പിറന്നാൾ ദിനത്തിൽ കേക്കില്ലാതെ എന്ത് ആഘോഷമല്ലേ? വിവിധ നിറങ്ങളിലും ഇനത്തിലുമുളള കേക്ക് മാർക്കറ്റുകളിൽ സുലഭമാണ്. താരങ്ങളുടെ പിറന്നാൾ കേക്കുകളാണ് പലരും ഇതിനു മാതൃകയാക്കാറുളളത്. അത്തരത്തിൽ പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേഷ് ഒരുക്കിയ കേക്കിൻെറ ചിത്രങ്ങളാണ് വൈറലാകുന്നത്.
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണി നയൻതാരയുടെ മുപ്പത്തിയെട്ടാം പിറന്നാളായിരുന്നു ഇന്നലെ. ‘തങ്കമേ മുതൽ നാൻ പിഴയ് വരെ’ എന്ന് എഴുതിയിരിക്കുന്ന കേക്ക് ഒരുക്കിയത് ചെന്നൈയിലുളള ബേക്കർ നിൻജാ എന്ന ബേക്ക് ഹൗസാണ്. ഹേസ്ൽനട്ട് ചോക്ക്ലേറ്റ് ട്രഫിൾ കേക്ക്, ലെമൺ ആൻഡ് റാസ്പ്പറി കേക്ക് എന്നിവയാണ് ഒരുക്കിയത്.

നയൻതാരയുടെ ജീവിതവും അവരുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ആരാധകർ കൂടുതലും അറിയാൻ തുടങ്ങിയത് സംവിധായകൻ വിഘ്നേഷ് ശിവനിലൂടെയാണ്. വിഘ്നേഷ് ശിവനിലൂടെ നയൻതാര എന്ന വ്യക്തിയെ പുറം ലോകം അറിയാൻ തുടങ്ങി.’തങ്കമേ’എന്ന അടിക്കുറിപ്പ് നൽകി കൊണ്ട് വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയൻതാരയോടുളള സ്നേഹം നിറഞ്ഞു കാണാം.പിറന്നാൾ ദിനത്തിൽ വിഘ്നേഷ് കുറിച്ച വരികളിൽ നയൻതാര എന്ന വ്യക്തിയോടും അവരിലെ അമ്മയോടുമുളള ബഹുമാനം കാണാം.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ് ചെയ്യുമെന്നു വിവാഹ ശേഷം പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇതിന്റെ പകര്‍പ്പവകാശവും നേടിയിരുന്നു. ‘നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍’ എന്ന് പേരു നൽകിയിരിക്കുന്ന ഡോക്യൂമെൻററിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
അൽഫോൺസ് പുത്രൻെറ സംവിധാനത്തിൽ മലയാള ചിത്രം ‘ഗോൾഡ്’, അശ്വിൻ ശരവണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണക്റ്റ്’ എന്നിവയാണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.