ആശങ്കകള്‍ക്കും ആവലാതികള്‍ക്കുമിടയില്‍ വീണ്ടുമിതാ ഒരു ലോകഭൗമദിനം കൂടി. ഇനിയും മരിക്കാത്തത ഭൂമിയ്ക്ക് കുടപിടിക്കാന്‍, അതിനെ കാത്തു സൂക്ഷിക്കാനുള്ള അവസരങ്ങളെക്കുറിച്ച് ആവശ്യകതെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൗമദിനവും. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്നും ഈ ദിനമെങ്കിലും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും ഉദയത്തിന്റെ ഒാര്‍മ്മ പുതുക്കലായാണ് ഏപ്രില്‍ 22 ന് ലോക ഭൗമ ദിനം ആചരിക്കുന്നത്. 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. ചില ചെറിയ മാറ്റങ്ങളിലൂടെ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങള്‍ വളരെ വലുതാണ്.

1. ഭൂമിയുടെ നിലനില്‍പിനു തന്നെ ഏറെക്കാലമായി പ്ലാസ്റ്റിക് ഉപയോഗം ഒരു ഭീഷണിയാണെന്നതിനെക്കുറിച്ച് നമുക്കറിയാം. മണ്ണിനും, പരിസ്ഥിതിക്കും, ജലത്തിനും, മനുഷ്യജീവിതത്തിനാകെയും ഇതുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. പ്ലാസ്റ്റിക് ദ്രവിച്ചു തീരാന്‍ 500 വര്‍ഷത്തിലധികം സമയമെടുക്കും. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള പ്ലാസ്റ്റിക്കിന്റെ 79 ശതമാനം വയലുകളിലും മറ്റുമായി വലിച്ചെറിയുകയാണ് ചെയ്തിട്ടുള്ളത്. ഒമ്പതു ശതമാനം മാത്രമാണ് പുനചംക്രമണം അഥവാ പുതുക്കി ഉപയോഗിച്ചിട്ടുള്ളത്.

2. റോഡിലിറങ്ങിയാല്‍ മനുഷ്യരെക്കാള്‍ കൂടുതല്‍ വാഹനങ്ങളാണ്. വിവിധ തരത്തിലുളള വിവിധ വലിപ്പത്തിലുള്ള കാറുകള്‍. ഓരോ വീട്ടിലും പലപ്പോഴും ഒന്നിലധികം വാഹനങ്ങള്‍. ഇതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പക്ഷെ ആരും ബോധവാന്മാരല്ല. ഭൂമിയെ നശിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് ഓട്ടോമൊബൈലുകള്‍ക്കാണ്. പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

3. മാറേണ്ടത് നമ്മളാണ്. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിച്ചിച്ചിട്ടുണ്ടെങ്കിലും, ഇതിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മാറ്റങ്ങള്‍ തുടങ്ങേണ്ടത് വ്യക്തികളില്‍ നിന്നുമാണ്. അതിന് ആവശ്യം ബോധവത്കരണമാണ്. അതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം മനുഷ്യനും പ്രകൃതിക്കും എത്തരത്തിലാണ് ദോഷം ചെയ്യുക എന്നത് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടത്താന്‍ സാധിക്കണം.

4. എളുപ്പത്തില്‍ ജീര്‍ണിക്കാവുന്ന ഉത്പന്നങ്ങളിലേക്കു മാറുക എന്നതാണ് മറ്റൊരു സാധ്യത. പ്ലാസ്റ്റിക് ജീര്‍ണിക്കാനും ദ്രവീകരിക്കാനും 500 വര്‍ഷം സമയമെടുക്കുമെന്നാണ് പഠനം. എന്നാല്‍ ബയോഡീഗ്രേഡബിള്‍ ആയിട്ടുള്ള ഉത്പന്നങ്ങള്‍ ഒരുമാസക്കാലത്തെ സമയംകൊണ്ട് ജീര്‍ണിക്കും. പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം കടലാസ് ബാഗുകള്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം തുണിയുടെയോ പേപ്പറിന്റെയോ കവര്‍ ഉപയോഗിക്കാം.

5. മരങ്ങളും ചെടികളും കൂടുതലായി വച്ചുപിടിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മറ്റൊരു മാര്‍ഗം. അന്തരീക്ഷത്തിന്റെ ഊഷ്മാവ് കുറയ്ക്കാനും കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാനും ഇത് സഹായിക്കും. പത്ത് എയര്‍ കണ്ടീഷന്റെ ഫലമാണ് ഒരു മരം തരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ