scorecardresearch

Ramadan 2018 Moon Sighting: റമദാൻ, പുണ്യങ്ങളുടെ കാലം

Ramadan 2018 Moon Sighting Today Time in India, UAE, Saudi Arabia: ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ്​ നോമ്പി​ന്റെ സുപ്രധാന ലക്ഷ്യം

ramzan, ramadan,

ശഅബാൻ 30 പൂർത്തിയാക്കി ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ റമദാൻ വ്രതത്തിലേക്ക്​ പ്രവേശിക്കുകയാണ്. ഇനി ഒരു മാസം ഉദയം മുതൽ അസ്​മയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്​, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസി ലക്ഷങ്ങൾ കഴിച്ചുകൂട്ടും. ആരാധന കർമങ്ങളും പ്രാർഥനകളും വർധിപ്പിക്കും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കിവയ്ക്കും. നിർബന്ധവും ​ഐച്ഛികവുമായ ദാനധർമങ്ങൾ സജീവമാക്കും.

പുണ്യങ്ങളുടെ പെരുമഴക്കാലമാണ്​ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത്​ ചെയ്​ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമദാനി​ലെ ആരാധന കർമങ്ങൾക്ക്​ സാധിക്കുമെന്നാണ്​ ഇസ്‌ലാം വിശ്വാസികളുടെ പ്രതീക്ഷ. നരകവാതിൽ കൊട്ടിയടക്കപ്പെടുകയും സ്വർഗവാതിൽ തുറക്കപ്പെടുകയും പിശാച്​ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്നു ഈ മാസത്തിൽ. ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ്​ നോമ്പി​ന്റെ സുപ്രധാന ലക്ഷ്യം. ആഹാര നിയന്ത്രണമാണ്​ നോമ്പി​ന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം.

അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്​നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ്​ റമദാൻ. യഥാർഥ മുസ്‌ലിം എങ്ങനെയാകണമെന്നാണോ സൃഷ്​ടാവ്​ ആഗ്രഹിക്കുന്നത്​, അതിലേയ്ക്ക്​ മനസിനെയും ശരീരത്തെയും പാകപ്പെടുത്താൻ ഈ പരിശീലനം വിശ്വാസിയെ പ്രാപ്​തനാക്കും.

എന്താണ്​ റമദാൻ

വിവിധ മതങ്ങളിൽ ഉപവാസം പല രൂപത്തിൽ നിലനിൽക്കുന്നുണ്ട്​. ഇസ്‌ലാം മു​ന്നോട്ട്​ വയ്ക്കുന്ന ഉപവാസ രൂപമാണ്​ റമദാനിലെ നോമ്പ്​. ഇസ്‌ലാം ഉപവാസത്തെ ആത്മീയവും ആരാധനാപരവും ആരോഗ്യശാസ്​​ത്രപരവുമായ ഒരു കർമമാക്കുകയും അതൊരു ജീവിത ശൈലിയാക്കി മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക കലണ്ടർ (ഹിജ്​റ വർഷം) പ്രകാരമുള്ള ഒരു മാസത്തിന്റെ പേരാണ്​ റമദാൻ. ശഅ്​ബാൻ എന്ന മാസം കഴിഞ്ഞാണ്​ റമദാൻ വരുന്നത്. ശവ്വാലാണ്​ ശേഷമുള്ള മാസം. ശവ്വാൽ ഒന്നിനാണ്​ മുസ്​‌ലിങ്ങൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കുന്നത്​. ഇസ്‌ലാമിലെ ഏറ്റവും ​പുണ്യമുളള മാസമാണ്​ റമദാൻ. ഈ മാസത്തിൽ എല്ലാ വിശ്വാസികൾക്കും നോമ്പ്​ നിർബന്ധമാണ്​.
(ഖുർആൻ: അധ്യായം രണ്ട്​, വചനം 183)
ഇസ്​ലാമിലെ അഞ്ച്​ നിർബന്ധ കർമങ്ങളിൽ (ഇസ്​ലാം കാര്യങ്ങൾ) ഒന്ന്​കൂടിയാണ്​ റമദാനിലെ നോമ്പ്​. യാത്രക്കാർ, രോഗികൾ, കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക്​ നോമ്പ്​ നിർബന്ധമില്ല. സ്​ത്രീകൾ ആർത്തവ സമയത്തും നോമ്പ്​ എടുക്കേണ്ടതില്ല.

ramsan, ramzan, ramadan

ഖുർആൻ അവതരിച്ച മാസം

വിശുദ്ധ വേദഗ്രന്ഥമായ ഖുർആൻ പ്രവാചകൻ മുഹമ്മദിന്​ അവതീർണമായ മാസം എന്ന നിലയ്ക്കാണ്​ റമദാൻ ഏറെ പവിത്രമാകുന്നത്​. (ഖുർആൻ, അധ്യായം രണ്ട്​, വചനം 185). ജനങ്ങൾക്ക്​ വഴികാട്ടിയും സത്യാസത്യ വിവേചനവും ജീവിതപദ്ധതി വിശദീകരണവുമായാണ്​ ഖുർആൻ ഈ മാസത്തിൽ അവതീർണമായത്​. ഖുർആൻ അവതരണത്തി​ന്റെ വാർഷികാഘോഷം എന്ന നിലയ്ക്കാണ്​ റമദാൻ കണക്കാക്കപ്പെടുന്നത്​. ഈ മാസത്തിൽ ഖുർആൻ പഠനത്തിനും വായനയ്ക്കും പ്രവാചകൻ മുഹമ്മദ്​ കൂടുതൽ സമയം നീക്കിവച്ചിരുന്നതായും മാലാഖമാർക്കൊപ്പം ഖുർആൻ പഠന സദസിൽ ചേർന്നിരുന്നതായും പ്രവാചക വചനങ്ങൾ പറയുന്നു. വിശ്വാസി സമൂഹം ഖുർആൻ ആശയ പഠനത്തിനും പ്രചാരണത്തിനും ഈ മാസത്തിൽ സവിശേഷ ശ്രദ്ധകൊടുക്കുന്നതി​ന്റെ കാരണം ഇതാണ്​.

ആയിരം മാസങ്ങളേക്കാൾ പവിത്രമായ ഒരു രാവ്

ആയിരം മാസങ്ങളെക്കാൾ പവിത്രമാക്ക​പ്പെട്ട ഒരു രാവ്​ റമദാൻ മാസത്തിൽ ഉള്ളതായി ഖുർആൻ പറയുന്നുണ്ട്​. ഈ ദിവസത്തിലാണ്​ ഖുർആൻ അവതരിച്ചത്​. (ഖുർആൻ അധ്യായം 97, വചനം 1^3).

‘ലൈലത്തുൽ ഖദ്​ർ’ അഥവാ ‘വിധി നിർണയ രാവ്​’ എന്നാണ്​ ഈ രാവിനെ വിശേഷിപ്പിക്കാറുള്ളത്​. ഒരു വർഷത്തേക്കുള്ള മനുഷ്യ​ന്റെ ഭാഗധേയം ദൈവം ഈ രാവിലാണ്​ നിശ്ചയിക്കുന്നത്​. ദൈവ കൽപ്പന പ്രകാരം മാലാഖമാർ അന്നേ ദിവസം ഭൂമിയിൽ ഇറങ്ങുമെന്നും ഖുർആൻ പറയുന്നുണ്ട്​. ഈ രാവി​ൽ ചെയ്യുന്ന പുണ്യ കർമങ്ങൾക്ക്​ ആയിരം മാസം പുണ്യം ചെയ്യുന്ന അത്ര പ്രതിഫലം ദൈവസമക്ഷം ലഭിക്കും. നമസ്​കരിച്ചും ദാനധർമങ്ങൾ ചെയ്​തും പ്രാർഥനകളിൽ മുഴുകിയും പള്ളിയിൽ ഭജനമിരുന്നും ഈ രാവിനെ വിശ്വാസികൾ ആത്മീയ നിർഭരമാക്കാറുണ്ട്​.

റമദാനിലെ അവസാന പത്ത്​ ദിനങ്ങളിലെ ഒറ്റയിട്ട രാവുകളിലാണ്​ ലൈലത്തുൽ ഖദ്​റിന്​ കൂടുതൽ സാധ്യത. റമദാൻ 27ന്​ ആണ്​ ഈ രാവ്​ എന്നും ചില പണ്ഡിതന്മാർ പറയുന്നുണ്ട്​. എന്നാൽ, റമദാനിലെ ഏത്​ രാവിലും ലൈലത്തുൽ ഖദ്​റിനെ പ്രതീക്ഷിക്കാം എന്ന നിഗമനത്തിലാണ്​ പൗരാണികരും ആധുനികരുമായ കൂടുതൽ പണ്ഡിതരും.

ബദർ യുദ്ധവും റമദാനും

പ്രവാചകൻ മുഹമ്മദി​ന്റെ നേതൃത്വത്തിലുള്ള ഇസ്​ലാമിക സമൂഹം നേരിട്ട ആദ്യ സായുധ പോരാട്ടമാണ്​ ബദ്​ർ. മുഹമ്മദിനെ മക്കയിൽ നിന്ന്​ നാട്​കടത്തിയ ഖുറൈശികളായിരുന്നു ശത്രുപക്ഷത്ത്​. ഹിജ്​റ രണ്ടാം വർഷം റമദാൻ മാസം 17ന്​ (സി.ഇ 624 മാർച്ച് 13ന് ) നടന്ന ഈ യുദ്ധത്തിൽ മുഹമ്മദി​ന്റെ സൈന്യം വിജയിക്കുകയുണ്ടായി. മദീനയിൽ പ്രവാചകൻ ചുരുങ്ങിയ കാലംകൊണ്ട്​ കെട്ടിപ്പടുത്ത ഇസ്​ലാമിക സമൂഹത്തി​ന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്​ത ആദ്യ പ്രതിസന്ധിയായിരുന്നു ബദ്​ർ യുദ്ധം. തങ്ങളുടെ ഇരട്ടിയലിധികം സൈനികശേഷിയുമായി വന്ന സൈന്യത്തോടാണ്​ മുഹമ്മദിനും സംഘത്തിനും പോരാടാൻ ഉണ്ടായിരുന്നത്​. ​​ഐതിഹാസികമായ പോരാട്ടത്തിൽ ഇസ്​ലാമിക പക്ഷം വിജയിച്ചു. ബദ്​ർ പോരാട്ടം നടന്ന മാസം എന്ന നിലക്കും റമദാൻ മാസത്തിന്​ പ്രത്യേകതയുണ്ട്​. കേരളത്തിലെ സുന്നികൾ ഈ ദിവസം ബദ്ർ രക്​തസാക്ഷികളുടെ ഒർമക്കായി പ്രത്യേക പ്രാർഥനകളും അന്നദാനവും സംഘടിപ്പിക്കാറുണ്ട്​.

സകാത്തി​ന്റെ മാസം

ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ കർമമാണ്​ സകാത്ത്​. ഇസ്‌ലാമിലെ നികുതി സ​മ്പ്രദായമാണ്​ യഥാർഥത്തിൽ സകാത്ത്​. ദരിദ്രന്റെ അവകാശമായാണ്​ സകാത്തി​നെ ഖുർആൻ പരിചയപ്പെടുത്തുന്നത്​. റമദാൻ മാസവുമായി സകാത്തിന്​ നേരിട്ട്​ ബന്ധമൊന്നുമില്ല. വീടുകളിൽ കയറി വരുന്ന യാചകർക്ക്​ അഞ്ചും പത്തും രൂപ കൊടുത്താൽ ഇസ്‌ലാമിലെ സകാത്ത്​ ആകില്ല. അതിന്​ സ്വദഖ (ദാനധർമം) എന്നാണ്​ പറയുക. അത്​ സകാത്തിന്റെ ഗണത്തിൽ പെടില്ല. സ്വദഖ ​ഐച്ഛിക കർമമാണ്​. സകാത്താക​ട്ടെ നിർബന്ധ ബാധ്യതയും. സകാത്തിന്റെ അവകാശികൾ ആരൊക്കെയെന്ന്​ ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്​. നിശ്ചിതവരുമാനമുള്ള ഒരാളുടെ വാർഷിക വരുമാനത്തി​ന്റെ 2.5 ശതമാനം സകാത്തായി നൽകൽ നിർബന്ധമാണ്​. ഇത്​ നൽകാത്തയാൾ മുസ്‌ലിം ആകില്ല എന്നാണ്​ പ്രവാചകൻ പഠിപ്പിക്കുന്നത്​. സകാത്ത്​ നൽകാത്ത മുസ്‌ലിങ്ങൾക്കെതിരെ രണ്ടാം ഖലീഫ അബൂബക്കർ യുദ്ധംചെയ്യുക വരെയുണ്ടായി. ദാരിദ്ര്യ നിർമാർജനമാണ്​ സകാത്തിന്റെ പ്രഥമ ലക്ഷ്യം.

കേവല ഭക്ഷണ പരിത്യാഗമോ നോമ്പ്

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിക്കലാണ്​ നോമ്പി​ന്റെ ഭൗതികമായ രൂപം. എന്നാൽ, കേവല ആഹാര പരിത്യാഗമല്ല നോമ്പ്​. നോമ്പ്​കാരൻ മോശം വാക്കും പ്രവൃത്തിയും ഇടപാടുകളും ഉപേക്ഷിക്കുന്നില്ലെങ്കിൽ ആ നോമ്പ്​ തനിക്ക്​ വേണ്ടെന്ന്​ ദൈവം പറയുന്നുണ്ട്​. പ്രവാചക വചനങ്ങളുടെ ഏറ്റവും വിശ്വാസ യോഗ്യമായ ക്രോഡീകൃത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി ഇങ്ങനെ ഒരു പ്രവാചക വചനം ഉദ്ധരിക്കുന്നു. ‘‘നോമ്പുകാര​ന്റെ കണ്ണുകൾ പൈശാചികതകൾ കാണുന്നതിൽനിന്ന്​ പിന്തിരിയണം, കേൾക്കുന്നതിൽനിന്ന് ​ചെവിയും പിൻമാറണം, വിചാരിക്കുന്നതിൽനിന്ന്​ മനസും സംസാരിക്കുന്നതിൽനിന്ന്​ നാവും.’’ അഥവാ, അന്ന പാനീയങ്ങൾ ഉപേക്ഷിച്ചത്​ കൊണ്ട്​ മാത്രം ഒരാൾ നോമ്പ്​കാരനാകില്ല. വി​ശ്വാസപരവും സ്വഭാവപരവുമായ വിശുദ്ധി പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ നോമ്പ്​ ദൈവ സമക്ഷം സ്വീകാര്യമാകൂ.

ഭക്ഷണ മേളകളല്ല നോമ്പ്​

​ആഹാര നിയന്ത്രണമാണ്​ നോമ്പി​ന്റെ ഭൗതികമായ ഏറ്റവും വലിയ ലക്ഷ്യം. നോമ്പ്​ തുറ സൽക്കാരങ്ങൾ ധൂർത്തി​ന്റെയും ആഡംബരത്തി​ന്റെയും പൊങ്ങച്ചത്തിന്റെയും വേദികളാക്കുന്നതിനെ ഇസ്‌ലാം ശക്​തമായി വിലക്കുന്നുണ്ട്​.

Read More: നോമ്പ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-ഡോ. ജ്യോതിദേവ് കേശവദേവ് എഴുതുന്നു

പ്രവാചകൻ നിർദേശിച്ചത്​ ​പ്രകാരം നോമ്പ്​ തുടങ്ങുന്നത്​ അത്താഴത്തോടെയാണ്​. പുലർച്ചെ എഴുന്നേറ്റ്​ അൽപ്പം ഭക്ഷണം കഴിക്കുക. ഇതിനെ സുഹൂർ എന്ന്​ പറയുന്നു. വൈകുന്നേരം മഗ്​രിബ്​ ബാ​ങ്കോടെയാണ്​ വിശ്വാസികൾ നോമ്പ്​ അവസാനിപ്പിക്കുന്നത്​. മിതമായ ആഹാരമാണ്​ ഈ ഘട്ടത്തിലും കഴിക്കാൻ പ്രവാചകൻ പഠിപ്പിച്ചത്​.

muslim prayer, islam prayer, Ramdan, ramzan,

സൗഹൃദം പൂത്തുലയുന്ന മാസം

നോമ്പ്​ കാലത്തെ അടുത്തകാലത്തായി ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തുന്നുണ്ട്​ മുസ്‌ലിങ്ങളും അല്ലാത്തവരും. നോമ്പ്​ കാലത്ത്​സംഘടിപ്പിക്കപ്പെടുന്ന ഇഫ്​താർ വിരുന്നുകൾ സൗഹൃദത്തി​ന്റെ വലിയ പാഠങ്ങൾ നൽകുന്നുണ്ട്​. വിവിധ തലങ്ങളിൽ ഇഫ്​താർ മീറ്റുകൾ നടക്കാറുണ്ട്​. ​ഗ്രാമീണ തലങ്ങളിൽ ജനകീയമായി നടക്കാറുള്ള സമൂഹ നോമ്പ്​ തുറകൾ മുതൽ ഭരണാധികാരികൾ നേരിട്ട്​ സംഘടിപ്പിക്കുന്ന ഇഫ്​താർ മീറ്റുകൾ വരെ. മത, രാഷ്​ട്രീയ കക്ഷി നിലപാടുകൾക്കപ്പുറത്ത്​ ഒരുമിച്ചിരിക്കാനും സൗഹൃദം പങ്കുവയ്ക്കാനുമുള്ള അവസരങ്ങളാകുന്നു ഇവ.

ഫിത്ർ സകാത്തോടെ വിരാമം

ശവ്വാൽ മാസത്തി​ന്റെ വരവറയിച്ച്​ ച​ന്ദ്രൻമാനത്ത്​ ഉദിക്കുന്നതോടെയാണ്​ ഒരു മാസത്തെ വ്രതം പൂർണമാകുന്നത്​. ശവ്വാൽ ഒന്നിനാണ്​ പെരുന്നാൾ. അന്ന്​ പ്രത്യേക പ്രാർഥന കൽപ്പിച്ചിട്ടുണ്ട്​. ഈദ് ​ഗാഹുകളിലും പള്ളികളിലുമായി അന്നേ ദിവസം വി​ശ്വാസികൾ സംഗമിക്കും. ഈദ് ​പ്രാർഥന സദസിലേക്ക്​ വരുന്നതിന്​ മുമ്പ്​ ചെയ്​ത്​ തീർക്കേണ്ട മറ്റൊരു നിർബന്ധ കർമം കൂടിയുണ്ട്​. അതാണ്​ ഫിത്ർ സകാത്ത്​. പെരുന്നാൾ ദിവസത്തേക്ക്​ പാകം ചെയ്യാനുള്ള ആഹാര സാധനങ്ങളിൽ കൂടുതൽ ആരുടെ കൈവശമുണ്ടോ അവരെല്ലാവരും ഫിത്​ർ സകാത്ത്​ നൽകാൻ ബാധ്യതപ്പെട്ടവരാണ്​. അഥവാ, സമ്പന്നരുടെ മാത്രം ബാധ്യതയല്ല ഇത്​. അന്ന്​ ജനിച്ച കുഞ്ഞിന്​ അടക്കം ഫിത്​ർ സകാത്ത്​ ബാധ്യതയാണ്​. ​​ആ പ്രദേശത്ത്​ സാധാരണ ഉപ​യോഗിക്കുന്ന ധാന്യമാണ്​ നൽകേണ്ടത്​. ഏകദേശം രണ്ടര കിലോ വീതം ഒരാൾ നൽകണം. കുഞ്ഞുങ്ങൾക്ക്​ വേണ്ടി രക്ഷിതാക്കൾ നൽകണം. അയൽവാസികളും മറ്റുമായ ദരിദ്രർക്കാണ്​ ഇത്​ വിതരണം ചെയ്യേണ്ടത്​. ഫിത്ർ സകാത്ത്​ വിതര​ണത്തോടെയാണ്​ യഥാർഥത്തിൽ ഒരാൾ നോമ്പ്​ കാലത്തിന് വിരാമമാകുന്നത്​.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Muslims prepare for start of fasting in ramzan