കൊച്ചി: ടയര്‍ ത്രീ പട്ടികയില്‍ വരുന്ന നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് സൈറ്റായ സ്‌നാപ്‌ഡീൽ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 56 ശതമാനം ആളുകളും ടയര്‍ ത്രി പട്ടികയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം മെട്രോ-ഇതര നഗരങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈനായി കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് ഓര്‍ഡറുകള്‍ വന്നാല്‍ അതില്‍ എട്ടും മെട്രോ- ഇതര നഗരങ്ങളില്‍ നിന്നായിരിക്കുമെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.

Read Also: സെക്‌സ് ആസ്വാദ്യകരമാക്കണോ?; മാറ്റിയെടുക്കണം ഈ തെറ്റിദ്ധാരണകള്‍

ഓണ്‍ലൈന്‍ കോണ്ടം വിൽപനയില്‍ മുന്‍നിരയിലുള്ള ടയര്‍ ത്രീ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളവും മലപ്പുറവുമുണ്ട്.  ഇതിനുപുറമേ ഇംഫാല്‍, ഹിസാർ, ഉദയ്‌പൂർ, മോഗ, സിൽചാർ, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്ടത്തിനായി ഏറ്റവുമധികം ഓര്‍ഡറുകള്‍ സൈറ്റിലെത്തിയത്. 

മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ടു കോണ്ടം വാങ്ങാൻ മടിയുള്ളവരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നതെന്ന് സ്‌നാ‌പ്‌ഡീൽ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് അറിവ് വർധിച്ചതാണ് കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണം. ഡിസംബർ ഒന്ന് എയ്‌ഡ്‌സ് ദിനത്തോട് അനുബന്ധിച്ചാണ് ഓൺലൈൻ സേവന ദാതാക്കളായ സ്‌നാ‌പ്‌ഡീൽ  ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബിസിനസ് ഇൻസൈഡർ വെബ്സൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook