മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം നടന്നു. ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചാണ് ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം ആഘോഷമായി നടന്നത്. വിവാഹ നിശ്ചയ ചടങ്ങിൽനിന്നുളള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

Read: അംബാനിയുടെ മകളുടെ വിവാഹ നിശ്ചയം താരങ്ങളുടെ സാന്നിദ്ധ്യത്തിൽ; ചിത്രങ്ങൾ

വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. 21 ന് തുടങ്ങിയ വിവാഹ നിശ്ചയം 23 വരെ നീണ്ടു നില്‍ക്കും. ബോളിവുഡിൽനിന്നും വലിയൊരു താരനിര തന്നെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ചടങ്ങിനെത്തിയ പ്രിയങ്ക ചോപ്ര, ഭാവി വരൻ നിക് ജോനാസ്, അനിൽ കപൂർ, സോനം കപൂർ, ഭർത്താവ് ആനന്ദ് അഹൂജ, ചൂഹി ചൗള, ആമിർ ഖാൻ, ഭാര്യ കിരൺ റാവു, ജാൻവി കപൂർ തുടങ്ങിയവരുടെ ചിത്രങ്ങളൊക്കെ പുറത്തുവന്നിരുന്നു.

മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷം മേയിലാണ് ആനന്ദ് തന്റെ സുഹൃത്തായ ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനുപിന്നാലെ ഇരു കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാണ് ആനന്ദിന്റെ പിതാവ് അജയ് പിരമൽ. രാജ്യത്തെ രണ്ടു വലിയ വ്യവസായ കുടുംബങ്ങൾ തമ്മിലുളള വിവാഹം ഈ വർഷം ഡിസംബറിൽ നടക്കുമെന്നാണ് കുടുംബങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചത്.

റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയിലെ ബോര്‍ഡ്‌ അംഗമാണ് ഇഷ അംബാനി. സൈക്കോളജി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നിവയില്‍ അമേരിക്കയിലെ യേല്‍ സർവകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇഷ, സ്റ്റാന്‍ഫോര്‍ഡ് സർവകലാശാലയില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി.

പിരമല്‍ റിയാലിറ്റി, പിരമല്‍ സ്വാസ്ത്യ എനിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് ആനന്ദ് പിരമല്‍. അമേരിക്കയിലെ പെന്‍സില്‍വാനിയ സർവകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഹാര്‍ഡ്വാര്‍ഡ്‌ ബിസിനസ്‌ സ്കൂളില്‍ നിന്നും എംബിഎയും നേടിയിട്ടുണ്ട് ആനന്ദ്‌. ഫാര്‍മ-ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍ എസ്റ്റേറ്റ്‌ എന്നിവയില്‍ ബിസിനസ്‌ താൽപര്യമുള്ള ഗ്രൂപ്പാണ് പിരമല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook