ആഴ്ചയില്‍ ഒരു മണിക്കൂര്‍ വേഗത്തില്‍ നടക്കുകയാണെങ്കില്‍ അത് പ്രായമേറിയവരില്‍ ഉണ്ടാകുന്ന മുട്ട് വേദന പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കുമെന്ന് പഠനം. ‘ദിവസത്തില്‍ പത്തു മിനിറ്റില്‍ താഴെയേ വരൂ. അതാകുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല. തനിച്ച് ചെയ്യാവുന്ന ഒരു കാര്യമാണ്,’ യുഎസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡൊറോത്തി ഡല്‍നപ് പറയുന്നു.

‘പ്രായമായ ആളുകളില്‍ ശാരീരിക ക്ഷമത വർധിപ്പിക്കാന്‍ ഇതിലൂടെ നിഷ്പ്രയാസം സാധിക്കും,’ ഡൊറോത്തി പറയുന്നു. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പ്രിവെന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം വഹിച്ചത് പ്രഫസര്‍ ഡൊറോത്തിയാണ്.

അഞ്ചില്‍ രണ്ട് ആളുകള്‍ക്ക് മുട്ടില്‍ തേയ്മാനം വരുന്ന ഓസ്റ്റിയോആര്‍ത്രൈറ്റിസ് ഉണ്ട്. കൂടുതല്‍ പേര്‍ക്കും താഴ്ഭാഗത്തുള്ള സന്ധികളിലാണിത്. ആഴ്ചയില്‍ ഉള്ള ഒരു മണിക്കൂര്‍ നടത്തം ഇവയെ തടയുന്നതിന് സഹായിക്കുകയും ദൈനം ദിന ജീവിതം കൂടുതല്‍ നിരാശ്രയത്വം കലര്‍ന്നതാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു. ആഴ്ചതോറുമുള്ള ഈ വ്യായാമം അവരുടെ ചലന വൈകല്യത്തിന്റെ സാധ്യത 85 ശതമാനവും നിത്യ ജീവിതത്തിലെ വൈകല്യത്തിന്റെ 45 ശതമാനം സാധ്യതയും കുറയ്ക്കുന്നു

പഠനം ആരംഭിച്ച് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആഴ്ച തോറും ആവശ്യമായ വ്യായാമം ചെയ്യാത്ത 24 ശതമാനം ആളുകളും ദൈനം ദിന ജീവിതത്തില്‍ റോഡ് ക്രോസ് ചെയ്യാനും, 23 ശതമാനം ആളുകള്‍ അവരുടെ പ്രഭാത കൃത്യങ്ങള്‍ ചെയ്യാനും ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook