മിസ് കേരള മത്സരത്തിന്റെ അവസാന റൗണ്ടിൽ ഇടം നേടി അട്ടപ്പടിക്കാരി അനു പ്രശോഭിനി. മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷന്‍ ഫൈനലിസ്റ്റുകളിലാണ് അനുവും ഇടം നേടിയത്. ആദ്യമായിട്ടാണ് ഒരു ഗ്രോത്ര പെൺകുട്ടി മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷനിലേക്ക് മത്സരിക്കുന്നത്. പുതുവത്സരത്തോട് അനുബന്ധിച്ചായിരിക്കും ഫൈനൽ മത്സരം നടക്കുക.
ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിലാണ് അനു താമസിക്കുന്നത്. പാലക്കാട് ഗവ.മോയൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാ നടനും ആദിവാസി കലാകാരനുമായ എസ്.പഴനിസ്വാമിയാണ് അച്ഛൻ. അയ്യപ്പനും കോശിയും, ഭാഗ്യദേവത, പഴശിരാജ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ ബി.ശോഭ അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രൊമോട്ടറാണ്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ സഹോദരനാണ്.
പ്രിയനന്ദന് സംവിധാനം ചെയ്യുന്ന ഇരുളി ഭാഷയിലുള്ള ധബാരി കുരുവി സിനിമയില്‍ അനു ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ‘അട്ടപ്പാടിക്കാരി’ എന്ന പേരിൽ അനുവിന് യൂട്യൂബ് ചാനലുണ്ട്.