/indian-express-malayalam/media/media_files/2025/03/07/3gY9gUJrFCGcUWi9hibF.jpg)
മുരിക്കടി
കേരളത്തിലെ ഏറ്റവും മികച്ച സമ്മർ വെക്കേഷൻ സ്പോട്ടുകളാണ് മൂന്നാർ, തേക്കടി, വയനാട് എന്നിവ. ഇനി തേക്കടി പോവുമ്പോൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ടൂറിസ്റ്റ് സ്പോട്ടാണ് മുരിക്കടി. തേക്കടിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഈ പിക്നിക് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. കാപ്പി, തേയില, ഏലം, കുരുമുളക് എന്നിവയുടെ സമൃദ്ധമായ തോട്ടങ്ങൾക്ക് പേരുകേട്ടതാണ് മുരിക്കടി. പച്ചപ്പിനും കുന്നുകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മുരിക്കടി പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ്.
വിശാലമായ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കാപ്പിയുടെ ഉന്മേഷദായകമായ സുഗന്ധവും, ഏലത്തിന്റെയും കുരുമുളകിന്റെയും മണവുമെല്ലാം വായുവിൽ തങ്ങി നിൽക്കുന്നത് ആസ്വദിക്കാം.
കുന്നിൻ ചെരുവുകളുംതുറന്ന പുൽമേടുകളും പച്ചപ്പു നിറഞ്ഞ ഉദ്യാനങ്ങളും മൂടൽമഞ്ഞ് മൂടിയ പർവതനിരകളുടെ മനോഹരമായ കാഴ്ചയുമെല്ലാം ഇവിടെ കാണാം. കൃഷിയിടങ്ങളാലും നിബിഢമായ കാടിനാലും സമ്പന്നമായ ഇവിടം ഫോട്ടോഗ്രാഫർമാരുടെയും പറുദീസയാണ്.
സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെയും ചുറ്റുമുള്ള വനങ്ങളിലൂടെയും ട്രെക്കിംഗ് പാതകൾ കടന്നുപോകുന്നുണ്ട് ഇവിടെ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മൗണ്ടൻ ബൈക്കിംഗ് അല്ലെങ്കിൽ പക്ഷിനിരീക്ഷണം പോലുള്ള ആക്റ്റിവിറ്റികൾ നടത്തുകയുമാവാം. ട്രെക്കിംഗിന് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ അനുമതികളും മാർഗ്ഗനിർദ്ദേശങ്ങളും നേടുക. പെരിയാർ ബോട്ട് സഫാരി, ബാംബൂ റാഫ്റ്റിംഗ്, ജീപ്പ് സഫാരി, സുഗന്ധവ്യഞ്ജന തോട്ടത്തിലൂടെയുള്ള ടൂർ, പെരിയാർ വനത്തിലെ രാത്രി ജംഗിൾ പട്രോളിംഗ് എന്നിവയൊക്കെ എക്സ്പ്ലോർ ചെയ്യാം.
മുരിക്കടിയിലേക്കു മാത്രമായി യാത്ര ഒതുക്കാതെ, അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാം. പെരിയാർ ടൈഗർ റിസർവ്, പുല്ലുമേട്, പാണ്ടിക്കുഴി എന്നിവയെല്ലാം മുരിക്കടിയ്ക്ക് സമീപത്താണ്.
എങ്ങനെ പോകാം?
കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മുരിക്കാടിയുടെ സ്ഥാനം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയമാണ്. 102 കിലോമീറ്ററാണ് കോട്ടയത്തിനും മുരിക്കടിയ്ക്കുമിടയിലുള്ള ദൂരം. എന്നാൽ കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുരിക്കടിയിൽ എത്താൻ ബസ് സർവീസും ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us