ഇന്ത്യൻ കൈത്തറിയുടെ ചരിത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കൂടി ചരിത്രമാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന വൈവിധ്യസമ്പന്നമായൊരു പാരമ്പര്യത്തനിമ തന്നെ ഇന്ത്യയുടെ കൈത്തറി വിപണിക്ക് അവകാശപ്പെടാനുണ്ട്. കലംകാരിയും, ബന്ധാനിയും കസവും ചന്ദേരിയും മിറർ വർക്കുകളും ചിക്കൻകരിവർക്കുമൊക്കെയായി അത്യാകർഷകമായ നിരവധി ഹാൻഡ് ലൂം ശൈലികൾ നമുക്കുണ്ട്.

രാജ്യം ദേശീയ കൈത്തറി ദിനം ആചരിക്കുകയാണ് ഇന്ന്. ‘ഇന്ത്യയിലെ 43 ലക്ഷത്തിനടുത്ത് വരുന്ന നെയ്ത്തുകാരുടെ കുടുംബങ്ങളെ സഹായിക്കാനും ഇന്ത്യയുടെ പാരമ്പര്യവും  സംസ്കാരവും ഉയർത്തിപിടിക്കാനുമായി കൈത്തറിവസ്ത്രങ്ങൾ ധരിക്കാം’ തുടങ്ങിയ സർക്കാർ തന്നെ മുൻ കൈയ്യെടുത്തു നടത്തിയ ക്യാംപെയിനുകൾ  മുൻവർഷങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ആഘോഷങ്ങളോ ക്യാംപെയിനുകളോ ഒന്നുമില്ലാതെയാണ് ഇപ്രാവശ്യത്തെ ദേശീയ കൈത്തറി ദിനം കടന്നു പോവുന്നത്. ഹാൻഡ് ലൂമിനെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് ഹാൻഡ് ലൂം വിപണി. ജിഎസ്ടി ഒഴിവാക്കി കൈത്തറി വിപണിയെ രക്ഷിക്കണമെന്ന ആവശ്യവുമായി ദസ്ത്കർ പോലുള്ള സംഘടനകളും പ്രക്ഷോഭ മുഖത്തുണ്ട്.

കേരളത്തിലെ കൈത്തറി വിപണിയും പരാധീനതകളിൽ കൂടിയാണ് കടന്നു പോകുന്നത്. നാഷണൽ ഹാൻഡ് ലൂം ഡേയോട് അനുബന്ധിച്ച് നടൻ മോഹൻലാൽ ഇന്ന് തന്റെ ഫെയ്സ്ബുക്കിൽ നൽകിയ ചെറുകുറിപ്പിലും നെയ്‌ത്തുവ്യവസായത്തെ സംരക്ഷിക്കേണ്ട ആവശ്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ നെയ്ത്തു തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് തുടങ്ങുന്ന കുറിപ്പ്, ‘കൂടുതൽ കൈത്തറി ഉത്പന്നങ്ങൾ ഉപയോഗിച്ച് നമ്മുടെ പാരമ്പര്യത്തെയും നെയ്ത്തു വ്യവസായത്തെയും സംരക്ഷിക്കാൻ നമുക്ക് പ്രതിജഞ ചെയ്യാം’ എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്.

NationalHandloomDay: കേരളത്തിന്റെ നെയ്ത്തു പാരമ്പര്യം

കേരളത്തിന്റെ തനതായ ഒരു നെയ്ത്തു പാരമ്പര്യത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് നമ്മുടെ കൈത്തറി വസ്ത്രങ്ങൾ. നമ്മുടെ തനത് കൈത്തറിയിൽ നെയ്തെടുത്ത വസ്ത്രങ്ങളുടെ ലാളിത്യവും തെളിമയും പ്രൗഢിയും മറ്റെന്തിന് അവകാശപ്പെടാനാവും? ലോകത്തിലെ ഏറ്റവും സുന്ദരമായ വേഷമേതെന്നു ചോദിച്ചാൽ മുണ്ടും നേര്യതുമെന്നാവും ഭൂരിഭാഗം മലയാളികളുടെയും മറുപടി. ഏതു സ്ത്രീയേയും സുന്ദരിയാക്കുന്ന അഴകിന്റെ ഒരു രഹസ്യമന്ത്രം ഒളിപ്പിച്ചുവച്ചിട്ടുണ്ട് ഓരോ കസവുനേര്യതും. കോടി നിറത്തിൽ കസവും നിറമുള്ള കരകളുമൊക്കെയായി മലയാളിയുടെ അന്തസ്സും അഭിമാനവുമായി മാറിയ കൈത്തറി വസ്ത്രങ്ങൾ, നമ്മുടെ വസ്ത്ര പാരമ്പര്യത്തിന്റെ തന്നെ മുഖമുദ്രയായി മാറുന്നു.

തിരുവനന്തപുരത്തെ ബാലരാമപുരം, കണ്ണൂർ കൈത്തറി, ചേന്ദമംഗലം, പാലക്കാട്ടെ കൂത്താമ്പിള്ളി എന്നിവയെല്ലാം നമ്മുടെ നെയ്ത്തു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കൈത്തറി ഗ്രാമങ്ങൾക്ക് പേരു കേട്ടവയിൽ ചിലതാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, ദേവാംഗപുരം, എലപ്പുള്ളി, പെരുവെമ്പ്, ആലത്തൂർ, ഷൊർണ്ണൂർ എന്നിവിടങ്ങളിലൊക്കെ വളരെ സജീവമായ നെയ്ത്തുഗ്രാമങ്ങൾ നമുക്കുണ്ടായിരുന്നു. എന്നാൽ, ഈ രംഗത്തെ പ്രശ്നങ്ങൾ കാരണം പാരമ്പര്യമായി നെയ്ത്തു പഠിച്ച തൊഴിലാളികൾ പോലും ഈ രംഗത്തു നിന്നും അപ്രത്യക്ഷമാകുകയാണ്. വിദേശ ബ്രാൻഡുകളുടെയും മറ്റും കേരള വിപണിയിലെ ആധിപത്യവും ഹാൻഡ് ലൂം വിപണിയെ തളർത്താൻ കാരണമായിട്ടുണ്ട്.

പൂർണിമ ഇന്ദ്രജിത്തിനെ പോലുള്ള ഫാഷൻ ഡിസൈനേഴ്സ് തങ്ങളുടെ ഡിസെനുകളിൽ കഴിയാവുന്നിടത്തോളം ഹാൻഡ് ലൂം ഡിസൈനു പ്രാധാന്യം നൽകുന്നുണ്ട് എന്നത് ആശ്വാസ്യകരമാണ്. പൂർണിമയുടെ പുതിയ മൺസൂൺ വെഡ്ഡിങ് കളക്ഷനായ രംഗ് ദേ കളക്ഷനിൽ രാജസ്ഥാൻ കൈത്തറിയ്ക്കൊപ്പം കേരള കൈത്തറിയ്ക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook