കഴിഞ്ഞ വർഷം ഈ സമയത്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് മെട്രോ ജിതേന്ദ്ര മണി. അദ്ദേഹത്തിന്റെ ശരീര ഭാരം 129 കിലോയായിരുന്നു. മാത്രമല്ല, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ പിടികൂടിയിരുന്നു. പക്ഷേ, ഇവയൊന്നും അദ്ദേഹത്തെ തളർത്തിയില്ല. അതൊരു പുതിയ തുടക്കമായിരുന്നു. ദിവസം 15,000 സ്റ്റെപ്സ് നടക്കുക, ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതടക്കമുള്ള പുതിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തു. ഒൻപതു മാസം കഴിഞ്ഞപ്പോൾ 45 കിലോ കുറച്ച് ശരീര ഭാരം 84 കിലോയിലേക്ക് എത്തിച്ചു.
”എന്റെ അശ്രദ്ധയായിരുന്നു അതിനു കാരണം. എന്റെ ഭാര്യ കാൻസർ ബാധിച്ച് 2018 ൽ മരിച്ചു. അതിനുശേഷം, ഞാൻ അമിതമായി ഭക്ഷണം കഴിക്കാൻ തുടങ്ങി, ശരീര ഭാരം കൂടി,” നാൽപത്തിയൊൻപതുകാരനായ ജിതേന്ദ്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് ഫോണിൽ സംസാരിച്ചു.
പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിച്ച് പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ പ്രശംസാപത്രം നൽകി ജിതേന്ദ്രയെ ആദരിച്ചതിനാൽ അദ്ദേഹത്തിന്റെ കഠിന പരിശ്രമം തിരിച്ചറിയപ്പെടാതെ പോയില്ല. ചടങ്ങിൽ 90,0000 പൊലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. “വളരെ സ്പെഷ്യലായി ഇത് തോന്നുന്നു, ഇപ്പോൾ പ്രചോദനം കൂടുതൽ ഉയർന്നതാണ്,” ജിതേന്ദ്ര പറഞ്ഞു.

ശരീര ഭാരം കുറയ്ക്കാൻ ജിതേന്ദ്ര ചെയ്തത് എന്തൊക്കെ?
ഭക്ഷണശീലത്തിലാണ് ജിതേന്ദ്ര ആദ്യം മാറ്റങ്ങൾ വരുത്തിയത്. കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര, പാക്കേജിലുള്ള ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ചു. ”ഞാൻ ദാൽ, സബ്സി, ദാഹി (ചോറോ റൊട്ടിയോ ഇല്ലാതെ) മാത്രമാണ് കഴിച്ചത്. ബട്ടർമിൽക്ക്, ആപ്പിൾ പോലുള്ള പഴങ്ങൾ വിശപ്പ് തോന്നുമ്പോൾ കഴിക്കുമായിരുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഭൂരിഭാഗം സലാഡുകൾ ഉൾപ്പെടുത്തി. ക്ഷീണം ഒഴിവാക്കാൻ ഒരു സ്കൂപ്പ് പ്രോട്ടീൻ പൊടി ഉപയോഗിച്ചു,” അദ്ദേഹം പറഞ്ഞു. വിശക്കുമ്പോഴെല്ലാം പഴങ്ങളാണ് കഴിച്ചത്. ചായ, കാപ്പി എന്നിവയ്ക്കു പകരം തേങ്ങാവെള്ളമാണ് കുടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”വെറും വയറ്റിൽ ചുരയ്ക്ക ജ്യൂസ് കുടിച്ചാണ് ദിവസം തുടങ്ങിയിരുന്നത്. നാരുകളുമായി ബന്ധപ്പെട്ട എല്ലാ മലബന്ധ പ്രശ്‌നങ്ങൾക്കും ചുരയ്ക്ക ജ്യൂസ് സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ എനിക്ക് വേണ്ടി പ്രവർത്തിച്ച ഏറ്റവും മികച്ചതും ആരോഗ്യകരവുമായ പാനീയമാണിത്. ഇതുപോലെ മറ്റൊന്നുമില്ല. പാക്കേജിലുള്ള ഒരു ഭക്ഷണവും ഞാൻ കഴിച്ചിരുന്നില്ല. പുറത്തുനിന്നുള്ള ഭക്ഷണവും പൂർണമായും ഒഴിവാക്കി. ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ഒരു ഡയറ്റീഷ്യനെയോ അല്ലെങ്കിൽ ന്യൂട്രീഷ്യനിസ്റ്റിനെയോ ഞാൻ സമീപിച്ചില്ല,” അദ്ദേഹം പറഞ്ഞു.
ഈ ഭക്ഷണക്രമം, തന്റെ അരക്കെട്ടിന്റെ വലിപ്പം 12 ഇഞ്ച് കുറയ്ക്കാൻ മാത്രമല്ല, രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷണ ആസക്തികളെ മറികടന്നത് എങ്ങനെയാണ്?
ശരീര ഭാരം കുറയ്ക്കാനുള്ള ദൃഢനിശ്ചയത്തെ തുടർന്ന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം വേണ്ടെന്നുവച്ചു. ഉയർന്ന കലോറി ഭക്ഷണങ്ങൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ തുടർന്ന് ഓഫീസ് പാർട്ടികളും പരിപാടികളും പോലും താൻ ഒഴിവാക്കിയിരുന്നുവെന്ന് ജിതേന്ദ്ര പറഞ്ഞു.
മറ്റെന്തെല്ലാം സഹായിച്ചു.
ദിവസവും 15,000 സ്റ്റെപ്സ് നടക്കും. ചില ദിവസങ്ങളിൽ 20,000 കടക്കുമായിരുന്നു. ന്യൂഡൽഹിയിലെ സിരി ഫോർട്ട് സ്‌പോർട്‌സ് ഗ്രൗണ്ടിലെ നടപ്പാതയിൽ എല്ലാ ദിവസവും രാവിലെ 6.45 മുതൽ 9 വരെയാണ് നടക്കുക.
നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും അത് ചെയ്യുകയുമാണ് വേണ്ടതെന്ന ഉപദേശമാണ് ജിതേന്ദ്രയ്ക്ക് മറ്റുള്ളവരോട് പറയാനുള്ളത്.