ഏറെനേരം സൂര്യപ്രകാശം ഏൽക്കുന്നതിന്റെ ഫലമായി ചർമ്മത്തിൽ ഉണ്ടാവുന്ന കരുവാളിപ്പ് (സൺ ടാൻ) പലരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ ശരീരം കൈക്കൊള്ളുന്ന രീതിയാണ് ടാനിംഗ്. നിരന്തരമായി സൂര്യപ്രകാശം ഏൽക്കുന്നവരിൽ കാലക്രമേണ ഈ സൺടാൻ ചർമ്മത്തിന്റെ നിറത്തെ തന്നെ സ്വാധീനിക്കും. പ്രകൃതിദത്ത മാർഗങ്ങളിലൂടെ സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഈ നുറുങ്ങുവിദ്യകൾ സഹായിക്കും.
തേനും പപ്പായയും
ചർമ്മത്തെ ബ്ലീച്ച് ചെയ്യാനും ചർമ്മോപരിതലത്തിലെ മാലിന്യങ്ങൾ അകറ്റാനും സഹായിക്കുന്ന ഒന്നാണ് പപ്പായ. പ്രകൃതിദത്തമായി മോയ്സ്ചറൈസർ ഗുണമുള്ള ഒന്നാണ് തേൻ. ഇതിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നന്നായി പഴുത്ത പപ്പായ കഷ്ണങ്ങൾ ഉടച്ചെടുത്ത് അതിലേക്ക് തേൻ കൂടി ചേർത്ത് പേസ്റ്റ് പരുവമാക്കി ശരീരത്തിൽ പുരട്ടുക. 30 മിനിറ്റിനു ശേഷം കഴുകി കളയാം.
തൈരും തക്കാളിയും
തൈരും തക്കാളി നീരും മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടുന്നത് കരുവാളിപ്പ് അക്റ്റാൻ സഹായിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് നിറവും തിളക്കവും സമ്മാനിക്കും. അതേ സമയം, തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ മൃദുവാക്കും. തക്കാളിയുടെ തൊലി നീക്കം ചെയ്ത് തൈരിൽ ഉടച്ചു യോജിപ്പിച്ച് ശരീരത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക.
ഉരുളക്കിഴങ്ങ് നീര്
ഇരുണ്ട കൺതടങ്ങളിൽ നിന്നും മുക്തി നേടാൻ ഉരുളകിഴങ്ങ് നീര് സഹായിക്കുമെന്ന് നിങ്ങൾ കേട്ടിരിക്കുമല്ലോ. ഒരു ബ്ലീച്ചിംഗ് ഏജന്റുപോലെ പ്രവർത്തിക്കാനുള്ള കഴിവുണ്ട് ഉരുളക്കിഴങ്ങ് നീരിന്. ഉരുളക്കിഴങ്ങ് ജ്യൂസാക്കി ശരീരത്തിൽ പുരട്ടുന്നത് സൺ ടാൻ അകറ്റാനും സഹായിക്കും. 15 മിനിറ്റ് കഴിഞ്ഞ് കഴുകികളയാം.
കുക്കുമ്പർ നീര്
സൂര്യാഘാതം, കരുവാളിപ്പ് എന്നിവയ്ക്ക് ഏറെ ഫലപ്രദമായ ഒന്നാണ് കുക്കുമ്പർ. കൂളിംഗ് ഇഫക്ടുള്ള കുക്കുമ്പർ ടാൻ നീക്കം ചെയ്യും. കുക്കുമ്പർ ജ്യൂസാക്കി ഒരു കോട്ടൺ തുണിയിൽ മുക്കി ശരീരത്തിൽ തേച്ചുപിടിപ്പിക്കുക. അൽപ്പം നാരങ്ങാനീര് കൂടി ഇതിലേക്ക് ചേർക്കുന്നത് നല്ലതാണ്. 20 മിനിറ്റിനു ശേഷം കഴുകി കളയുക.