ആദ്യമായി ഒരു സിനിമ കണ്ട് കരഞ്ഞത് എന്നാണെന്ന് ഓര്‍മ്മയുണ്ടോ? നിങ്ങളെ കരയിച്ച ആ സിനിമ ഏതാണ് ഓർമ്മയുണ്ടോ?. സിനിമ കണ്ട് കരയുന്ന ആളാണ് നിങ്ങളെന്ന് സ്വയം സമ്മതിക്കാന്‍ മടിക്കേണ്ട ആവശ്യമില്ല. സിനിമ കണ്ട് കരയുന്നവര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റുള്ളവരെക്കാള്‍ സഹാനുഭൂതി എന്ന വികാരം അവരില്‍ കൂടുതലായിരിക്കും.

മറ്റൊരാളുടെ അവസ്ഥ, അവരുടെ വികാരങ്ങള്‍ എന്നിവ തിരിച്ചറിയാനും അതിനോട് സഹാനുഭൂതി പ്രകടിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവിന്റെ തെളിവാണ് ആ കണ്ണുനീര്‍. മറ്റൊരാള്‍ കടന്നു പോകുന്ന ദുഃഖകരമായ അവസ്ഥ കാണുമ്പോള്‍ ആ അവസ്ഥ നിങ്ങള്‍ക്കായിരുന്നു വന്നിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നത് ചെറിയ കാര്യമല്ല.

Read More: വെറും 16 മിനിറ്റ് ഉറക്കം നഷ്ടപ്പെട്ടാലും നിങ്ങളുടെ ജോലിയെ ബാധിക്കും: പഠനം

സഹാനുഭൂതി എന്ന വികാരമില്ലാതെ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന എത്രയോ ആളുകള്‍ക്കിടയില്‍ നിങ്ങള്‍ അൽപം സ്‌പെഷ്യല്‍ തന്നെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സന്തോഷപ്പെടാനും സങ്കടപ്പെടാനും കഴിയുക എന്നത് ചെറിയ കാര്യമല്ല. അതിന് ഒരുപാട് മാനസിക ശക്തിവേണം. ആ വേദനയ്‌ക്കൊപ്പം നില്‍ക്കാനും അനുഭവിക്കാനും മറി കടക്കാനും പ്രാപ്തരാണ് നിങ്ങള്‍ എന്നതിന്റെ തെളിവാണ്.

ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്ക് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന ഓക്സിറ്റോസിന്‍ ഹോര്‍മോണാണ് വൈകാരികരംഗങ്ങളോടുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത്. വികാരങ്ങള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നത് മാനസികമായി കരുത്ത് നേടാന്‍ സഹായിക്കുമെന്ന് സാക്ക് പറയുന്നു.

Read More: ഒറ്റയ്ക്കുള്ള ജീവിതം മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

സിനിമകള്‍ കണ്ട് കരയുന്നവര്‍ അത്തരത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരും തങ്ങളുടെ ചിന്തകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നവരും ആയിരിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്. പെട്ടെന്ന് കരയുന്നവര്‍ മറ്റള്ളവരോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരും ജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരും ആണെന്നും പോള്‍ ജെ.സാക്ക് പറഞ്ഞു.

മാത്രമല്ല, ഇത്തരക്കാര്‍ക്ക് ഭാവനയും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് കാണാനുള്ള കഴിവും കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു. കരയാന്‍ സാധിക്കുക എന്നത് ഒരു അനുഗ്രഹം കൂടിയാണ്. അത്രമേല്‍ വേദനയിലും അതിനോളം സന്തോഷത്തിലുമാണ് നാം കരയുന്നത്. കരയുന്നത് മാനസിക സമ്മർദം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഈ പഠനം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook