/indian-express-malayalam/media/media_files/NKTghwJmuK6s06FDJKOt.jpg)
കൊച്ചിയിലെ ജിവിക്യു ടൈം കഫേ
അതിമനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത കഫേകളാൽ സമ്പന്നമാണ് ഇന്ന് കേരളം. പ്രകൃതിയോട് ചേർന്നുകിടക്കുന്ന റിസോർട്ടിന്റെ ആമ്പിയൻസൊക്കെ പകരുന്ന ഇക്കോ ഫ്രണ്ട്ലി കഫേകൾ മുതൽ അന്താരാഷ്ട്ര നിലവാരമുള്ള കഫേകൾ ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി കാണാം. കൊച്ചിയിലെ ഒരു വെറൈറ്റി കഫേയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവിടെ ഭക്ഷണത്തിനല്ല, സമയത്തിനാണ് പണം നൽകേണ്ടത്. ജിവിക്യു ടൈം കഫേ(GVQ Time Cafe) ആണ് വേറിട്ട ആശയം കൊണ്ട് ശ്രദ്ധ നേടുന്നത്. വാൾ മ്യൂറൽ ആർട്ടിസ്റ്റും ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഓം സ്റ്റുഡിയോയുടെ സഹസ്ഥാപകയുമായ ആതിര മോഹനാണ് ഈ ആശയത്തിനു പിന്നിൽ. കഫേ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ജിവിക്യു ടൈം കഫേ.
ആതിരയുടെ ആശയം 'ആന്റി കഫേസ്' എന്ന റഷ്യൻ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. (ആളുകൾക്ക് ഇഷ്ടമുള്ളത്ര ഭക്ഷണവും പാനീയങ്ങളും ലഭിക്കും, എന്നാൽ ചെലവഴിക്കുന്ന ഒരോ മിനിറ്റിനുമാണ് പണം നൽകേണ്ടത്.)
ആതിരയുടെ സ്വന്തം അനുഭവങ്ങളും നൂതനമായ ചിന്തയുമാണ് കൊച്ചിയിലെ ഈ കഫേയിൽ കലാശിച്ചത്. ഇത് ഉപഭോക്താക്കളെ അവരുടെ സമയം നിയന്ത്രിക്കാനും പരമ്പരാഗതമായി കണ്ടുവരുന്ന കഫേ എന്ന സങ്കൽപ്പങ്ങളിൽ നിന്ന് മാറിചിന്തിക്കാനും പ്രാപ്തരാക്കുന്നു. തന്റെ കാഴ്ചപ്പാടിനെ യാഥാർത്ഥ്യമാക്കി മാറ്റാനുള്ള യാത്രയെക്കുറിച്ചും വേറിട്ട ഈ ആശയത്തിലേക്ക് എത്തിയതിനെ കുറിച്ചും ആതിര സംസാരിക്കുന്നു.
കോവിഡ് -19 മഹാമാരി നിരവധി മനുഷ്യരുടെ ജീവിതത്തിൽ അപ്രതീക്ഷിത വെല്ലുവിളികൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കല, ഫാഷൻ പോലുള്ള ലക്ഷ്വറി ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ ആതിര പുതിയ വഴികൾ തേടാൻ തീരുമാനിച്ചു. ഒരു കഫേ ആരംഭിക്കണമെന്ന് ആതിര എപ്പോഴും സ്വപ്നം കണ്ടിരുന്നു. "കോവിഡ് മഹാമാരി, അതിലേക്ക് കടക്കാനുള്ള ശരിയായ സമയമാണെന്ന് ഞാൻ കരുതി," ആതിര പറയുന്നു
ആതിര, 2020ൽ തന്നെ ഇതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആരംഭിച്ചു. നിരവധി കഫേകൾ ആതിര സന്ദർശിച്ചു - കഫേ വ്യവസായത്തിന് ഉള്ളിൽ നടക്കുന്നപ്രവർത്തനങ്ങൾ മനസിലാക്കാൻ ശ്രമിച്ചു. ഒരു കലാകാരിയായതിനാൽ തന്നെ റെസ്റ്റോറന്റ് മേഖല പഠിക്കുന്നത് സങ്കീർണതകൾ നിറഞ്ഞ അധ്യായമായിരുന്നു.
" റെസ്റ്റോറന്റ് വ്യവസായത്തെക്കുറിച്ച് നേരിട്ടറിയാൻ ഞാൻ കുറച്ച് കാലം വെയിറ്റ്ട്രസായും ജോലിചെയ്തിട്ടുണ്ട്," ആതിര ഓർക്കുന്നു.
ഒരു ദിവസം, സുഹൃത്തിനൊപ്പം ഒരു കഫേയിൽ ഇരിക്കുമ്പോഴാണ്, 'ടൈം കഫേ' എന്ന ആശയം ഉടലെടുക്കുന്നത്. അതിന് പറ്റിയൊരു സ്ഥലം തന്റെ കയ്യിലുണ്ടെന്നും അപ്പോഴാണ് ആതിര തിരിച്ചറിയുന്നത്- 25 വർഷം മുമ്പ് അച്ഛൻ വാങ്ങിയ ഒരു പഴയ വീട്. പിന്നീട് വീട് നവീകരിക്കുകയും വ്യത്യസ്തമായൊരു കഫേയാക്കി ആ സ്പേസിനെ ഡിസൈൻ ചെയ്തെടുക്കുകയുമായിരുനനു. ഭക്ഷണം ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ നിർബന്ധിക്കുന്നതിന് പകരം സമയത്തിന് പണം ഈടാക്കുന്ന രീതി സ്വീകരിച്ചു. "ഈ ആശയം ഞാൻ വ്യക്തിപരമായി അഭിമുഖീകരിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എനിക്കറിയാമായിരുന്നു," ആതിര കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാം. അല്ലെങ്കിൽ ഓംലെറ്റുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയും മറ്റും ഉൾപ്പെടുന്ന പരിമിതമായ ഇൻ-ഹൗസ് മെനുവിൽ നിന്ന് തിരഞ്ഞെടുക്കാനും സൗകര്യമുണ്ട് . കട്ടൻ കാപ്പി, കട്ടൻ ചായ, ഗ്രീൻ ടീ, കോൾഡ് കോഫി തുടങ്ങിയ അൺലിമിറ്റഡ് ഡ്രിങ്കുകളും കഫേ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് കുക്കീസും കഫേയുടെ സ്പെഷ്യൽ സ്വീറ്റ് ബട്ടർ ക്രേപ്പും സൗജന്യമായി നൽകുന്നുണ്ട്.
വിലനിർണ്ണയിക്കുന്നതിന് പ്രത്യേകരീതിയുണ്ട്. ഉപഭോക്താക്കൾ അവർ ചിലവഴിക്കുന്ന സമയത്തിന് മാത്രം പണം നൽകിയാൽ മതി. ആദ്യ മണിക്കൂറിൽ ഒരാൾക്ക് 150 രൂപയാണ് ഈടാക്കുന്നത്, തുടർന്നുള്ള മണിക്കൂറുകൾക്ക് മിനിറ്റിന് 1 രൂപ വീതം നൽകണം. ഈ ഫ്ലെക്സിബിലിറ്റി ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഭക്ഷണങ്ങൾക്കൊപ്പം വിശ്രമിക്കാനും ജോലി ചെയ്യാനും അല്ലെങ്കിൽ ഒരു ഡേറ്റ് ആസ്വദിക്കാനും അവസരമൊരുക്കും.
ആർട്ടിനോട് ആതിരയ്ക്കുള്ള പാഷനാണ് കഫേയുടെ ഡിസൈനിനെയും സ്വാധീനിച്ചത്. "അടിസ്ഥാന നിറങ്ങളിലും പച്ചപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കഫേ ഡെക്കർ വളരെ കുറവാണ്. ഇത് എന്റെ വ്യക്തിപരമായ എസ്തെറ്റിക്സിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഇടമായാണ് ഡിസൈൻ ചെയ്തത്," ആതിര പറഞ്ഞു.
ജിവിക്യു ടൈം കഫേയോടുള്ള ആളുകളുടെ പ്രതികരണം വളരെ പോസിറ്റീവാണ്. പ്രവർത്തനം ആരംഭിച്ചതg മുതൽ, ആളുകൾ ഈ ആശയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
ഈ ആശയം പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആതിരയിടെ പദ്ധതി. ഉപഭോക്താക്കൾക്ക് ഒന്നിലധികം സ്ഥലങ്ങളിൽ തടസ്സമില്ലാതെ ടേബിളുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഒരു ആപ്പ് സൃഷ്‌ടിക്കാനും പ്ലാനുണ്ട്. ഈ വിപുലീകരണം യാത്രക്കാർക്കും ബിസിനസ്സ് മീറ്റിംഗുകൾക്കും അല്ലെങ്കിൽ ജോലിയ്‌ക്കോ ഒഴിവുസമയത്തിനോ സൗകര്യപ്രദമായയ ഇടം തേടുന്ന ഏതൊരാൾക്കും ഉപകരിക്കും. "അടുത്ത ഘട്ടത്തിൽ, ഞങ്ങൾ ഈ ആശയം ഫ്രാഞ്ചൈസി ചെയ്യുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്," ആതിര ഭാവി പദ്ധതികളെ കുറിച്ചു മനസ്സു തുറക്കുന്നു.
ജോലി, വിനോദം, ഡൈനിംഗ് എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടിനെ കൂടിയാണ് ജിവിക്യു ടൈം കഫേ അഭിസംബോധന ചെയ്യുന്നത്. ഇന്നത്തെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ കഫേ.
സൗമ്യ റസ്തഗി തയ്യാറാക്കിയ ലേഖനം
Check out More Lifestyle Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.