75 വർഷമായി പ്രണയിക്കുകയാണിവർ. സന്തോഷവും, വിഷമവും, പരിഭവവും, വഴക്കുമെല്ലാം ഒരുമിച്ച് ആഘോഷിച്ച് ഇവരങ്ങനെ പ്രണയിച്ചു ജീവിക്കുന്നു. ചെറിയ പിണക്കങ്ങളുടെ പേരിൽ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചനത്തിനെ കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത്, ഇവരുടെ ജീവിതം ഒരു മികച്ച മാതൃക തന്നെയാണ്. മനസ് തുറന്നൊന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം വാശിയുടെയും ദേഷ്യത്തിന്റെയും പുറത്ത് വിവാഹമോചനത്തിൽ എത്തിക്കുന്നവർ 105കാരനായ മൊസിർ ഉദ്ദിന്‍ സർദാറിനെയും അദ്ദേഹം സ്നേഹത്തോടെ ‘രങ്കാ ബൗ’ എന്നു വിളിക്കുന്ന 87കാരിയായ പത്നിയുടെയും ജീവിതം അറിയേണ്ടതാണ്. ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച് പ്രശസ്‌ത ഫോട്ടോഗ്രാഫറായ ജി.എം.ബി ആകാശിനോടു പങ്കുവെച്ച വിശേഷങ്ങൾ ശ്രദ്ധേയമാവുകയാണ്.

ജി.എം.ബി ആകാശ് പങ്ക് വെച്ച ഫെയ്സ്ബുക്ക് കുറിപ്പ്:

‘എനിക്ക് 12 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം എന്നെ വിവാഹം കഴിക്കുന്നത്. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഒരു കുതിരവണ്ടിയിലായിരുന്നു അദ്ദേഹം എന്നെ വിവാഹം കഴിക്കാൻ വന്നത്. അതിന് മുമ്പ് എന്റെ ഗ്രാമത്തിൽ നിന്നും മറ്റാരുടെയും വിവാഹം അങ്ങനെ കഴിഞ്ഞിരുന്നില്ല. എനിക്ക് വളരെ സന്തോഷവും അതിലേറെ അഭിമാനവും തോന്നി. അന്നത്തെ കാലത്ത് വലിയ പണം നൽകിയായിരുന്നു അദ്ദേഹം കാർ വാങ്ങിയത്. ആ പണം കൊണ്ട് അദ്ദേഹത്തിന് വലിയ കൃഷിനിലം തന്നെ വാങ്ങാമായിരുന്നു.

ഞങ്ങളുടെ വിവാഹശേഷം അദ്ദേഹം എന്നെ ‘രങ്കാ ബൗ’ അഥവാ ‘സുന്ദരിയായ ഭാര്യ’ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരിയായ പെൺകുട്ടി ഞാനാണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ എന്റെ ഭർത്താവ് അൽപം ഇരുണ്ടിട്ടായിരുന്നു, അതുകൊണ്ടുതന്നെ ഗ്രാമവാസികളൊക്കെ അദ്ദേഹത്തെ എപ്പോഴും കളിയാക്കുമായിരുന്നു. ‘ഒരു കറുത്ത കല്ല് പേൾ നെക്ലസ് ധരിച്ചു നിൽക്കും പോലെ’ എന്നാണ് എല്ലാവരും കളിയാക്കിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. ആളുകൾ ആ തമാശ പറയുമ്പോഴൊക്കെ അദ്ദേഹം സന്തോഷത്തോടെ ചിരിക്കുമായിരുന്നു, അതിനർത്ഥം നീയെത്ര മനോഹരിയാണ് എന്നല്ലേ എന്ന് എന്നോടു പറയുമായിരുന്നു.

കഴിഞ്ഞ 75 വർഷമായി ഞങ്ങൾ ഒന്നിച്ചാണ്, രണ്ടുവർഷം മുമ്പ് ഞാനെന്റെ മൂത്ത മകനെയും കുടുംബത്തെയും കാണാൻ പോയിരുന്നു. ഭർത്താവിനെ ഇളയ പുത്രനും കുടുംബത്തിനും ഒപ്പം ആക്കിയാണു പോയിരുന്നത്. അന്ന് എന്റെ മരുമകൾ പറഞ്ഞു ഓരോ പത്തു മിനിറ്റു കൂടുമ്പോഴും ‘എന്റെ സുന്ദരിയായ ഭാര്യ എവിടെ’ എന്ന് അദ്ദേഹം വിളിച്ചു ചോദിക്കുമായിരുന്നു എ​ന്ന്. ‘അവൾ വിളിച്ചോ എപ്പോഴാണ് തിരികെ വരിക’ എന്നൊക്കെ ചോദിക്കുമായിരുന്നത്രേ.

എന്റെ കാര്യം വരുമ്പോൾ കുട്ടികളുടെ സ്വഭാവമാണ് അദ്ദേഹത്തിന്. ഞങ്ങളുടെ ഇക്കണ്ട വിവാഹ ജീവിതത്തിനിടെ ഒരിക്കൽപ്പോലും പിരിഞ്ഞിരുന്നിട്ടില്ല. ഞങ്ങൾ ഒന്നിച്ച് എഴുന്നേൽക്കുകയും ഒന്നിച്ചു പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. എന്റെ കൈകൊണ്ടു പാകം ചെയ്യാത്ത ഭക്ഷണം കഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളൊന്നിച്ചു ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ വലിയൊരു പങ്ക് എനിക്കു തരുമായിരുന്നു.

എപ്പോഴെങ്കിലും ഞാൻ പിണങ്ങി അദ്ദേഹത്തോടു മിണ്ടാതിരിക്കുകയാണെങ്കിൽ അപ്പോഴൊക്കെ എന്റെ അരികിൽ വന്നിരിക്കും, ഞാൻ തിരികെ നോക്കി ചിരിക്കുന്നതുവരെ അവിടെ നിന്നും മാറുകയേ ഇല്ല. ഇനി ഒരുപാടുകാലം ഞങ്ങൾ ഒന്നിച്ചുണ്ടാവില്ലായിരിക്കാം. ഞങ്ങളുടെ അവസാന കാലത്തിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് മുമ്പേ പോകാൻ ഞാനിഷ്ടപ്പെടുന്നില്ല, കാര‌ണം അദ്ദേഹം എന്നെ തിരഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ട് ആദ്യം അദ്ദേഹം പോയതിനു ശേഷം മാത്രം ദൈവം എന്നെ വിളിക്കട്ടെ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.’

ഉള്ളടക്കം കടപ്പാട്: കേരളാ കൗമുദി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ