scorecardresearch

അനന്തതയെ കൈക്കുടന്നയിൽ ഒതുക്കുന്നവർ...

'അനന്തതയെ കൈപ്പിടിയില്‍ ഒതുക്കു' (Hold Infinity in the Palm of your Hand) എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. ജനുവരി 25ന് പ്രദര്‍ശനം അവസാനിക്കും.

'അനന്തതയെ കൈപ്പിടിയില്‍ ഒതുക്കു' (Hold Infinity in the Palm of your Hand) എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. ജനുവരി 25ന് പ്രദര്‍ശനം അവസാനിക്കും.

author-image
Hariharan Subrahmanian
New Update
അനന്തതയെ കൈക്കുടന്നയിൽ ഒതുക്കുന്നവർ...

കോയമ്പത്തൂരിലെ ജെന്നീസ് റെസിഡന്‍സിയിലെ ആര്‍ട്ട് ഹൗസ് ഗാലറി എട്ട് മലയാളി ആർട്ടിസ്റ്റുകളുടെ ചിത്രപ്രദർശനത്തിന് സാക്ഷ്യം വഹിക്കുകയാണ്. അപ്പുക്കുട്ടന്‍.എം.ബി, ബിന്ദി രാജഗോപാല്‍, ലതാദേവി.എം.ബി, നാരായണന്‍മോഹനന്‍, നിമിഷാ റാവു, ഓ.സുന്ദര്‍, സെലസ്.കെ.ബാബു, ശ്രീകാന്ത് നെട്ടൂര്‍ എന്നീ എട്ടുപേരുടെ 91 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'അനന്തതയെ കൈപ്പിടിയില്‍ ഒതുക്കു' (Hold Infinity in the Palm of your Hand) എന്നാണ് പ്രദര്‍ശനത്തിന്റെ പേര്.

Advertisment

പ്രശസ്ത കലാകാരിയും ഡിസൈനറുമായ രമാ രാജേഷാണ് ഗ്രൂപ്പ് ഷോ ജനുവരി 15ന് ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരി, കലാകാരി, ട്രാന്‍സ് ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ കല്‍ക്കി സുബ്രഹ്മണ്യം പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.

നാരായണന്‍ മോഹനന്റെ 'Tied' എന്ന പരമ്പരയിലെ ഗ്രാഫിക്ക് പ്രിന്റുകള്‍ പ്രകൃതിയിലെ വസ്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങളെയും അതിനിടയില്‍ തന്നെയുള്ള ബന്ധനങ്ങളുടെയും വ്യക്തതയാര്‍ന്ന നിര്‍ദ്ദേശങ്ങളാണ് നമുക്ക് തരുന്നത്.

publive-image ചിത്രങ്ങൾ കാണുന്ന കൽക്കി സുബ്രഹ്മണ്യം

Advertisment

ലതാദേവിയുടെ 'Emotions' എന്ന പരമ്പരയിലെ ചിത്രങ്ങള്‍ നവരസങ്ങളുടെ കാതല്‍ കാളമുഖരൂപികളായ മുഖമൂടികളില്‍ സന്നിവേശിപ്പിച്ചവയാണ്. ഓരോ രസത്തെയും ഓരോ നിറത്തിന്റെ വിന്യാസത്തിലൂടെ ലതാദേവി നമുക്ക് അത്ഭുതാവഹമായ കരവിരുതോടെ വെളിവാക്കി തരുന്നു. മുഖമൂടികളുടെ ഭാവങ്ങളും രസങ്ങളെ തിരിച്ചറിയാന്‍ കാഴ്ചക്കാരെ സഹായിക്കുന്നു.

സെലസ് ബാബുവിന്റെ ചിത്രങ്ങള്‍ ചിത്രകാരിയുടെ തന്നെ ആത്മഗതങ്ങളാണ്. ഒരാളുടെയുള്ളിലെ ഉണര്‍വ്വിന്റെയും പ്രത്യാശയുടെയും അംശങ്ങളെ അയാള്‍ തന്നെ ഒരു പ്രതിഫലനത്തിലൂടെ ദര്‍ശിക്കുന്ന ഒരു രചനാരീതിയാണ് സെലസ് തന്റെ പല ചിത്രങ്ങളിലും പിന്തുടര്‍ന്നിട്ടുള്ളത്.

പ്രളയം ബിന്ദി രാജഗോപാലിന്റെ സമീപകാല രചനകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പഞ്ചഭൂതങ്ങളിലൊന്നായ ജലവും അതിന്റെ അവസ്ഥാന്തരങ്ങളുമാണ് ബിന്ദിയുടെ ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത്. പ്രകൃതിസംഹാരത്തില്‍ തന്റെ തലയ്ക്ക് മുകളില്‍ വെള്ളം വന്ന് നിറയുമ്പോഴുള്ള മനുഷ്യന്റെ നിസ്സഹായാവസ്ഥ ജലവിതാനത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വിസ്മയമാര്‍ന്ന ദൃശ്യകോണിലൂടെ ബിന്ദി നമ്മെ ശക്തിയായി അനുഭവപ്പെടുത്തുന്നു.

നെട്ടൂരെന്ന ജന്മസ്ഥലവും അവിടെയുള്ള ബാല്യകാലവും ശ്രീകാന്തിന്റെ രചനകളില്‍ അസാധാരണ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. പുഴയും വള്ളങ്ങളും തൊട്ടരികിലുള്ള അറബിക്കടലും തീരത്തുള്ള മണല്‍പരപ്പും അതില്‍ കിടന്നാല്‍ കാണാവുന്ന രാത്രിയിലുള്ള ഇരുണ്ട ആകാശവും ചിന്നും വെണ്‍താരകകളുമൊക്കെ നമ്മെ വിസ്മയത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ രചനകളില്‍ ഇപ്പോഴും കടന്ന് വരുന്നു. ആകാശത്ത് നിന്നുമുള്ള ഭൂതലദൃശ്യങ്ങള്‍ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളുടെയും സവിശേഷതയാണ്. 'Flying Fishes' എന്ന പരമ്പരയില്‍ നിന്നുള്ള ചിത്രങ്ങളില്‍ ജന്മാവസ്ഥയുടെ പരിമിതികളെ കുതിച്ചുയര്‍ന്ന് അതിജീവിക്കുന്ന മീനുകളെ ശ്രീകാന്ത് ആലേഖനം ചെയ്തിട്ടുള്ളത് ഈ സ്വാധീനത്തെ വെളിവാക്കുന്നു.

publive-image

ചിത്രകലയിലെ മികവിന് 2001ല്‍ ദേശീയ ബാലശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹയായിട്ടുള്ള നിമിഷാ റാവു ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവകലാകാരിയാണ്.

അനേകം ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒ.സുന്ദര്‍ കലാ സംവിധായകനെന്ന നിലയിലും ക്യൂറേറ്ററെന്ന നിലയിലും ഏറെ പ്രശസ്തനാണ്. ഒരു ഉത്തരേന്ത്യന്‍ ഗാലറി കമ്മീഷന്‍ ചെയ്ത പരമ്പരയില്‍ നിന്നുമുള്ള സ്ത്രീത്വത്തെ പ്രതിപാദ്യവിഷയമാക്കിയിട്ടുള്ളവയടക്കമുള്ള അദ്ദേഹത്തിന്റെ പുതിയ രചനകള്‍ ഈ പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്.

അപ്പുക്കുട്ടന്‍.എം.ബി യുടെ കലാജീവിതം അതിന്റെ നാലാം ദശകത്തിലേയ്ക്ക് കടക്കുകയാണ്. ഇരുണ്ട നിറങ്ങളാണ് അദ്ദേഹത്തിന്റെ ഈ പ്രദര്‍ശനത്തില്‍ വച്ചിരിക്കുന്ന ചിത്രങ്ങളുടെ പ്രത്യേകത. ഏകകോശത്തില്‍ നിന്നും നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ ഇന്നത്തെ അവസ്ഥയിലെത്തിയ മനുഷ്യന്‍ അതിനിടയില്‍ നേടിയ സംസ്‌ക്കാരത്തിന്റെയും ജ്ഞാനത്തിന്റെയും പകിട്ടുകള്‍ നഷ്ടപെട്ട് യുദ്ധത്തിന്റെയും സ്പര്‍ദ്ധയുടെയും മുന്‍പില്‍ നഗ്‌നനായി നില്‍ക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇദ്ദേഹത്തിന്റെ പല ചിത്രങ്ങള്‍ക്കും പറയാനുള്ളത്. യുദ്ധങ്ങളുടെ ആധിക്യമുള്ള പ്രദേശങ്ങളിലെ മനുഷ്യന് അതിനോട് തോന്നുന്ന നിസ്സംഗതയും അപ്പോഴും അവനിലത് അവശേഷിപ്പിക്കുന്ന പ്രത്യാശയുടെ സ്വപ്നങ്ങളും ഇദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. ജനുവരി 25ന് ചിത്ര പ്രദര്‍ശനം അവസാനിക്കും.

Art Painting Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: