ദുബായിലെ പാം ജുമെയ്‌റയിൽ പുതിയ ആഡംബര ഭവനം സ്വന്തമാക്കി മുകേഷ് അംബാനി. മകന്‍ ആനന്ദ് അംബാനിയ്ക്ക് വേണ്ടിയാണ് പാം ജുമെയ്റയിലെ ഈ ലക്ഷ്വറി വില്ല മുകേഷ് അംബാനി സ്വന്തമാക്കിയത്. കടൽ നികത്തി ഈന്തപ്പനയുടെ രൂപത്തിൽ സൃഷ്ടിച്ചെടുത്ത കൃത്രിമദ്വീപാണ് പാം ജുമെയ്റ.
ഏതാണ്ട് 80 മില്ല്യണ്‍ ഡോളര്‍(ഏകദേശം 639 കോടി രൂപ) തുകയ്ക്കാണ് ഈ വില്ല അംബാനി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഈ വില്ലയിൽ പത്ത് കിടപ്പുമുറികള്‍, ഒരു സ്വകാര്യ സ്പാ, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ പൂളുകള്‍ എന്നിവയെല്ലാമുണ്ട്.
ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ഷാറൂഖ് ഖാന്‍ എന്നിവർക്കും പാം ജുമെയ്റയിൽ വില്ലകളുണ്ട്. ദുബായിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ ഒന്നാണിത്.
ആഡംബര ഹോട്ടലുകളും ക്ലബുകളും സ്പാകളും നിരവധി റെസ്റ്റൊറന്റുകളും വിലകൂടി അപ്പാര്‍ട്ട്‌മെന്റുകളും അടങ്ങിയതാണ് ദുബായിലെ പാം ജുമെയ്‌റ.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിന്റെ കണക്ക് പ്രകാരം അംബാനിയുടെ 93.3 ബില്യൺ ഡോളർ സമ്പത്തിന്റെ മൂന്ന് അവകാശികളിൽ ഒരാളാണ് ഇളയമകൻ അനന്ത് അബാനി. ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ ധനികനാണ് 65 കാരനായ മുകേഷ് അംബാനി.
റിലയൻസ് ഗ്രൂപ്പിന്റെ വൈവിധ്യവൽക്കരണ മുന്നേറ്റത്തിന് ശേഷം, തന്റെ സാമ്രാജ്യത്തെ ഗ്രീൻ എനർജി, ടെക്, ഇ-കൊമേഴ്‌സ് എന്നിവയിലേക്ക് വികസിപ്പിച്ച അംബാനി പതിയെ തന്റെ മക്കൾക്ക് അധികാരം കൈമാറാനുള്ള ഒരുക്കത്തിലാണ്.