സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണിപ്പോൾ നമിത.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴുള്ള നമിതയുടെ ലുക്കാണ് ശ്രദ്ധ നേടുന്നത്. എൻപതു കാലഘട്ടങ്ങളിലുള്ള ബോളിവുഡ് താരത്തെ പോലെയുണ്ട് നമിതയെ കാണാൻ എന്നാണ് ആരാധകർ പറയുന്നത്. ഗോൾഡൻ നിറത്തിലുള്ള നെറ്റ് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. പ്ലെയിൻ സാരിയ്‌ക്കൊപ്പം സ്റ്റോൺ വർക്കുകൾ നിറഞ്ഞ ജാക്കറ്റാണ് സ്റ്റൈൽ ചെയ്‌തത്. തുന്നൽ എന്ന ഡിസൈനിങ്ങ് ഹൗസാണ് സാരി ഒരുക്കിയത്. ചുവപ്പ്, പച്ച നിറങ്ങളിലുള്ള സ്റ്റോൺ വരുന്ന മോതിരവും കമ്മലും ലുക്കിനു പൂർണത നൽകുന്നു.
ഫസ്‌ലിൻ മുഹമ്മദ് ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഇരവ്’. സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.