്നതനുസരിച്ച്, അതിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും ഇത് ചുളിവുകളിലേക്കും നേർത്ത വരകളിലേക്കും നയിക്കുന്നു. അതിനാൽ, ജീവിതത്തിന്റെ ആ ഘട്ടത്തിൽ ചർമ്മസംരക്ഷണ ദിനചര്യയും മാറ്റേണ്ടതുണ്ട്.
അൻപതുകളിൽ പ്രധാന ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ ചർമ്മത്തിലെ വരൾച്ച, മന്ദത, അസമമായ ഘടന, ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചർമ്മത്തിന് വളരെ വേഗത്തിൽ പ്രായമാകാൻ തുടങ്ങുന്നു.
ഒന്നു രണ്ടു വർഷത്തിനുള്ളിൽ 10 വയസ്സ് കൂടിയതായി നിങ്ങൾക്ക് തോന്നിത്തുടങ്ങും. മുപ്പതുകളുടെ തുടക്കത്തിൽ പ്രവർത്തിച്ച പല ഉൽപ്പന്നങ്ങൾക്കും അവയുടെ ഫലപ്രാപ്തി നഷ്ടപ്പെട്ടേക്കാം, ഡൽഹിയിലെ പഞ്ച്ഷീൽ എൻക്ലേവിലെ എംഡി ഡെർമറ്റോളജി കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ജ്യോതി ഗുപ്ത പറയുന്നു.
ചർമ്മത്തിൽ കൊളാജനും എലാസ്റ്റിനും ഉൽപ്പാദിപ്പിക്കപ്പെടാത്തപ്പോൾ അൻപതുകളിൽ എത്തിയവർ നേരിടുന്ന പ്രധാന ആശങ്കകൾ ഡോ. ജ്യോതി പങ്കുവയ്ക്കുന്നു.
ചർമ്മത്തിന്റെ അധിക വരൾച്ച : കോശങ്ങളുടെ നഷ്ടം കാരണം, ചർമ്മത്തിന്റെ വെള്ളം നിലനിർത്താനുള്ള ശേഷി കുറയുന്നു. അതിനാൽ ഇത് ചർമ്മത്തിൽ നിർജ്ജലീകരണത്തിനു സമാനമായി കാണപ്പെടുന്നു. ദിവസവും രണ്ടുതവണ മോയ്‌സ്ചുറൈസറുകളും ലാക്‌റ്റിക്, ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ആൽഫ-ഹൈഡ്രോക്‌സി ആസിഡുകളും ഉപയോഗിക്കുന്നത് നിർജ്ജീവമായ ചർമ്മത്തെ ഇല്ലാതാക്കുകയും ജലാംശം നൽകുകയും ചെയ്യും.
ചർമ്മം മെലിഞ്ഞു തുടങ്ങിയാൽ, അൾട്രാസൗണ്ട് മെഷീനുകൾ വഴി ഹൈഡ്രേറ്റിങ് സെറം ഇൻഫ്യൂഷൻ ചെയ്യാം. ഹൈലൂറോണിക് ആസിഡ് സ്കിൻ ബൂസ്റ്ററുകളും ഉപയോഗിക്കാം, ഡോ. ജ്യോതി പറഞ്ഞു.
വർധിക്കുന്ന പിഗ്മെന്റേഷൻ: 50 വയസ്സിനു മുകളിലുള്ളവരിൽ ചർമ്മത്തിന്റെ നിറവ്യത്യാസമാണ് മറ്റൊരു പ്രധാന ഘട്ടം. ചർമ്മത്തിന്റെ കനംകുറഞ്ഞ് വരണ്ടതാകുന്നു ഒപ്പം പാടുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഹൈലൂറോണിക് ആസിഡിനൊപ്പം ഗ്ലൈക്കോളിക്/മാൻഡെലിക്/ലാക്റ്റിക് ആസിഡുകളുടെ സംയോജനം പോലെയുള്ള ഹൈഡ്രേറ്റിംഗ് ക്രീമുകൾ ഉപയോഗിച്ച് ഡിപിഗ്മെന്റിങ് തുടങ്ങുക.
സൺസ്ക്രീനും പതിവായി ഉപയോഗിക്കുക. മെലാസ്മ, സൂര്യാഘാതം, അസമമായ ടോൺ അല്ലെങ്കിൽ ടെക്സ്ചർ എന്നിവയ്ക്കായി കെമിക്കൽ പീലുകൾ തിരഞ്ഞെടുക്കുക.
“ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും രൂപവും നിലനിർത്തുന്നതിന് ചർമ്മസംരക്ഷണം നിർബന്ധമാണ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ചർമ്മത്തിന്റെ ഉപരിതലത്തിനടിയിൽ എത്തി അതിനെ മിനുസമാർന്നതും ആരോഗ്യകരവുമായി നിലനിർത്തുന്ന ലേസർ ചികിത്സകൾ ചെയ്യുക,” ഡോ. ജ്യോതി വിശദീകരിക്കുന്നു.
മുഖത്തെ രോമങ്ങൾ: സ്ത്രീകൾക്ക് പ്രായമേറുമ്പോൾ മുഖത്ത് അനാവശ്യമായി രോമങ്ങൾ വളരുന്നത് കാണാം. ഇവ കൂടുതലും വെളുത്തതോ ചാരനിറമോ ആയിരിക്കും. ‘ഫ്യൂ’ എന്ന രീതിയിലൂടെ വേരുകളിൽ നിന്ന് വെളുത്ത മുടി വേർതിരിച്ചെടുക്കാൻ കഴിയുമെന്ന് വിദഗ്ധ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ 3-4 സെഷനുകൾ ആവശ്യമായി വന്നേക്കാം. അമിതമായ രോമ വളർച്ച കുറയ്ക്കുന്നതിന്, ഹോർമോൺ മൂല്യനിർണ്ണയവും ഉചിതമായ ശരീരഭാര നിയന്ത്രണവും ആവശ്യമാണ്.
ചർമ്മം തൂങ്ങുക: ചർമ്മം തൂങ്ങുന്നത് സ്വാഭാവികമാണ്. എന്നാൽ ഫില്ലറുകൾ ചെയ്യുന്നത് നിങ്ങളുടെ മുഖത്തിന് അസ്വാഭാവിക ഭാവം നൽകും. പ്രൈമർ പ്രയോഗിക്കാതെ മേക്കപ്പ് ചെയ്യുന്ന പോലുള്ള ഭാവം.
“ചർമ്മം തൂങ്ങികിടക്കുന്നത് എച്ച്ഐഎഫ്യു, ത്രെഡുകൾ എന്നിവ ഉപയോഗിച്ച് ചികിത്സിക്കാം. ലേസർ, മൈക്രോ-നീഡിംഗ്, പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി), കെമിക്കൽ പീൽ തുടങ്ങിയ ചികിത്സകൾ മെയിന്റനൻസ് സെഷനുകളായി നടത്താം. ഹൈലൂറോണിക് ആസിഡ്, റെറ്റിനോൾസ്, വിറ്റാമിൻ സി, നിയാസിനാമൈഡ്, സെറാമൈഡുകൾ, പെപ്റ്റൈഡുകൾ, കെമിക്കൽ എക്‌സ്‌ഫോളിയന്റുകൾ തുടങ്ങിയ ചേരുവകൾ ഉൾപ്പെടുത്തുക.
തിളക്കം കുറയുന്നു: ഇത് ചർമ്മത്തിന്റെ അസമമായ ടോൺ, വരൾച്ച, തൂങ്ങൽ എന്നിവയുടെ സംയോജിത ഫലമാണ്. “ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയാണ് എന്നതാണ് ഇതിനുള്ള പ്രതിവിധി. ദിവസവും എട്ട് മണിക്കൂർ ഉറക്കം, ആവശ്യത്തിന് ദ്രാവകങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, നിറമുള്ള പഴങ്ങൾ അടങ്ങിയ റെയിൻബോ ഡയറ്റ് പിന്തുടരുക. പുകവലി, മദ്യപാനം തുടങ്ങിയവ നിയന്ത്രിക്കുക,” ഡോ. ജ്യോതി ശുപാർശ ചെയ്യുന്നു.