scorecardresearch

നവരാത്രി ഉത്സവലഹരിയിൽ മട്ടാഞ്ചേരി

നവമിയുടെ പ്രധാന ചടങ്ങുകളിലൊന്ന് ഗർബ സമർപ്പണമാണ്. ദേവിയെ ആവാഹിച്ച കുടങ്ങളെയാണ് ഗർബ എന്നു പറയുന്നത്. നവരാത്രി ആഘോഷം തുടങ്ങുമ്പോൾ മുതൽ വീടുകളിൽ ഗർബ വെച്ച് പൂജ തുടങ്ങും

നവമിയുടെ പ്രധാന ചടങ്ങുകളിലൊന്ന് ഗർബ സമർപ്പണമാണ്. ദേവിയെ ആവാഹിച്ച കുടങ്ങളെയാണ് ഗർബ എന്നു പറയുന്നത്. നവരാത്രി ആഘോഷം തുടങ്ങുമ്പോൾ മുതൽ വീടുകളിൽ ഗർബ വെച്ച് പൂജ തുടങ്ങും

author-image
WebDesk
New Update
നവരാത്രി ഉത്സവലഹരിയിൽ മട്ടാഞ്ചേരി

മട്ടാഞ്ചേരി ഒരു 'മിനി ഇന്ത്യ' പകർപ്പാണ്. കച്ചവടത്തിനെത്തിയവർ, സ്വന്തം നാടുവിട്ട് ഓടിവന്നവർ, അഭയം തേടിയെത്തിയവർ എന്നു തുടങ്ങി തന്റെ തീരമണഞ്ഞവരെയെല്ലാം നെഞ്ചോട് ചേർത്തുപിടിക്കാൻ ശീലിച്ച വൈവിധ്യസമ്പന്നമായൊരു ഭൂമികയാണ് മട്ടാഞ്ചേരി. അഞ്ചു കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു പ്രദേശത്ത് 42 ലേറെ സാമൂഹിക വിഭാഗങ്ങളിൽപ്പെട്ടവർ ഒത്തൊരുമയോടെ ജീവിക്കുന്ന മറ്റൊരിടം ഇന്ത്യയിൽ ഉണ്ടാവുമോ​ എന്നു സംശയമാണ്.

Advertisment

ജൂതർ, കൊങ്കണി, ഗുജറാത്തി, ജൈനർ, മറാത്തി എന്നു തുടങ്ങി മട്ടാഞ്ചേരിയുടെ മണ്ണിലേയ്ക്ക് വന്നു ചേർന്നവർക്കൊപ്പം തന്നെ അവരുടെ സംസ്കാരങ്ങളും ഇവിടെ രൂപപ്പെട്ടു. ഓരോ വിഭാഗക്കാരും അവരവരുടെ സംസ്കാരങ്ങൾ നഷ്ടപ്പെടുത്താതെ സഹവർത്തിത്വത്തോടെ കഴിയുകയാണ് ഈ പൗരാണികദേശത്ത്. എല്ലാ സമുദായങ്ങളുടെ ആഘോഷങ്ങളേയും നെഞ്ചിലേറ്റുന്ന മട്ടാഞ്ചേരി കഴിഞ്ഞ ഒരാഴ്ചയിലേറെയായി നവരാത്രി ആഘോഷങ്ങളുടെ വർണശബളിമയിലാണ്.

publive-image

വീടുകളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെയായി നടക്കുന്ന നവരാത്രി ആഘോഷങ്ങൾ ഇന്ന് വിജയദശമിയോടു കൂടി അവസാനിക്കുകയാണ്. ബൊമ്മക്കൊലുക്കൾ ഒരുക്കിയും നവരാത്രി പൂജകൾ നടത്തിയും പലരീതിയിലാണ് മട്ടാഞ്ചേരിക്കാർ നവരാത്രി ആഘോഷിക്കുന്നത്. കൊങ്കണികള്‍, തമിഴ് ബ്രാഹ്മണര്‍, തെലുങ്ക് ചെട്ടിയാര്‍, ഉടുപ്പി ബ്രാഹ്മണര്‍ തുടങ്ങിയ സമൂഹങ്ങളും കര്‍ണ്ണാടക ആന്ധ്രാ മഹാരാഷ്ട്ര സംസ്ഥാനക്കാരും ഗൗഡസാരസ്വത ബ്രാഹ്മണര്‍, വൈശ്യ സമൂഹം, ദൈവജ്ജ ബ്രാഹ്മണര്‍, സാരസ്വത ബ്രാഹ്മണർ, കുഡുംബി സമൂഹം, മറാഠികള്‍ എന്നിവരെല്ലാം വീടുകളിൽ ബൊമ്മക്കൊലുവൊരുക്കിയാണ് നവരാത്രി ആഘോഷിക്കുന്നത്. ഒപ്പം പ്രത്യേക ദേവതാപൂജകളും നടത്തുന്നു. ഇവരിൽ നിന്നും വ്യത്യസ്തമാണ് ഗുജറാത്തി- മാർവാഡി സമൂഹത്തിന്റെ നവരാത്രി ആഘോഷം.

ഗുജറാത്തി സമൂഹത്തിന്റെ നവരാത്രി ആഘോഷക്കാഴ്ചകൾ

മട്ടാഞ്ചേരി മാർക്കറ്റിനടുത്ത ഗുജറാത്തി റോഡിൽ എവിടെയും നവരാത്രി ആഘോഷക്കാഴ്ചകളാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. വർണശബളമായ വസ്ത്രങ്ങളും മധുരപലഹാരങ്ങളും ദീപങ്ങളുമെല്ലാമായി ഉത്സവാന്തരീക്ഷം നിറഞ്ഞ അന്തരീക്ഷം. മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ മാതാക്ഷേത്രത്തിലായിരുന്നു പ്രധാന​ ആഘോഷപരിപാടികൾ.

Advertisment

10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഇവിടുത്തെ പ്രത്യേകത. ഒമ്പത്  ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങൾക്ക് ശേഷം പത്താംനാൾ വിജയഭേരി മുഴക്കുന്ന വിജയദശമി ആഘോഷത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.

"ഞങ്ങൾ ഗുജറാത്തികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ആഘോഷങ്ങൾ തുടങ്ങും മുൻപ് നല്ലൊരു പന്തലിട്ട് ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നെ ക്ഷേത്രത്തിലെ കൊടി മാറ്റും. ഒരു വർഷം ഒരു കൊടി. അതാണ് രീതി. ഇനി അടുത്ത നവരാത്രിയ്ക്കാണ് പുതിയ കൊടി നാട്ടുക. കൊടി മാറ്റി കഴിഞ്ഞാണ് ആഘോഷങ്ങൾ തുടങ്ങും. ഏഴാം ദിവസം സരസ്വതി പൂജ നടത്തും. പുസ്തകങ്ങൾ പൂജയ്ക്ക് വെയ്ക്കും. എട്ടാം  ദിവസം അഷ്ടമിക്ക് സമൃദ്ധിയ്ക്കു വേണ്ടി ദേവിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ചണ്ഡികാഹോമം നടത്തും. ആഘോഷങ്ങൾക്ക്‌ നിറംപകരാൻ എല്ലാ വൈകുന്നേരങ്ങളിലും ദാണ്ഡിയ–ഗർബ നൃത്തവുമുണ്ടാവും. വൈകിട്ട് 7 മണിയ്ക്ക് തുടങ്ങുന്ന നൃത്തത്തിനു ശേഷം അന്നദാനം. അതുകഴിഞ്ഞ് വീണ്ടും പുലർച്ചയോളം വരെയൊക്കെ നൃത്തം ചെയ്യും. 9 മണി വരെയുള്ള ദാണ്ഡിയ- ഗർബ സെക്ഷൻ സ്ത്രീകൾക്കു മാത്രമുള്ളതാണ്, എന്നാൽ അതിനു ശേഷമുള്ള ഗർബയിൽ എല്ലാവർക്കും പങ്കെടുക്കാം. മൂന്നു തലമുറകൾ ഒക്കെ ഒന്നിച്ച് നൃത്തം ചെയ്യുന്നത് കാണാൻ സാധിക്കും എന്നതാണ് ഞങ്ങളുടെ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത," ഗുജറാത്തി സമൂഹത്തിന്റെ പ്രതിനിധിയും ക്ഷേത്രകമ്മിറ്റി ഭാരവാഹിയുമായ ചേതൻ ദ്വാരകാദാസ് ഷാ വിശദീകരിക്കുന്നു.

publive-image

"ഇന്നത്തെ പ്രധാന ചടങ്ങുകളിലൊന്ന് ഗർബ സമർപ്പണമാണ്. ദേവിയെ ആവാഹിച്ച കുടങ്ങളെയാണ് ഗർബ എന്നു പറയുന്നത്. നവരാത്രി ആഘോഷം തുടങ്ങുമ്പോൾ മുതൽ വീടുകളിൽ ഗർബ വെച്ച് പൂജ തുടങ്ങും. മനോഹരമായി അലങ്കരിച്ച ഗർബകൾ നവമിയുടെ​ അന്ന് എല്ലാവരും ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. മുഹൂർത്തം നോക്കി പുലർച്ചെ ഗർബകൾ കായലിൽ കൊണ്ടുപോയി നിർമാജനം ചെയ്യും," വ്യവസായിയായ കമലേഷ് സുന്ദർദാസ് ജനാനി പറയുന്നു.

കേരളത്തിൽ കച്ചവട ആവശ്യത്തിനായിട്ടാണ് ഗുജറാത്തികൾ ആദ്യം മട്ടാഞ്ചേരിയിലെത്തുന്നത്. ഇന്ന് 820 കുടുംബങ്ങളായി 5000 ലേറെ ഗുജറാത്തികളാണ് മട്ടാഞ്ചേരിയിലുള്ളത്.

Festival Culture

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: