scorecardresearch
Latest News

ആരോഗ്യത്തിനായി ഇതാ ചില പുതിയ തുടക്കങ്ങൾ

കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യം, പ്രതിരോധശേഷി എന്നിവയ്ക്ക് ഒക്കെ ജീവനോളം പ്രാധാന്യമുണ്ട്. 2022 പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ആരോഗ്യത്തിനായി, സ്വാസ്ഥ്യത്തിനായി ചില പുതുവത്സര പ്രതിജ്ഞകൾ എടുക്കാം

ആരോഗ്യത്തിനായി ഇതാ ചില പുതിയ തുടക്കങ്ങൾ

പ്രതീക്ഷയോടെയാണ് ഓരോ പുതുവർഷത്തെയും നമ്മൾ വരവേൽക്കുന്നത്. കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രഹരങ്ങളേറ്റ്, അതിജീവനം ദുസ്സഹമായ രണ്ടു വർഷങ്ങളിലൂടെയാണ് മാനവരാശി കടന്നുപോയത്. അതിനാൽ തന്നെ കോവിഡ് ഭീതി എന്നേക്കുമായി ഒഴിച്ച്, ലോകം അതിന്റെ പ്രസരിപ്പിലേക്ക് തിരികെയെത്തുന്ന പുതിയ വർഷങ്ങളാണ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ പൊതുവായൊരു പ്രതീക്ഷ.

വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി പ്രവചിക്കാനായില്ലെങ്കിലും ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യകരമായ ലൈഫ്സ്റ്റൈലും ഭക്ഷണശീലങ്ങളും ദിനചര്യയുടെ ഭാഗമാക്കി പുതിയൊരു തുടക്കം കുറിക്കാൻ ആർക്കും സാധിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധശേഷി, ആരോഗ്യം എന്നിവയ്ക്ക് ഒക്കെ ഏറെ പ്രാധാന്യമുണ്ട്. അതിനാൽ , 2022 പടിവാതിലിൽ എത്തി നിൽക്കുമ്പോൾ ആരോഗ്യത്തിനായി, സ്വാസ്ഥ്യത്തിനായി ചില പുതുവത്സര പ്രതിജ്ഞകൾ എടുക്കാം.

നല്ല ഭക്ഷണശീലം വളർത്തുക

കഴിക്കേണ്ടതു പോലെ കഴിച്ചാൽ ഭക്ഷണം അമൃതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി കഴിക്കുക. അതുപോലെ മൈദ, ചീസ്, പ്രോസസ് ചെയ്ത മാംസം, ജങ്ക് ഫുഡ് എന്നിവ പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളോട് നോ പറയാൻ ശീലിക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.

ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ, ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ ശീലമാക്കിയാൽ ശരീരത്തിന്റെ ദഹനപ്രക്രിയ കൂടുതൽ സുഗമമാവും. അതുപോലെ, രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും, അമിതമായി കഴിക്കുന്നതും ദഹനത്തെ തകരാറിലാക്കും. സമീകൃതാഹാരം ശീലമാക്കുക.

പരമാവധി വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം സ്ഥിരമാക്കുന്നവരിൽ ദഹനപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

അമിതമായി മധുരം കഴിക്കുന്ന ശീലമുള്ളവർ മധുരം കുറയ്ക്കാൻ ശ്രമിക്കണം. അമിതമായ മധുരപ്രിയം കുട്ടികളിലും മുതിർന്നവരിലുമെല്ലാം ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്.

പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, പകൽ മുഴുവൻ ഊർജസ്വലതയോടെ ഒരാളെ നിലനിർത്തുന്നതിലും പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ട്.

വ്യായാമം ശീലമാക്കുക, നന്നായി വിയർക്കുക

വ്യായാമമില്ലാത്ത ശരീരത്തെ രോഗങ്ങൾക്ക് വളരെ എളുപ്പത്തിൽ കീഴ്പ്പെടുത്താനാവും. അതിനാൽ ശരീരത്തിന് ക്ഷമത നൽകാനായി ചെറിയ വ്യായാമമുറകൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുക. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ജോലിയുടെ ഇടവേളകളിൽ അൽപ്പം എണീറ്റ് നടക്കാനും കൈകൾക്കും കഴുത്തിനുമൊക്കെ ഗുണകരമായ ചെറിയ എക്സർസൈസുകൾ ചെയ്യാനും ശ്രമിക്കണം.

നന്നായി വിയർക്കുന്നത് ശരീരത്തിന് ഏറെ ഗുണപ്രദമാണ്. വിയർക്കുന്നത് വഴി നിങ്ങളുടെ ചർമ്മ സുഷിരങ്ങൾ തുറക്കുന്നു, അവയിൽ കെട്ടിക്കിടക്കുന്ന അഴുക്കും മെഴുക്കുമയവും പുറത്തേക്ക് നീക്കം ചെയ്യുന്നു. വിയർക്കൽ അടിസ്ഥാനപരമായി ചർമ്മ സുഷിരങ്ങളെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്.

ജിമ്മുകളോ ഫിറ്റ്നസ് സെന്ററുകളോ തിരഞ്ഞെടുത്ത് വ്യായാമം ചെയ്താലേ വ്യായാമം ആവൂ എന്നില്ല. പകരം വീടിനു ചുറ്റുവട്ടത്ത് തന്നെ അരമണിക്കൂർ നടക്കാൻ പോവാനോ സൈക്കിളിംഗിനോ നീന്തലിനോ ഒക്കെ സമയം കണ്ടെത്തുക. യോഗ പോലുള്ള വ്യായാമങ്ങളിൽ താൽപ്പര്യമുള്ളവർക്ക് അതും തിരഞ്ഞെടുക്കാം.

7-8 മണിക്കൂർ ഉറക്കം നിർബന്ധം

പ്രായഭേദമന്യേ നിരവധി പേർ നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയുമെല്ലാം ഒരുപോലെ ബാധിക്കും. ഒപ്പം ശരീരത്തിന്റെ പ്രതിരോധശേഷിയേയും താറുമാറാക്കും. ദിവസവും 7-8 മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങാൻ ശ്രദ്ധിക്കണം.

ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർ കിടക്കും മുൻപ് ഒന്നു കുളിച്ച് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിച്ചു കിടക്കുന്നത് ഉറക്കത്തെ സഹായിക്കും. കിടക്കുന്നതിനു മുൻപ് മൊബൈൽ മാറ്റിവയ്ക്കാം. ഉറക്കത്തിൽ നിന്നും ശ്രദ്ധ കളയുന്ന ഒന്നാണ് മൊബൈൽ. സ്വാഭാവികമായി ഉറക്കം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ വൈദ്യസഹായം നേടുക.

നിങ്ങൾക്കായി സമയം മാറ്റിവയ്ക്കുക

മറ്റുള്ളവർക്ക് വേണ്ടി ഓടിയിട്ട് ഒന്നിനും സമയം തികയുന്നില്ലെന്ന് പരാതിപ്പെടുന്ന ഒരുപാട് പേർ നമുക്കു ചുറ്റുമുണ്ട്. ഇടയ്ക്ക് അവനവർക്കു വേണ്ടിയും​ അൽപ്പം സമയം മാറ്റി വയ്ക്കണം. വ്യായാമം ചെയ്യാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമൊക്കെ ഓരോരുത്തരും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ആഴ്ചയിലൊരു ദിവസമെങ്കിലും ശരീര സൗന്ദര്യ സംരക്ഷണത്തിനും സമയം കണ്ടെത്തുക. അവധിദിവസങ്ങളിൽ എണ്ണയിട്ട് നല്ലൊരു കുളി പാസ്സാക്കുന്നതും കേശ സംരക്ഷണത്തിനും ചർമ്മ പരിപാലനത്തിനുമായി അൽപ്പസമയം മാറ്റിവയ്ക്കുന്നതുമൊക്കെ അനാവശ്യകാര്യങ്ങളായി കരുതേണ്ടതില്ല.

ടെൻഷനോട് നോ പറയുക

ആധുനിക മനുഷ്യൻ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് സമ്മർദ്ദം. മാനസികാരോഗ്യത്തെ തന്നെ തകരാറിലാക്കുന്ന ഒന്നാണ് ഇത്. ഹൃദ്രോഗങ്ങൾ, പ്രമേയം, അമിതവണ്ണം, ദഹനപ്രശ്നങ്ങൾ, വിഷാദം എന്നിവയൊക്കെ അനന്തരഫലമായി എത്താം.

യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവയൊക്കെ പരിശീലിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. മനസ്സിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്നതും സമ്മർദ്ദത്തെ അകറ്റാനുള്ള ഒരെളുപ്പവഴിയാണ്.

കൃത്യമായൊരു ദിനചര്യ പാലിക്കാൻ നോക്കുന്നത് ജീവിതത്തിന് കുറച്ചുകൂടി അടുക്കും ചിട്ടയും നൽകും. നിശ്ചിതസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതും കാര്യങ്ങൾ കൃത്യതയോടെ ചെയ്യുന്നതും അമിതമായ ടെൻഷൻ ഒഴിവാക്കാൻ സഹായിക്കും.

നെഗറ്റീവ് ചിന്തകൾ അകറ്റുക

ആത്മവിശ്വസമില്ലായ്മയും സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകർഷതാബോധവുമൊക്കെ പലരിലും ആഴത്തിൽ വേരുറച്ച നെഗറ്റീവ് ചിന്തകളാണ്. ഇവയിൽ നിന്നും പുറത്തുകടക്കാൻ വ്യക്തികൾക്ക് കഴിയുന്നില്ലെങ്കിൽ കാലക്രമേണ ഗുരുതരമായ മാനസികസമ്മർദ്ദങ്ങളിലേക്കാണ് ചെന്നെത്തുക. കുറവുകളും പോരായ്മകളുമില്ലാത്ത മനുഷ്യർ ഉണ്ടാവില്ല. അത് തിരിച്ചറിഞ്ഞ്, ഓരോരുത്തരും അവരിലെ നല്ല ഗുണങ്ങളെയും കഴിവുകളെയും പുറത്തെടുത്ത് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവാൻ ശീലിക്കുക. മറ്റൊരാളുമായി സ്വന്തം ജീവിതത്തെ താരതമ്യപ്പെടുത്താതിരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ കാര്യങ്ങളിലൊന്ന്. അപകർഷതാബോധത്തോടെ സംസാരിക്കാതിരിക്കുക

ധാരാളം വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പലരിലും പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. കൃത്യമായ ഇടവേളകളിൽ ശുദ്ധമായ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതു വഴി ഒരുപാട് ആരോഗ്യപ്രശ്നങ്ങളെയും ചർമ്മപ്രശ്നങ്ങളെയും അകറ്റി നിർത്താനാവും.

വല്ലാതെ മടുക്കുമ്പോൾ ചെറിയ യാത്രകൾ നടത്തുക
സമ്മർദ്ദവും മാനസിക പിരിമുറുക്കവുമൊക്കെ കുറയ്ക്കാനുള്ള വഴികളിലൊന്നാണ് യാത്ര. തിരക്കുകളും പ്രശ്നങ്ങളുമൊക്കെ ശ്വാസം മുട്ടിക്കുമ്പോൾ ഒരു ചെറിയ ബ്രേക്ക് എടുത്ത് യാത്രകൾ നടത്തുന്നത് മാനസിക ഉല്ലാസം സമ്മാനിക്കും. സുഹൃത്തുക്കൾക്ക് ഒപ്പമോ, കുടുംബത്തിനൊപ്പമോ, സ്വയമോ ഒക്കെയാവാം ഈ യാത്രകൾ.

സ്ക്രീൻ ടൈം പരിമിതപ്പെടുത്തുക

അമിതമായി ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിവയൊക്കെ ഉപയോഗിക്കുന്നവരാണ് നല്ലൊരു പങ്ക് ആളുകളും. സോഷ്യൽ മീഡിയയിലൊക്കെ ഏറെ സമയം ചെലവഴിച്ച്, അതാതു ദിവസം ചെയ്തു തീർക്കേണ്ട ജോലികൾ പിന്നത്തേക്ക് വയ്ക്കുന്നവരും ഏറെയാണ്. ആവശ്യങ്ങൾക്കും​ അൽപ്പം വിനോദത്തിനും മാത്രമായി ഇത്തരം കാര്യങ്ങൾ പരിമിതപ്പെടുത്തുക.

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക

മദ്യം അമിതമായി നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയോ മദ്യപാനത്തോട് അമിതാസക്തി തോന്നുകയോ ചെയ്യുന്നുണ്ടോ? എങ്കിൽ ഈ പുതുവത്സരം മദ്യാസക്തിയിൽ നിന്നും വിടുതൽ നേടാനുള്ളതാവട്ടെ. മാസത്തിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോളൊരിക്കലോ ഒക്കെയായി മദ്യപാനത്തെ ത്വരിതപ്പെടുത്തുക.

പുകവലി ശീലം ഉപേക്ഷിക്കുക

നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ ആ ശീലം ഉപേക്ഷിക്കാനുള്ള സമയമാണിത്. ശരീരത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണിത്.

കൂടുതൽ ചിരിക്കാൻ ശ്രമിക്കുക

സമ്മർദ്ദത്താൽ വലിഞ്ഞുമുറുകി ജീവിക്കുന്ന നിരവധി പേരെ ചുറ്റും കണ്ടെത്താം. ചുറ്റുപാടുകളെ പോസിറ്റീവായും പുഞ്ചിരിയോടെയും നോക്കി കാണാൻ ശീലിക്കുക എന്നതാണ് വലിഞ്ഞുമുറുകിയ മാനസികാവസ്ഥയിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു വഴി. നല്ല സാമൂഹികമായ ബന്ധങ്ങൾ വളർത്തിയെടുക്കാനും ആളുകളോട് സൗഹാർദ്ദത്തോടെ പെരുമാറാനും ശീലിച്ചാൽ തന്നെ ചുറ്റുപാടുകൾ കുറച്ചുകൂടി പ്രകാശമാനമാവും.

പുതിയ ഹോബികളോ ലക്ഷ്യങ്ങളോ കണ്ടെത്തുക

പുതുതായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥകൾ ജീവിതത്തിന്റെ രസം കെടുത്തും. പുതിയ ഹോബികളോ പുത്തൻ ലക്ഷ്യങ്ങളോ കണ്ടെത്തുക. നിങ്ങളിലെ തന്നെ മറന്നു തുടങ്ങിയ എന്തെങ്കിലും കഴിവുകൾ പൊടിത്തട്ടിയെടുക്കുന്നതും ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്ന അനുഭവമാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതും നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

കൃത്യമായ ഇടവേളകളിൽ ഡോക്ടറെ സന്ദർശിക്കുക

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഫലപ്രദമാണ് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നത്. കൃത്യമായ ഇടവേളകളിൽ ഹെൽത്ത് ചെക്കപ്പുകൾ നടത്തുന്നത് ശീലമാക്കാം. പ്രായം 30 വയസ്സിനുള്ള സ്ത്രീകൾ വർഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം, പാപ്പ് സ്മിയർ പോലുള്ള ക്യാൻസർ സാധ്യത കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ ചെയ്യുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: New year resolutions for healthy lifestyle