ഉറക്കത്തെ സംബന്ധിച്ച് പലർക്കും വ്യത്യസ്ത രീതികളുണ്ടാകും. ചിലർക്ക് പകലുറങ്ങി രാത്രി ഉണർന്നിരിക്കുന്ന സ്വഭാവമുണ്ടാകും. ഇത്തരം സ്വഭാവക്കാരാണ് സംഗീതഞ്ജൻ ബോബ് ഡിലൻ, ഫിഡൽ കാസ്ട്രോ, ജെ.ആർ.ആർ ടോൽകീൻ, മാവോ സേതുങ് എന്നിവർ. എന്നാൽ രാത്രി ഉറക്കം ഉപേക്ഷിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

‘അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഉറക്കക്കുറവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നത്. മനുഷ്യന്റെ ഉറക്കത്തിന്റെ ദൈർഘ്യം നിയന്ത്രിക്കുന്ന സിർകേഡിയൻ റിഥം, ആഹാരക്രമം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവ തമ്മിലുള്ള ബന്ധം എങ്ങിനെ ആരോഗ്യത്തെ ബാധിക്കും എന്നാണ് പഠനത്തിലൂടെ തെളിയിക്കാൻ ശ്രമിച്ചത്.

തിരക്ക് പിടിച്ച ജീവിതശൈലി, ക്രമം തെറ്റിയുള്ള ഭക്ഷണരീതിയും, ഉറക്കവും പലപ്പോഴും ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഇത്തരത്തിലുള്ള ജീവിത രീതികൾ ഗ്ലൂക്കോസിന്റെ അളവ്, രക്ത സമ്മർദം എന്നിവയെ ബാധിക്കുമെന്നാണ് മെഡിക്കൽ പഠനങ്ങൾ പറയുന്നത്.

ഉറക്കവും ഭക്ഷണരീതികളും തമ്മിലുള്ള ബന്ധം വിലയിരുത്തിയുള്ള പഠനത്തിൽ വൈകി ഉറങ്ങുന്നവരിൽ തെറ്റായ ഭക്ഷണരീതികളാണ് കണ്ടെത്തിയത്. ഇത്തരക്കാർ പച്ചക്കറികളും, ധാന്യങ്ങളും കഴിക്കുന്നത് കുറവാണ്, കൂടാതെ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്ന പ്രവണതയും ഉണ്ട്. ഇത്തരക്കാർക്ക് ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

ഗവേഷകരുടെ അഭിപ്രായത്തിൽ രാത്രി വൈകി ഉറങ്ങുന്നവർക്ക് പ്രമേഹം നിയന്ത്രിക്കുന്നത് പ്രയാസമായിരിക്കും. പകൽ സമയത്ത് ഭക്ഷണം കഴിക്കുന്ന സമയനിഷ്ഠയിലുള്ള വ്യത്യാസങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് ഗവേഷക സൂസന്ന അൽമോസാവി പറഞ്ഞു. ഇതിനാലാണ് ‘നേരത്തെ ഉറങ്ങുക, നേരത്തെ ഉണരുക,’ എന്നിവ മനുഷ്യനെ ആരോഗ്യവാനും, ബുദ്ധിമാനും, സമ്പന്നനും ആക്കുമെന്ന് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook