ദൈനംദിന കാര്യങ്ങളിൽ നേരിടുന്ന മറവിയുടെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വരുന്നവരാണ് പുരുഷന്മാരിൽ അധികവും . കുടുംബജീവിതത്തെയും തൊഴിലിനെയും ഓർമ്മക്കുറവ് കാര്യമായി ബാധിക്കാറുണ്ട്. എന്നാൽ ഭക്ഷണക്രമത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ ഓർമ്മശക്തി വർദ്ധിപ്പിക്കാനാവും എന്നാണ് പഠനങ്ങൾ പറയുന്നത്.

ഇലക്കറികൾ, ചുവന്ന നിറമുള്ളതും ഓറഞ്ച് നിറത്തിലുള്ള പച്ചകറികൾ, ഓറഞ്ച് ജ്യൂസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പുരുഷൻമാരിലെ ഓർമ്മക്കുറവ് സംഭവിക്കുന്നതിനെ തടയുമെന്നാണ് ന്യൂറോളോജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.51 വയസ്സ് ശരാശരി പ്രായമുള്ള 27,842 പുരുഷന്മാരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ദിവസവും എത്രമാത്രം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ​​ ഉൾപ്പെടുത്താറുണ്ടെന്ന ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ നിന്നാണ് പഴങ്ങളും പച്ചക്കറികളും ഓർമ്മശക്തിയെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.

20 വർഷക്കാലയളവിൽ ഇത്രയും പുരുഷന്മാരുടെ ഭക്ഷണ വിവരങ്ങൾ ശേഖരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ഹാർവാർഡ് ടി.എച്. ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് ബോസ്റ്റണിലെ ചാങ്ങ്സെങ്ങ് യുവാൻ പറഞ്ഞു. എന്നാൽ ഭക്ഷണക്രമം ഓർമ്മശക്തിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്ന് യുവാൻ പറഞ്ഞു.

വിവിധ പഴങ്ങളും പച്ചകറികളും കഴിക്കുന്ന പുരുഷന്മാരെ അഞ്ച് ഗ്രൂപ്പുകളിലാക്കിയാണ് പഠനം നടത്തിയത്. ഇതിൽ കൂടുതൽ പച്ചക്കറി കഴിക്കുന്നവരിൽ ചിന്താ ശേഷി കൂടുതലാണെന്ന് കണ്ടെത്തി. ഓറഞ്ച് ജ്യുസ് കുടിക്കുന്നവർക്ക് മറവി രോഗത്തിനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook