മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജകുടുംബത്തില്‍ 60 വര്‍ഷത്തിന് ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നു. രാജകുടുംബത്തിലെ 28ാം അനന്തരാവകാശിയാണ് ഈ കുഞ്ഞ്. ബുധനാഴ്ച്ച രാത്രിയാണ് ബംഗലൂരുവിലെ ആശുപത്രിയില്‍ വെച്ച് ത്രിഷിക കുമാരി പ്രസവിച്ചത്. രാജവംശത്തിലെ ഇപ്പോഴത്തെ അധിപനായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറിന്റെ ഭാര്യയാണ് ത്രിഷിക.
23-ആം വയസ്സിലാണ് ഇദ്ദേഹം ഈ പദവിയിലെത്തിയത്. 2013-ൽ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ മരണമടഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി പ്രമോദാദേവി യദുവീറിനെ പുതിയ മഹാരാജാവായി തിരഞ്ഞെടുത്തത്. സ്വരൂപ് ആനന്ദ ഗോപാൽ രാജ് അർസിന്റെയും ത്രിപുരസുന്ദരിദേവിയുടെയും മകനാണ് ഇദ്ദേഹം.

ബംഗളൂരുവിലെ വിദ്യാനികേതനിലും കനേഡിയൻ ഇന്റർനാഷനൽ സ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് യുഎസിലെ മാസച്യുസിറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർക്ക് കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ 2015ല്‍ രാജകുടുംബം ഇദ്ദേഹത്തെ ദത്തെടുത്തതാണ്.
കുഞ്ഞ് പിറന്നതിന്റെ സന്തോഷസൂചകമായി മൈസൂര്‍ ഒട്ടാകെ ഉത്സവം പോലെ കൊണ്ടാടാനാണ് രാജകുടുംബത്തിന്റെ തീരുമാനം. 60 വര്‍ഷത്തിന് ശേഷമാണ് രാജകുടുംബത്തില്‍ ഒരു കുഞ്ഞ് പിറക്കുന്നത്. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.