സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. അഭിനയത്തിലും ബിസിനസ് രംഗത്തും മാത്രമല്ല ഫാഷനിലും വളരെയധികം സെൻസുള്ള താരമാണ് നമിത.
വളരെ മിനിമലായിലുള്ള സ്റ്റൈലിങ്ങാണ് നമിത കൂടുതൽ തിരഞ്ഞെടുക്കാറുണ്ട്. ഡെനിമിനും ടോപ്പിനുമൊപ്പം മിനിമൽ ആക്സസറീസ് സ്റ്റൈൽ ചെയ്യുന്നത് നമിതയ്ക്ക് എപ്പോഴും ഒരു എലഗന്റ് ലുക്ക് നൽകാറുണ്ട്. ഇത്തവണ എത്നിക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണെഴുതി കറുത്ത പൊട്ടും അണിഞ്ഞ് സാരി ലുക്കിലാണ് നമിത എത്തിയത്. ഓക്സിഡൈസ്ഡ ഇയറിങ്ങാണ് സാരിയ്‌ക്കൊപ്പം സ്റ്റൈൽ ചെയ്തിരിക്കുന്നത്. അഴകി എന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നമിത പ്രധാന വേഷത്തിലെത്തിയ ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു. ‘ഇരവ്’ ആണ് നമിത അവസാനമായി അഭിനയിച്ച ചിത്രം.