രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ സിസ്റ്റത്തിന് മുൻപിൽ ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങൾ? ജോലി തിരക്കിനിടയിൽ ഇടയ്ക്ക് ഒന്നു എഴുന്നേൽക്കുക പോലും ചെയ്യാതെയാണോ ദിവസം കടന്നു പോകുന്നത്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഗവേഷണങ്ങൾ പോലും ദീർഘനേരം ഇരിക്കുന്നതിനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. “അമിത ശരീരഭാരം, വർദ്ധിച്ച രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത്, അരയ്ക്ക് ചുറ്റുമുള്ള അധിക കൊഴുപ്പ്, അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് എന്നിവ മെറ്റബോളിക് സിൻഡ്രോം ഉണ്ടാക്കുന്നു. മൊത്തത്തിൽ ദീർഘനേരം ഇരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയിൽ നിന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നതായി മയോ ക്ലിനിക്ക് അഭിപ്രായപ്പെട്ടു.
സിറ്റിങ് രോഗത്തിനെ എങ്ങനെ മറിക്കടക്കാം
വെറുതേ ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം അൽപം മൂവ്മെന്റ് നടത്തിയാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മാറ്റം ഉണ്ടാകാമെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പറയുന്നു. “30 മിനിറ്റ് കൂടുമ്പോഴോ ഒരു മണിക്കൂർ കൂടുമ്പോഴോ ഇരിക്കുന്നതിനു പകരം അൽപം സമയം നിൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങളിൽ കുറയ്ക്കാൻ സാധിക്കും. അത് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും,” എന്നാണ് അഞ്ജലി വീഡിയോയുടെ ഒപ്പം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
സ്റ്റാൻഡിങ് ഡെസ്ക് പോലുള്ളവ ഉപയോഗിക്കാം. ജോലിയ്ക്കിടെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. നടന്നുകൊണ്ട് സംസാരിക്കുന്നതും ആരോഗ്യത്തിനു സഹായിക്കും.
നിങ്ങൾ സൂം മീറ്റിങ്ങിലാണെങ്കിൽ എവിടെയെങ്കിലും ഇരുന്ന് സംസാരിക്കുന്നതിന് പകരം വീടിനു ചുറ്റും നടന്നുകൊണ്ട് കോളുകളിൽ പങ്കുചേരാം.
തുടർച്ചയായി ഇരിക്കുന്നതിനിടെ ഇടയ്ക്ക് നടുനിവർത്തുന്നത് ശരീരത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടുവരുന്നു. അതുകൊണ്ട് ഇടയ്ക്ക് നടുനിവർത്തുന്നത് ശീലമാക്കുക. പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് റിഫ്രെർഷ് ചെയ്യാൻ സഹായിക്കുന്നു.
“30 മിനിറ്റുകൾ ഇരിക്കുകയാണെങ്കിൽ അത് 20 മിനിറ്റ് മാത്രം പൂർണമായും ഇരിക്കുക, എട്ട് മിനിറ്റ് നിൽക്കാനും രണ്ടു മിനിറ്റ് നടക്കുകയും ചെയ്യുക. ഇങ്ങനെ എട്ട് – പത്ത് മണിക്കൂർ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നതിൽനിന്നു സഹായിക്കുന്നു. പിന്നീട് വന്നേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽനിന്നു രക്ഷ നേടാൻ ഇവ സഹായിക്കും,” അഞ്ജലി പറയുന്നു.
നടക്കുന്നതിന്റെ പ്രയോജനം
നടക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം, ഓസ്റ്റിയോപോറോസിസ്, ചില തരം കാൻസറുകൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. നടത്തം മികച്ച വ്യായാമങ്ങളിലൊന്നാണെന്നും ദിവസവും 30-60 മിനിറ്റ് ബ്രിസ്ക്കായുള്ള നടത്തം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ റിഹാബിലിറ്റേഷൻ ആൻഡ് സ്‌പോർട്‌സ് മെഡിസിൻ വകുപ്പ് ഡയറക്ടർ ഡോ ആശിഷ് കോൺട്രാക്ടർ പറഞ്ഞു. ഇത് നിങ്ങൾക്ക് മികച്ച ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തും.
വ്യായാമം തുടങ്ങുമ്പോൾ അധികം ആയാസം കൊടുക്കാതെ നടക്കുകയും അതിനുശേഷം, അൽപം വേഗം കൂട്ടി 30-60 മിനിറ്റ് നടക്കുന്നതാണ് നല്ലതെന്ന്, ഡോ.ആശിഷ് പറയുന്നു.”ഇത് കൈവരിക്കാൻ സാധിച്ചാൽ, ഈ നടത്തം തുടരാൻ ഒരു ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തടയില്ല. പതിയെ പതിയെ ഈ പേസ് കൂട്ടികൊണ്ട് വരാൻ സാധിക്കും. ചെറിയ ദൂരങ്ങൾ ജോഗിങ് ചെയ്യുന്നതും ആരംഭിക്കാം. നിങ്ങൾ ഒരു വോക്ക്-റൺ മത്സരം തുടങ്ങുന്നത് നല്ലതാണ്. നിങ്ങളുടെ ആരോഗ്യക്ഷമത വർധിക്കുന്നതനുസരിച്ച് ഓട്ടം എന്നത് വർധിപ്പിക്കാം,” ഡോ. ആശിഷ് പറയുന്നു.
ആക്ടീവാക്കാനുള്ള മാർഗങ്ങൾ
ശരീരം ആക്ടീവാക്കാനുള്ള ഇത്തരം വ്യായാമങ്ങൾ കേൾക്കാനും പറയാനും എളുപ്പമാണെങ്കിൽ പ്രയോഗ്യമാക്കാൻ ബുദ്ധിമുട്ടാണ്. ശരീരം ആക്ടീവാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യാനായി കൂടുതൽ ക്രീയേറ്റീവ് മാർഗങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ട്. ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക, കാർ ദൂരെ പാർക്ക് ചെയ്യുക എന്നിവയാണ് ചെയ്യാൻ എളുപ്പമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്ന രണ്ടു കാര്യങ്ങൾ, ഡോ. ആശിഷ് പറഞ്ഞു.