ഇന്ന് രാവിലെയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും മഹാബലിപുരത്ത് വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. വിഘ്നേഷ് പങ്കുവച്ച വിവാഹചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

അതിസുന്ദരിയായി നയൻതാരയെ അണിയിച്ചൊരുക്കിയത് ബോളിവുഡിൽ നിന്നുള്ള സ്റ്റൈലിസ്റ്റുകളും മേക്കപ്പ് ആർട്ടിസ്റ്റുകളും ചേർന്നാണ്. ആലിയയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പുനീത് ബി സെയ്നിയാണ് നയൻതാരയേയും വിവാഹദിനത്തിൽ മേക്കപ്പ് ചെയ്തത്. ആലിയയുടെ വിവാഹത്തിന്റെ നോ മേക്കപ്പ് ലുക്കിന് പിറകിലും സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പുനീത് ബി സെയ്നിയായിരുന്നു.

ദീപികയുടെ സ്റ്റൈലിസ്റ്റായ ഷലീന നതാനി നയൻതാരയെ സ്റ്റൈൽ ചെയ്തപ്പോൾ, സാരി ഡ്രേപിംഗ് വിദഗ്ധയായ ഡോളി ജെയിനാണ് നയൻതാരയെ സാരിയിൽ അതിസുന്ദരിയായി അണിയിച്ചൊരുക്കിയത്. ഡ്രേപ്പ്-പ്രനർ (Drape-preneur) എന്നാണ് ഡോളി ജെയിൻ അറിയപ്പെടുന്നത്. ദീപിക പദുക്കോൺ, സോനം കപൂർ അഹൂജ, കത്രീന കൈഫ് തുടങ്ങിയ സെലിബ്രിറ്റി വധുക്കളെയെല്ലാം വിവാഹദിനത്തിൽ സുന്ദരമായി സാരിയുടുപ്പിച്ചത് ഡോളി ജെയിൻ ആയിരുന്നു. അതേസമയം ഡിസൈനർമാരായ മോണിക & കരിഷ്മയുടെ ജെയ്ഡ് ബൊട്ടീക്കാണ് നയൻതാരയുടെ വിവാഹവസ്ത്രം ഒരുക്കിയത്.

ഹെയർ സ്റ്റൈലിസ്റ്റായ അമിത് ഠാക്കൂർ നയൻതാരയുടെ ഹെയർ സ്റ്റൈലിംഗും നിർവ്വഹിച്ചു. ഗോയങ്ക ഇന്ത്യയുടെ സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളാണ് നയൻതാര വിവാഹത്തിന് അണിഞ്ഞത്. ഡയമണ്ടും എമറാൾഡും പതിച്ച വലിയ നെക്ലേസുകളും കമ്മലുകളും ആരുടെയും ശ്രദ്ധ കവരുന്നവയാണ്.
അനുഷ്ക- വിരാട് കൊഹ്‌ലി, കത്രീന കെയ്ഫ്- വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ- നടാഷ തുടങ്ങിയ നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ശാദി സ്ക്വാഡ് ആണ് നയൻതാര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്ത് മനോഹരമാക്കിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ് ശാദി സ്ക്വാഡ്.