Pearlish Wedding: ഒടുവില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ക്രിസ്ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും ഇരുവരുടേയും വിവാഹം നടന്നു. മെയ് നാലിന് എറണാകുളത്തെ ചൊവ്വര പള്ളിയില്‍ വച്ചും ഇന്ന് ശ്രീനിഷിന്റെ നാടായ പാലക്കാട്ടെ അമ്മു ഓഡിറ്റോറിയത്തില്‍ വച്ചുമായിരുന്നു വിവാഹം. വിവാഹത്തിന് ശേഷമുള്ള വധൂവരന്മാരുടെ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്.
Read More: Pearlish Wedding: മിന്നുകെട്ടും താലികെട്ടും കഴിഞ്ഞു; ഇനി പേളിയും ശ്രീനിഷും ഒന്നാണ്
പേളിയാണ് കാര്‍ ഡ്രൈവ് ചെയ്യുന്നത്. സാധാരണ വിവാഹങ്ങളില്‍ കാണാറുള്ളത് വരനും വധുവും യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മറ്റൊരാളായിരിക്കും. വധു വളയം പിടിക്കുന്നത് ഒരല്‍പ്പം വെറൈറ്റി ആണ്. കാറിൽ പേളിയും ശ്രീനിഷും മാത്രമാണുള്ളത്. വിവാഹ വസ്ത്രത്തിൽ തന്നെയാണ് യാത്ര.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആഡംബര സെഡാനായ ബിഎംഡബ്ല്യുവിലായിരുന്നു ദമ്പതികളുടെ യാത്ര. സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ തയ്യാറെടുക്കുകയാണ് പേളി. കടുംനീല നിറത്തിലുള്ള വാഹനത്തില്‍ പേളിയുടെ തൊട്ടടുത്തിരുന്ന് കൈവീശി വിജയചിഹ്നം കാണിക്കുന്ന ശ്രീനിഷിനെയും വീഡിയോയില്‍ കാണാം.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് സീരിയൽ താരമായ ശ്രീനിഷും അവതാരകയും മോട്ടിവേഷണൽ സ്പീക്കറായ പേളിയും പ്രണയത്തിലാകുന്നത്. പരിപാടി വിജയിപ്പിക്കാനുള്ള ‘നമ്പറാ’ണ് ഇതൊക്കെ എന്ന് പറഞ്ഞവർക്കുള്ള മറുപടിയും ഇപ്പോൾ കിട്ടി.
മെയ് നാലിന് വൈകുന്നേരം നാലരയ്ക്ക് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. തുടര്‍ന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് ഏഴുമണിയോടെ വിവാഹ സത്കാരവും നടന്നു. സിനിമാരംഗത്തു നിന്നും മമ്മൂട്ടി, സിദ്ദിഖ്, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശ്രിന്ദ, അഹാന കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര് റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.