കണ്‍ത്തടത്തിലെ കറുപ്പുനിറം സ്ത്രീകളെ ഏറെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പു നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. ഒപ്പം തന്നെ, സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. യുവി രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

കണ്ണിനു ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും അതിലോലവുമാണ്. മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ എണ്ണ ഗ്രന്ഥികൾ കുറവാണ്. പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരണ്ടതാവാനും ചുളിവുകൾ വീഴാനും കാരണമാകുന്നു.

കൺത്തടങ്ങളിലെ ഈർപ്പവും ജലാംശവും നിലനിർത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാൻ, ദിവസം രണ്ടുതവണ വിരലുകൾ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.

കണ്ണിന്റെ സൗന്ദര്യം സംരക്ഷിക്കാൻ ഇതാ ചില പ്രകൃതിദത്തവഴികൾ

  • കൺത്തടങ്ങൾ വീർത്തുവരുന്നത് തടയാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് കൺത്തടങ്ങളുടെ വീക്കം കുറക്കുകയും ചർമ്മത്തിന് മുറുക്കം സമ്മാനിക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കൺപോളകൾക്ക് മുകളിൽ പുരട്ടി ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. അതിനു ശേഷം നല്ലൊരു അണ്ടർ ഐ ക്രീം ഉപയോഗിക്കുക.
  • കുക്കുമ്പർ ഉരുളക്കിഴങ്ങിന്റെ അത്ര ഫലപ്രദമല്ലെങ്കിലും ചർമ്മത്തിന് ഊർജസ്വലത നൽകാൻ സഹായിക്കും. ഒപ്പം ആസ്ട്രിജെന്റ് ഗുണങ്ങളുമുണ്ട്. കുക്കുമ്പർ കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവ 10 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വെയ്ക്കുക. കുക്കുമ്പർ ജ്യൂസ് വിരലുകൾ ഉപയോഗിച്ച് കണ്ണുകൾക്ക് മുകളിൽ മസാജ് ചെയ്യാം.
  • നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. ടീ ബാഗുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഇവയും കണ്ണുകൾക്ക് മുകളിൽ വെയ്ക്കാം.
  • വെള്ളരിക്ക നീര് കണ്ണിനു താഴെ പുരട്ടി പതിനഞ്ചു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
  • വെള്ളരിക്കനീരും ഉരുളക്കിഴങ്ങുനീര്, നാരങ്ങനീര് സമം ചേര്‍ത്ത് കണ്ണില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറുപ്പുനിറം വേഗം മാറും.
  • കണ്ണ് ഇളം ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുക. കണ്ണിന്റെ തളര്‍ച്ച മാറിക്കിട്ടും.
  • തക്കാളിനീരു കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി, ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
  • കണ്ണടച്ചു പിടിച്ചു തണുത്ത വെള്ളമോ തണുത്ത പാലോ പുരട്ടി ഇരിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. കണ്ണിനു നല്ല ഉണര്‍വു ലഭിക്കും.
  • കോട്ടണ്‍ തുണിയോ പഞ്ഞിയോ നല്ല കട്ടിയില്‍ മുറിച്ചെടുക്കുക. ഇത് പനിനീരില്‍ മുക്കി അടഞ്ഞ കണ്ണിനു മുകളില്‍ വച്ചു കിടക്കുക. കണ്ണിനു താഴെയുള്ള പാടുകള്‍ മാറും എന്നു മാത്രമല്ല നല്ല ഉന്മേഷവും കിട്ടും.

ഈ നാടൻ പ്രയോഗങ്ങൾ എല്ലാം തന്നെ, കണ്ണിനു താഴത്തെ കറുപ്പുനിറം അകറ്റാൻ നിങ്ങളെ സഹായിക്കും.​ എന്നാൽ വീണ്ടും സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ടിവി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ സ്ക്രീനിൽ ഏറെ സമയം നോക്കി നിൽക്കുന്നത് കുറയ്ക്കുക, ഉറങ്ങും മുൻപ് മേക്കപ്പ് നീക്കം ചെയ്യുക എന്നതൊക്കെ ഇതിൽ പ്രധാനമാണ്. കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കുന്നത് ശീലമാക്കുക. മുടങ്ങാതെ വ്യായാമം ചെയ്യുന്നതു വഴി സമ്മർദ്ദവും ടെൻഷനും മൂലമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ അകറ്റാൻ സാധിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും ഫലപ്രദമാണ്.

Read more: പാദസരപ്രണയിനികളുടെ ഹൃദയം കവർന്ന് ‘സുജാത’യുടെ മൾട്ടി കളർ കൊലുസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook