Onam 2019, Payasam: ഓരോ അരിമണിയിലും അതു കഴിക്കേണ്ടവരുടെ പേരെഴുതിയിട്ടുണ്ടാകും എന്നു പറയുന്നതു പോലെ ഒരോ ഉടുപ്പിലും അതുടുക്കേണ്ടവന്റെ പേരുണ്ട്. ഇതു വരെ ഒരു ഓണത്തിനും എനിക്കായൊരു ഓണക്കോടിയും നെയ്യപ്പെട്ടിട്ടില്ല..
‘ഓണക്കോടി’ എന്ന ചടങ്ങ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നില്ല. സ്വന്തത്തിലാരുടെയെങ്കിലും കല്യാണം വരുമ്പോഴാണ് ഡ്രസ്സെടുക്കൽ. ഓണപ്പൂട്ടു കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ എല്ലാവരും ഓണക്കോടിയിട്ടിട്ടാവും വരവ്. എനിക്കതു കാണുമ്പോൾ അസൂയയുടെ മുള പൊട്ടും. പിന്നെ സങ്കടം കിനിയും.
എന്നാലും ഓണം എനിക്കു സന്തോഷമുള്ളതായിരുന്നു. വേറൊന്നുമല്ല തിരുവോണത്തിനു കിട്ടുന്ന പായസം തന്നെ. അത്രയ്ക്ക് മധുരം കൊതിച്ചിയാണ് ഞാൻ. ഈ ലോകത്തേറ്റവും ഇഷ്ടമെന്തെന്നു ചോദിച്ചാൽ ഒരു സംശയവുമെനിക്കില്ല. ദൈവങ്ങളെ പോലും മയക്കിയ അതേ പായസം തന്നെ.
Payasam: പയസ് അല്ലെങ്കിൽ പാൽ ചേർന്നതാണ് പായസം
പയസ് അല്ലെങ്കിൽ പാൽ ചേർന്നതാണ് പായസം. അത് പശുവിൻ പാലോ തേങ്ങാപ്പാലോ ആകാം. മധുരം നമ്മളെ ആനന്ദിപ്പിക്കുന്നുണ്ട്. വല്ലാതെ സങ്കടം വരുമ്പോഴും സ്ട്രെസ് വരുമ്പോഴും ഇത്തിരി മധുരം കഴിച്ചാൽ ഞാൻ ശാന്തയാകാറുണ്ട്. ഞാൻ വലിയൊരു മധുരപ്രിയയാണ്. ഈ ലോകത്തിലേറ്റവും ഇഷ്ടം എന്തെന്നു ചോദിച്ചാൽ അതിനുത്തരം മധുരമെന്നാണ്. അതിലേറ്റവും ഇഷ്ടം പായസമാണ്. ഏലത്തരികളും നെയ്യിൽ മൊരിയുന്ന കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും പിന്നെ കുറുകിയ പാലും, പായസ മണത്തെ കാറ്റ് കട്ടോണ്ടു പോവാതിരിക്കുമോ? മധുരം കഴിക്കാതിരിക്കാൻ പറ്റുന്ന കാലം വരല്ലേ എന്നാണ് വാർധക്യത്തെക്കുറിച്ചുള്ള എന്റെ പ്രാർത്ഥന.
ഓരോ ഓണക്കാലവും എനിക്ക് പായസക്കാലങ്ങളാണ്. എന്റെ പിറന്നാൾ ചിങ്ങത്തിലാണ്. തിരുവോണത്തിനും എന്റെ പിറന്നാളിനുമാണ് ഞങ്ങളുടെ വീട്ടിൽ പായസം വെയ്പ്പ്. അല്ലാതെ പായസം വയ്ക്കാൻ അമ്മയ്ക്കെന്തോ മടിയായിരുന്നു. അപ്പൻ ഗൾഫിലായതു കൊണ്ട് ഒരു പുത്തൻ സാരി മേടിക്കാൻ മടിക്കുന്നതു പോലെത്തന്നെയായിരുന്നു അതും. അപ്പൻ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുമ്പോൾ നാട്ടിൽ സുഭിക്ഷമായി ജീവിക്കാൻ അമ്മ മടി കാണിച്ചു. കാരണങ്ങളുണ്ടായാൽ മാത്രം അമ്മ നല്ല ഭക്ഷണമൊരുക്കി.
അങ്ങനെയൊന്നായിരുന്നു ഓണവും പിറന്നാളും. പിറന്നാൾ ചിലപ്പോൾ തിരുവോണത്തിൻെറയന്നു വരും. അക്കൊല്ലം ഒരു പായസത്തിൽ കൊതി അടക്കേണ്ടി വരും. തെങ്ങിൻ പറമ്പ് സ്വന്തമായുണ്ടായിട്ടും അമ്മ നാളികേരം പൊതിച്ച് ചിരവി പായസമുണ്ടാക്കാനിഷ്ടപെട്ടില്ല. അതെല്ലാം വിറ്റ് അന്നം തേടാനായിരുന്നു അമ്മയുടെ ശ്രമങ്ങളൊക്കെയും. വീട്ടിൽ മറ്റാരും മധുര പ്രിയരില്ലെന്നതും കാരണമാകാം.
ചേച്ചിയ്ക്ക് എരിവായിരുന്നു ഇഷ്ടം. കാര്യം ഞങ്ങൾ തമ്മിൽ ശത്രുതയായിരുന്നെങ്കിലും ബാർട്ടർ സമ്പ്രദായം നിലനിന്നിരുന്നു. വിരുന്നുകാര് കൊണ്ടുവരുന്ന പലഹാരങ്ങളിൽ എനിക്കു കിട്ടുന്ന എരിവിന്റെ പങ്ക് ഞാനവൾക്ക് കൊടുക്കണം. അവളുടെ മധുരപ്പങ്ക് എനിക്കു തരും. എളേപ്പൻമാരുടെ വീടുകളിൽ കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ കാത്തിരിക്കും. കല്യാണപ്പെണ്ണും ചെറുക്കനും ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുൻപേ ഞാൻ അവർക്കു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിച്ചു തുടങ്ങിയിട്ടുണ്ടാവും. എന്നാലല്ലേ പേറ്റു പലഹാരം കിട്ടുള്ളൂ. അച്ചപ്പം, കുഴലപ്പം, ഉണ്ട ,ഐനാസ്, ലഡു ,കേക്ക്, മിക്ചർ അങ്ങനെ എന്തെല്ലാം വിഭവങ്ങളാണ്. ബന്ധുക്കൾ മരിച്ചാൽ അന്നു സങ്കടമൊക്കെ തോന്നുമെങ്കിലും ഏഴിന്റെയന്നാവുമ്പോഴേക്കും സന്തോഷമാവും. അന്നു പായസം കൂട്ടി സദ്യയുണ്ട്. ചോറൊക്കെ ചിക്കി ചികഞ്ഞുണ്ട് പായസത്തിന്നായി കാത്തിരിക്കും.
വർഷമിത്ര കഴിഞ്ഞിട്ടും മധുരത്തിന്നായി കാത്തിരിക്കുന്ന ഒരു കുട്ടി എന്നിലുണ്ടെന്ന് തോന്നാറുണ്ട്. അതു കൊണ്ടാണല്ലോ പായസം കിട്ടുന്ന ഒരവസരങ്ങളും പാഴാക്കാത്തത്. ഓഫീസിൽ മര്യാദയുടെ പേരിൽ ക്ഷണിക്കുന്നവരുടെ വീട്ടിലെ കല്യാണങ്ങൾക്കു പോയി ഉറ്റ സുഹൃത്തെന്ന നാട്യത്തിലിരുന്നു പായസം മൂക്കുമുട്ടെ തട്ടിവിടുന്നത്. സദ്യയിൽ പായസം വിളമ്പി തുടങ്ങുമ്പോൾ ഞാൻ ചോറുണ്ണുന്നത് അവസാനിപ്പിക്കും. പിന്നെ പായസം വിളമ്പുന്നവരെ മാടി വിളിക്കലാണ്. എന്തോ, പായസം തീർന്നു പോവുമോയെന്നൊരു ഭയം ആ സമയത്ത് ഉള്ളിൽ വന്നു നിറയും. ധൃതിയിൽ പായസം വിളമ്പി വരുന്ന ചേട്ടനെ ക്ഷമയില്ലാതെ പല കുറി വിളിക്കും. ചിലർ കണ്ണുകളിലെ തിളക്കം കണ്ട് ഓടി വരും. ചില ചേട്ടൻമാർ നമ്മളെയൊന്നിരുത്താൻ വേണ്ടി ‘വരാം ചേച്ചി ആക്രാന്തം പിടിക്കാതെ ‘ എന്നു അസഹിഷ്ണുതയോടെ പറയും.
ഒരുമാതിരിപ്പെട്ട പെണ്ണുങ്ങളൊക്കെ ആ കമന്റിൽ ചൂളും. ‘നിന്റെ പെങ്ങളുടെ കല്യാണത്തിന്റെ പായസമല്ലല്ലോ ‘ എന്ന മട്ടിലുള്ള ഭാവം ഞാനും കൈമാറും. കൂടെയിരിക്കുന്നവർ കൈമുട്ടു കൊണ്ടു തട്ടി ‘മതി മതി’യെന്നു പറയുന്നതു വരെ പല തരം പായസങ്ങൾ ഞാൻ കുടിച്ചു കൊണ്ടിരിക്കും.
അമ്മയ്ക്ക് ആകെ ഉണ്ടാക്കാനറിയുന്നത് സൂചി ഗോതമ്പു പായസമാണ്. മറ്റു പായസങ്ങൾ കുടിക്കാൻ കല്യാണമോ, അടിയന്തിര സദ്യയോ ആയിരുന്നു ശരണം. അങ്ങനെയങ്ങനെയിരിക്കുമ്പോൾ എനിക്കു പായസം കുടിക്കാൻ തോന്നും. കുട്ടിക്കാലത്ത് ഇങ്ങനെയൊരു ആശ വന്നാൽ ഞാൻ കരഞ്ഞു ബഹളമുണ്ടാക്കും. മിക്ക ദിവസവും രാവിലെ ഞങ്ങളുടെ വീട്ടിലെ സൈറൻ പോലെയായിരുന്നു ആ കരച്ചിൽ. എനിക്കു രാവിലെത്തന്നെ മധുരമുള്ളത് എന്തെങ്കിലും വേണം. അമ്മ സഹികെട്ട് അടുപ്പത്ത് വേവുന്ന പരിപ്പു ഒരു പാത്രത്തിലെടുത്ത് അതിൽ പഞ്ചാരയിട്ടു തരും. വൻപയറിലും ചെറുപയറിലും കടലയിലുമെല്ലാം അമ്മയിതു പരീക്ഷിക്കും.ഇതുമതിയായിരുന്നു എന്റെ പായസക്കൊതിയടങ്ങാൻ.
വറുത്ത അരിപ്പൊടിയിൽ തേങ്ങാപ്പാൽ പിഴിഞ്ഞ് പഞ്ചസാരയിട്ടാൽ അതെനിക്കു കുറുക്കു പായസമാണ്. ഗോതമ്പുപൊടിയും ഇങ്ങനെ ചെയ്യാം. കൂട്ടുകാരി മിനിയുടെ അമ്മയ്ക്കൊരു ചെപ്പടി വിദ്യയുണ്ട്. ഗോതമ്പ് പൊടി തേങ്ങ ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടും. കുറച്ചു ഗോതമ്പുപൊടി മധുരം ചേർത്ത് കലക്കിയതിലേക്ക് ഈ ഉരുളകൾ ഇട്ടു വേവിക്കും. തേങ്ങാപ്പാലൊഴിച്ച് ഇറക്കി വെയ്ക്കും. ചൂടോടെ കഴിക്കാൻ എന്തു രുചിയാണെന്നോ
വേനൽക്കാലത്ത് നാളികേരം മൂക്കുന്നതിനു മുൻപു പൊഴിഞ്ഞു വീഴും. വാട്ടത്തേങ്ങയാണത്. അത് വിറ്റ് കാശാക്കാൻ പറ്റാത്തതു കൊണ്ട് അമ്മ എന്നോട് എന്തു വേണേൽ ചെയ്തോളാൻ പറയും. തേങ്ങ ചിരകിയെടുക്കുമ്പോൾ ചെറിയൊരു വഴുവഴുപ്പുളളതു കൊണ്ട് പിഴിഞ്ഞെടുക്കാൻ പാടാണ്. പച്ചരിയും ഈ വാട്ടത്തേങ്ങയും ശർക്കരയും വെച്ച് ഞാനുണ്ടാക്കി കുടിച്ചിട്ടുള്ള പായസങ്ങളെത്ര.
പിന്നീട് വീടുമാറി താമസിച്ചിടത്ത് നിറയെ ഹിന്ദുക്കളുണ്ടായിരുന്നു. ഓണത്തിനും അമ്പലത്തിലെ ഉത്സവത്തിനും അവരുടെ വീടുകളിൽ നിന്നു പായസം പകർച്ചയെത്തും. പരിപ്പു പായസം, സൂചി ഗോതമ്പു പായസം, സേമിയ പായസമൊക്കെയായിരിക്കും. അന്നൊക്കെ ഞങ്ങളുടെ ധാരണ സേമിയ പായസം വെളുത്തിരിക്കുന്നത് തേങ്ങാപ്പാൽ ഒഴിച്ചിട്ടാണെന്നായിരുന്നു. എത്രയോ കാലങ്ങൾ കഴിഞ്ഞാണ് പശുവിൻ പാലൊഴിച്ച് മിനിറ്റുകൾ കൊണ്ട് തയാറാക്കാവുന്ന പായസമാണതെന്ന് തിരിച്ചറിഞ്ഞത്. മുന്നിലെ വീട്ടിലെ സരോജിനിയേച്ചി സേമിയ പായസം ശർക്കര ചേർത്താണുണ്ടാക്കുക. നാടൻ പായസങ്ങളായിരുന്നു ഞങ്ങളുടെ നാട്ടു ഗ്രാമത്തിൽ കൂടുതലും.
ചില വീടുകളിൽ തെരണ്ടു കല്യാണം നടത്തും. എന്തു പരിപാടിയാണേലും ചുറ്റുവട്ടത്തുള്ള എല്ലാവരും അമ്മയെ വിളിക്കും. പായസം കുടിക്കാനുള്ള കൊതിക്ക് എനിക്കു പോണമെന്നുണ്ടെങ്കിലും ക്ലാസുള്ള ദിവസമായതുകൊണ്ട് അമ്മ സമ്മതിക്കില്ല. അങ്ങനെയല്ലാതൊരു ദിവസം ആരും തീണ്ടാരിയായിട്ടുമില്ല. പായസം നല്ലോണം ബാക്കി വന്നാൽ അയൽ വീടുകളിലേക്ക് പകർച്ച കൊണ്ടു വരും. ഞാനവരുടെ വരവും നോക്കിയിരിക്കും. പകർത്തിയൊഴിക്കാനുള്ള പാത്രമൊക്കെ തയാറാക്കി വയ്ക്കും.
ഉഷ ചേച്ചിയുടെ വീട്ടിൽ കല്യാണമുണ്ടേൽ പായസം കൊണ്ടുവരുമെന്നുറപ്പാണ്. ആ വീട്ടിലെ ഗിരിജേച്ചിയുടെ കല്യാണത്തിനു പോയി പായസമൊക്കെ വയറു നിറയെ കുടിച്ച് ഇനിയെപ്പോ പായസം പകർച്ചയെത്തുമെന്ന് നോക്കിയിരിക്കുമ്പോഴാണ് മഴ വന്നത്. അമ്മ നാളികേരം പെറുക്കിക്കൂട്ടാൻ എന്നെയും വിളിച്ചു കൊണ്ടോടി. പോവാനെനിക്കു തീരെ മനസ്സില്ല. പായസം കൊണ്ടു ആളു വരുമ്പോൾ വീട്ടിലാളു വേണ്ടേ. അമ്മയോടതു പറഞ്ഞാൽ തല്ലു കിട്ടുമെന്നുള്ളതു കൊണ്ട് മിണ്ടാതെ കൂടെപ്പോയി. തിരിച്ച് സന്ധ്യയ്ക്കാണ് വീട്ടിലെത്തിയത്. പായസപാത്രം വച്ചിട്ടുണ്ടോന്ന് ഇറയത്തൊക്കെ നോക്കി. രാത്രി വരെയും അവരുടെ വരവ് പ്രതീക്ഷിച്ചു. ഞങ്ങളുടെ അടുക്കള ഭാഗത്തായാണ് അവരുടെ വീട്. കാലടിയൊച്ച പ്രതീക്ഷിച്ച് അടുക്കളയിൽ എത്ര നേരമാണ് കുത്തിയിരുന്നത്. അന്നു കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയത്.
രണ്ടു ദിവസം കഴിഞ്ഞ് ഉഷ ചേച്ചി വിശേഷം പറയാൻ വന്നപ്പോഴാണ് ‘പായസോം കറിയും കൊണ്ടു വന്നപ്പോൾ ഇവിടെ ആളില്ലായിരുന്നല്ലോ, പിന്നെ ഞാൻ മറന്നും പോയി,’ അമ്മ അതു കേട്ട് എന്റെ മുഖത്തു നോക്കാതെ വേറെയെവിടേക്കോ നോക്കിയിരുന്നു. എന്തൊരു സങ്കടമായിരുന്നു അന്നും.
ചുറ്റുവട്ടത്തു നിന്ന് ആരേലും ശബരിമലയ്ക്ക് പോകാൻ മാലയിടുമ്പോഴേ ഞാൻ അരവണ പായസം പറഞ്ഞു വയ്ക്കും. ബൈബിളിൽ പറഞ്ഞതനുസരിച്ച് പൂജാദ്രവ്യങ്ങൾ കഴിക്കാൻ പാടില്ലെന്നാണ്. കൂട്ടുകാർ അക്ഷരം പ്രതി അതു അനുസരിക്കുമ്പോഴും ഞാൻ കൂസലില്ലാതെ അരവണ ടിൻ നക്കിതുടയ്ക്കും. അതു പോലെ അമ്പല പായസങ്ങളും
വളരെ മെലിഞ്ഞ ഒരാളായിരുന്നു ഞാൻ. കല്യാണപ്രായമായപ്പോൾ അമ്മ പറയും പോലെ കൊതുകിനു കുത്താൻ ഇറച്ചിയില്ലാത്ത ശരീരമായിരുന്നു എന്റെത്. എല്ലാവരും കൂടി എന്നെ വണ്ണം വെപ്പിക്കാൻ തീരുമാനിച്ചു. രാത്രി ഭക്ഷണം കഴിക്കാൻ വലിയ മടിയായിരുന്നു എനിക്ക്. അമ്മയതിന്നൊരു പരിഹാരം കണ്ടു പിടിച്ചു. എന്നും വൈകുന്നേരം ഗോതമ്പു നുറുക്ക് വേവിച്ച് ശർക്കരയും തേങ്ങയുമിട്ടു തരും. അതോടു കൂടി ഞാൻ അത്താഴം മുടക്കുന്നത് നിറുത്തി.
കുറേ നാളുകൾക്കു ശേഷം അപ്പൻ-വീട്ടിൽ ച്ചെന്നപ്പോൾ ആൻറി എനിക്കു പായസമുണ്ടാക്കിത്തന്നു. അമ്മ മരിച്ചതിനു ശേഷം ആദ്യമായൊരാൾ എന്റെ പായസക്കൊതിയോർത്ത് ഉണ്ടാക്കി തന്നതാണ്. ഭർത്താവിന്റെ വീട്ടിൽ ഓണത്തിനെന്നല്ല ഒരു ദിവസവും പായസം വയ്ക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൊതി പറഞ്ഞു പറഞ്ഞ് ഒരു ടിൻ പായസം വാങ്ങും. അതിനെത്ര ഉടമകളാണ്.
ഇത്രയും കാലത്തിനിടയ്ക്ക് കുടിച്ചു തീർത്ത പായസങ്ങൾ എത്ര. എത്രയോ കൂട്ടുകാരുടെ അമ്മമാർ ഞാൻ ചെല്ലുന്നതറിഞ്ഞ് പായസം തയാറാക്കി വെച്ചു. ശർക്കര പായസം പഴവും പപ്പടവും കൂട്ടി കുഴച്ചു തിന്നാൽ രുചിയായിരിക്കുമെന്നു പഠിപ്പിച്ചത് കൂട്ടുകാരി അനുവാണ്. അതു വരെ പായസം ഇലയിൽ ഒഴുകി പോകുമ്പോൾ പരിഭ്രമിച്ച് പരക്കം പായുന്ന കുട്ടിയായിരുന്നു ഞാൻ. പപ്പടത്തിന്റെ നേരിയ ഉപ്പുരസവും പഴത്തിന്റെ നേർത്ത പുളി-മധുരവും പായസത്തിന്റെ നെയ്മണം ചേർന്ന കടുംമധുരവും കൂടികലരുമ്പോഴുണ്ടാകുന്നത് രാജകീയ രുചി തന്നെയാണ്.
പക്ഷേ , തിരുവനന്തപുരം കാരുടെ ബോളി കൂട്ടി പാൽപായസം കഴിച്ചിട്ട് എനിക്കത്ര ഇഷ്ടപ്പെട്ടില്ല. പായസത്തിന്റെ തനതു രുചി നഷ്ടപ്പെട്ടതു പോലെ. ബോളി തന്നെ തിന്നാൻ അതിലുമിഷ്ടം തോന്നി. പായസം മടുക്കുമ്പോൾ വടുകപുളി നാരങ്ങയുടെ അച്ചാർ തൊട്ടു നക്കിയാൽ മതിയെന്ന സൂത്രം പറഞ്ഞു തന്നത് ശ്രീദേവിയാണ്.
പാൽപ്പായസവും ശർക്കരപ്പായസവും കലർത്തി കഴിച്ചാൽ വേറൊരു രുചിയാണ്. കേരളത്തിനു വടക്കുള്ളവർ വിയോജിച്ചാലും പായസം കുടിച്ച് മട്ടിക്കുമ്പോൾ അല്പം മോരൊഴിച്ച് ഒരു ഉരുള ചോറുണ്ടാൽ നാലു ഗ്ലാസു പായസം പിന്നെയും കുടിക്കാമെന്നതാണ് സത്യം. പായസം കുടിക്കുന്നതിനു മുൻപ് അല്പം ജീരകവെള്ളം കുടിച്ചാലും നല്ലതാണ്.
പായസമുണ്ടാക്കിയ ഉരുളിയുടെ വക്കുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പത ചുരണ്ടി കഴിച്ചിട്ടുണ്ടോ? അസാധ്യ രുചിയാണ്.
പാൽ പായസവും ശർക്കര പായസവും ബാക്കി വന്നാൽ ഒരുമിച്ചാക്കി ഉരുളിയിലിട്ടു തിളപ്പിച്ച് വറ്റിച്ചെടുക്കുക. അലുവ പോലെ മുറിച്ചെടുക്കാം. പാൽപായസങ്ങൾ ഫ്രീസറിൽ വെച്ച് കട്ടയാക്കിയെടുത്താൽ ഉഗ്രൻ ഐസ്ക്രീമായി. പായസത്തിൽ ഒട്ടും ഇഷ്ടമില്ലാത്തത് ഇടയ്ക്ക് ഏലയ്ക്ക കടിക്കുന്നതാണ്. അതിന്റെ നീറ്റൽ വായിൽ പടർന്നാൽ പിന്നെ പായസത്തിനു ഏലയ്ക്ക രുചിയായിരിക്കും.
ഇപ്പോൾ എന്തു കൊണ്ടും പായസമുണ്ടാക്കമല്ലോ. എന്നാലും കൂടുതലിഷ്ടം പാലടപ്രഥമനും ഇടിച്ചു പിഴിഞ്ഞ പായസവും ഗോതമ്പു പായസയുമൊക്കെയാണ്. പാവം എത്രയോ മധുരക്കൊതികളെ ശമിപ്പിച്ച ഗോതമ്പു പായസത്തിനെ ഇപ്പോ കാണാനേയില്ല.
എത്ര പറഞ്ഞാലും തീരാത്തതാണ് പായസവിശേഷങ്ങൾ.
ഈ ചിങ്ങത്തിലെ പിറന്നാളിന് മക്കൾ വാങ്ങിത്തന്ന സമ്മാനം പായസമായിരുന്നു. കടയിൽ പോയി വരുമ്പോൾ ബാക്കി കിട്ടുന്ന പൈസ കൂട്ടിവെച്ച് തലേന്നേ കടയിൽ ഓർഡർ കൊടുത്ത് വാങ്ങിത്തന്ന പായസമാണത്. മക്കളാരും മധുരപ്രിയരല്ലെന്നതാണ് ഏറ്റവും വിചിത്രം. മോന്റെ സ്കൂളിൽ അവന്റെ കൂട്ടുകാരിലൊരാൾ പിറന്നാളിന് പായസം കൊണ്ടു വന്നു. അവൻ ആ വിശേഷം വീട്ടിൽ വന്നു പറഞ്ഞപ്പോൾ ‘നിനക്ക് വാങ്ങിയിട്ട് എനിക്കു കൊണ്ടുത്തരായിരുന്നില്ലേ’ എന്നു വെറുതെ ആശ പറഞ്ഞു.
കുറച്ചു നാളുകൾക്കു ശേഷം ഒരു ദിവസം ജോലി കഴിഞ്ഞ് മടുത്ത് വന്നു കയറിയപ്പോൾ അമ്മയ്ക്കൊരു സർപ്രൈസുണ്ട് എന്നു പറഞ്ഞ് ഫ്രിഡ്ജിൽ നിന്നു ഒരു കടലാസു ഗ്ലാസെടുത്തു തന്നു. പായസമായിരുന്നു അത്. വേറൊരു കൂട്ടുകാരൻ പിറന്നാൾ പായസം കൊണ്ടു വന്നപ്പോൾ ഒരു ഗ്ലാസിൽ വാങ്ങി എവിടന്നോ കവറു സംഘടിപ്പിച്ച് പൊതിഞ്ഞ് തട്ടിത്തൂവാതിരിക്കാൻ സ്കൂൾ വാനിലെ ഏറ്റവും പിറകിലെ സീറ്റിൽ പോയിരുന്നു അമ്മയെ ആനന്ദിപ്പിക്കാൻ കരുതൽ കാണിച്ച മകൻ തന്നെയല്ലേ എന്റെ ഓണം.
Read Here: Onam 2019: ഓണപ്പൊട്ടന്‍: ഓണനാളുകളിലെ കുടമണികിലുക്കം