സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മലിനീകരണവും സമ്മർദ്ദവും മുതൽ അപര്യാപ്തമായ ഭക്ഷണക്രമവും മുടി സംരക്ഷണത്തിലെ പ്രശ്നങ്ങളും വരെ കാരണങ്ങളാകാം. ഇത് തടയാൻ, പലരും വീട്ടുവൈദ്യങ്ങളും മറ്റു ഉൽപ്പന്നങ്ങളെയും ആശ്രയിക്കുന്നു. എന്നാൽ അത് യഥാർത്ഥത്തിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും.
“മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ യഥാർത്ഥത്തിൽ എന്താണ് സഹായിക്കുന്നത്” ഡെർമറ്റോളജിസ്റ്റ് ഡോ അഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ ചോദിക്കുന്നു. ഒപ്പം മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നവയെക്കുറിച്ചുള്ള ചില മിഥ്യാധാരണകളുടെ സത്യാവസ്ഥയും പറയുന്നു.
മിഥ്യ: മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ ഓയിൽ മസാജ് സഹായിക്കുന്നു
വസ്‌തുത: ഓയിൽ മസാജ് റിലാക്സിങ്ങ് ഫീൽ നൽകുകയും സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെങ്കിലും. ഇത് മുടി കൊഴിച്ചിലിനെ തടയാൻ സഹായിക്കില്ല.
മിഥ്യ: മുടി കൊഴിച്ചിൽ തടയുന്ന ഷാംപൂ അവ നിയന്ത്രിക്കുന്നു
വസ്‌തുത: മുടികൊഴിച്ചിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾ ആന്റി-ഹെയർ ഫാൾ ഷാംപൂകളെ ആശ്രയിക്കുകയാണെങ്കിൽ, ഇപ്പോൾ തന്നെ നിർത്തണം. “ഷാംപൂവിൽ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ കഴിയുന്ന ചേരുവകളൊന്നുമില്ല. അവ തലയോട്ടി വൃത്തിയാക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്, ”ഡോ. ആഞ്ചൽ പറഞ്ഞു.
മിഥ്യ: മുടി കൊഴിച്ചിൽ തടയാൻ ഷാംപൂ ഉപയോഗിക്കാതിരിക്കുക
വസ്‌തുത: മുടി ഷാംപൂ ചെയ്യുമ്പോൾ പലർക്കും മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു. അതിനാൽ പലരും അതിൽനിന്നു വിട്ടുനിൽക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. “അതിനാൽ, ദയവായി മുടി പതിവായി കഴുകുക,” ഡെർമറ്റോളജിസ്റ്റ് നിർദ്ദേശിച്ചു.
മിഥ്യ: മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഉള്ളി നീര്
വസ്തുത: ഏറ്റവും നിർദ്ദേശിക്കപ്പെടുന്ന പ്രതിവിധികളിലൊന്നാണ് ഉള്ളി നീര് പുരട്ടുന്നത് മുടികൊഴിച്ചിൽ തടയും എന്നത്. എന്നാൽ ഇത് ശരിയല്ല. “ഉള്ളി നീര് മുടികൊഴിച്ചിൽ കുറയ്ക്കും എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.”
മിഥ്യ: നാരങ്ങയും തൈരും
വസ്‌തുത: താരൻ ഒഴിവാക്കാൻ തൈര് സഹായിക്കുമെങ്കിലും, എന്തുവിലകൊടുത്തും നാരങ്ങ ഒഴിവാക്കണം.
മിഥ്യ: വീട്ടിൽ നിർമ്മിക്കുന്ന ഹെയർ മാസ്കുകൾ
വസ്‌തുത: മുടി സംരക്ഷണത്തിൽ ഏർപ്പെടുന്നവർ, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മാസ്‌കുകൾ ഉപയോഗിക്കുന്നത് പതിവാണ്. “മുടിയുടെ ഇഴകളെ കണ്ടീഷൻ ചെയ്യുന്നതിനും മുടി മെച്ചപ്പെടുത്തുന്നതിനും മാത്രമേ മാസ്കുകൾ സഹായിക്കൂ.”
മിഥ്യ: ബയോട്ടിൻ സപ്ലിമെന്റ്
വസ്തുത: ബയോട്ടിൻ കുറവ് വളരെ വിരളമാണ്. അതിനാൽ, ബയോട്ടിൻ കഴിക്കുന്നത് മുടികൊഴിച്ചിൽ തടയില്ല.
മിഥ്യ: ഹെയർ കട്ട്
വസ്‌തുത: ഹെയർകട്ട് ചെയ്യുന്നത് മുടികൊഴിച്ചിലിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഡോ. ആഞ്ചൽ പറഞ്ഞു. ” ചെറുതാക്കിയാൽ മുടി കൊഴിച്ചിൽ പെട്ടെന്ന് ദൃശ്യമാകില്ല. അതുകൊണ്ട് പെട്ടെന്ന് അത് തിരിച്ചറിയുന്നില്ല.”
മിഥ്യ: ഹെയർ സ്പാ
വസ്‌തുത: ഹെയർ സ്‌പാ മുടിയുടെ ഇഴകളുടെ ആഴത്തിലുള്ള കണ്ടീഷനിങ് പോലെയാണ്. “ഇത് താൽക്കാലികമായി മുടിക്ക് തിളക്കം നൽകും, പക്ഷേ മുടി കൊഴിച്ചിലിനെ ബാധിക്കില്ല.”
മുടികൊഴിച്ചിൽ നിയന്ത്രിക്കാനുള്ള നുറുങ്ങുകൾ
- ഹോർമോൺ അസന്തുലിതാവസ്ഥയോ ഇരുമ്പിന്റെ കുറവോ കണ്ടെത്താൻ രക്തപരിശോധന നടത്തുക
- പെപ്റ്റൈഡ് സെറം ദിവസത്തിൽ രണ്ടുതവണ ഉപയോഗിക്കണം
- മുടി കൊഴിച്ചിൽ കുറയ്ക്കാൻ മിനോക്സിഡിൽ ലോഷൻ സഹായിക്കും
- പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം
- ചിട്ടയായ വ്യായാമം
- സമ്മർദ്ദം കുറയ്ക്കുക