scorecardresearch
Latest News

Mother’s Day 2017: ഗർഭിണികൾക്ക് തണലൊരുക്കി വൈറ്റിലയിലെ ബെർത്ത് വില്ലേജ്

സ്വാഭാവികമായ പ്രസവം ആഗ്രഹിക്കുന്നവർക്ക് തണലാവുകയാണ് എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന ബെർത്ത് വില്ലേജ്

birth village

ഒരു കുഞ്ഞിന് ജന്മം നൽകുകയെന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങളിലൊന്നാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കുശേഷം ജനിച്ചു വീഴുന്ന കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണുമ്പോഴുണ്ടാകുന്ന നിർവൃതി വാക്കുകൾക്ക് അതീതമാണ്. പണ്ടൊക്കെ വീടുകളിലായിരുന്നു  കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നത്. എന്നാൽ ഇന്ന് ആശുപത്രികളിലാണ് ഒട്ടുമിക്ക കുഞ്ഞുങ്ങളും ജനിക്കുന്നത്. പ്രസവം വീടുകളിൽ നിന്നും ആശുപത്രികളിലേയ്ക്ക് മാറി. കേരളത്തിലെ ശിശുമരണനിരക്ക് കുറയുന്നതിന് ഈ മാറ്റം ഒരു  പ്രധാന കാരണമാവുകയും ചെയ്തു. ഇന്ന്  പ്രസവിക്കാൻവരെ സമയം നോക്കുന്നവരുളള കാലമാണ്.   അനാവശ്യമായ സിസേറിയൻ ഉൾപ്പെടയുളള പല സംഭവങ്ങളും വ്യാപകമല്ലെങ്കിലും മെഡിക്കൽ രംഗത്തെ ദുഷ്പ്രവണതകളുടെ ഉദാഹരണമായി ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്. ഇങ്ങനയൊരു കാലത്താണ്    സ്വാഭാവികമായ പ്രസവം ആഗ്രഹിക്കുന്നവർക്ക് തണലാവുകയാണ് എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന ബെർത്ത് വില്ലേജ്.

ബർത്ത് വില്ലേജിൽ കുഞ്ഞിന് ജന്മം നൽകിയ താനിയ എന്ന യുവതിക്ക് പറയാനുളളത്. “ഒരു ആശുപത്രിയിൽ നിന്നും ലഭിക്കാത്ത രീതിയിലുളള മികച്ച പരിചരണമാണ് ബെർത്ത് വില്ലേജിൽ നിന്ന് ലഭിച്ചത്. മറ്റുളള ആശുപത്രികളിൽ പോയപ്പോൾ ഗർഭിണി ചെയ്യാൻ പാടില്ലാത്തയെന്ന് പറഞ്ഞ് ഒട്ടേറെ നിയന്ത്രണങ്ങളാണ് മുന്നിൽ വെച്ചത്. പിന്നീടാണ് ബെർത്ത് വില്ലേജിലെത്തുന്നത്. വീട്ടിൽ പ്രസവിച്ചത് പോലെയുളള അനുഭവമായിരുന്നു, അതും ഭർത്താവിന്റെ സാന്നിധ്യത്തിൽ ” താനിയ പറയുന്നു. ഇരുന്നായിരുന്നു പ്രസവം. ഒരിക്കലും മറക്കാനാവാത്ത ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങളിലൊന്നായിരുന്നു അതെന്നും താനിയ പറയുന്നു.

കൊച്ചി സ്വദേശിയായ പ്രിയങ്ക ഇടിക്കുളയാണ് ബെർത്ത് വില്ലേജിന്റെ അമരക്കാരി. വിദേശത്ത് നിന്ന് മിഡ്‌വൈഫ് കോഴ്സ് പൂർത്തിയാക്കിയ വ്യക്തിയാണ് പ്രിയങ്ക. ‘ലമാസി’ല്‍ (ചൈല്‍ഡ് ബെര്‍ത്ത് പഠനം) അമേരിക്കയില്‍നിന്ന് ഉന്നതപഠനവും പൂർത്തിയാക്കിയിട്ടുണ്ട്. ഒരു വീടാണ് ബെർത്ത് വില്ലേജ് ആക്കി മാറ്റിയിരിക്കുന്നത്. ആശുപത്രിയുടെ അന്തരീക്ഷത്തിലല്ലാതെ ഒരു വീട്ടിലാണ് പ്രസവിക്കുന്നതെന്ന തോന്നലും സുരക്ഷിതത്വവും ഉണ്ടാകാനാണ് വീട് തന്നെ തിരഞ്ഞെടുത്തതെന്ന് പ്രിയങ്ക പറയുന്നു. ഇങ്ങനൊരു വീട് കിട്ടാനായി ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുവെന്നും ഇവർ പറയുന്നു.

പ്രസവരീതിയെ സംബന്ധിച്ച് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് മാറ്റണമെന്ന ആഗ്രഹവും പ്രസവസമയത്ത് ഭർത്താവിന്റെ സാന്നിധ്യം വേണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുകയും അത് നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബെർത്ത് വില്ലേജിന് പ്രിയങ്ക തുടക്കം കുറിച്ചത്. 

ബെർത്ത് വില്ലേജിലെത്തുന്ന ഒരു ഗർഭിണിയെ പരിചരിക്കുന്നത് ഒരു മിഡ്‌വൈഫാണ്.ആരോഗ്യമാണ് ഇവർ മുന്നോട്ട് വെയ്‌ക്കുന്ന ഒരേ ഒരു കാര്യം. പൂർണ ആരോഗ്യവതിയായവർക്ക് ഇവിടേക്ക് എപ്പോഴും സ്വാഗതം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് ഇവിടെ മുൻഗണന നൽകുന്നത്. ഇതിനായി വ്യായാമങ്ങളും മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ഭക്ഷണക്രമവും ഇവർ നിർദേശിക്കുന്നുണ്ട്.

പ്രസവിക്കാൻ മാത്രമായിട്ടല്ല. ഗർഭസംബന്ധമായ എല്ലാ സംശയങ്ങൾക്കും ബെർത്ത് വില്ലേജിൽ ക്ളാസുകൾ നൽകും. വിവാഹംകഴിഞ്ഞ് കുഞ്ഞിനെ സ്വപ്നം കാണാന്‍ തുടങ്ങുമ്പോൾ മുതൽ പല ദമ്പതികളും ഇവിടെ എത്താറുണ്ട്. പ്രസവ സംബന്ധമായ എല്ലാ കാര്യങ്ങളും ദമ്പതികൾക്ക് പറഞ്ഞ് കൊടുക്കും. ഭാര്യയ്‌ക്കും ഭർത്താവിനും ഒരുമിച്ചാണ് ക്ളാസുകൾ നൽകുന്നത്. പ്രസവ വേദന അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് പ്രസവിക്കാനായി ഗർഭിണികളെ പ്രവേശിപ്പിക്കുന്നത്. ഏത് പൊസിഷനിലിരുന്ന് പ്രസവിക്കണമെന്ന് ഗർഭിണിക്ക് തിരഞ്ഞെടുക്കാം. വെളളത്തിൽ പ്രസവിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട് പ്രസവം കഴിഞ്ഞ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ പെട്ടെന്ന് തന്നെ വീട്ടിൽ പോകാനുളള സൗകര്യവും ഇവർ നൽകുന്നുണ്ട്. പ്രസവശേഷം ദിവസങ്ങളോളം കിടന്നുളള ഒരു ചികിത്സാ സമ്പ്രദായം ബെർത്ത് വില്ലേജിലില്ല. ഗർഭവും പ്രസവവും ഒരു രോഗാവസ്ഥയല്ലെന്നും മറിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണിതെന്നുമുളള തോന്നലാണ് ബെർത്ത് വില്ലേജ് ഇവിടെയെത്തുന്നവർക്ക് നൽകുന്നത്.

birth village
ബെർത്ത് വില്ലേജ് പ്രസവമുറി

മിഡ് വൈഫിനെ കൂടാതെ പ്രസവ സമയത്ത് ഭർത്താവും കൂടെയുണ്ടാവും. ഭർത്താവിന്റെ കൺമുന്നിൽ വച്ചാണ് എല്ലാ വേദനയും സഹിച്ചു കൊണ്ട് ഒരു സ്ത്രീ തങ്ങളുടെ കുഞ്ഞിന് ജന്മം നൽകുന്നത്. ഭർത്താവിന്റെ സാന്നിധ്യത്തിലായിരിക്കും പ്രസവമെന്നിരിക്കെ എത്രത്തോളം ഭാര്യ കഷ്‌ടപ്പെടുന്നുവെന്നും വേദനയനുഭവിക്കുന്നുമെന്നറിഞ്ഞ് ഭാര്യയോടുളള സ്‌നേഹവും ബഹുമാനവും കൂടിയെന്ന് പല ഭർത്താക്കന്മാരും പറഞ്ഞിട്ടുളളതായും പ്രിയങ്ക പറയുന്നു.

പ്രസവത്തിനായി വരുന്നവരും പ്രസവം സംബന്ധിച്ച ക്ളാസുകൾ കേൾക്കാൻ വരുന്നവരും ഇവിടെ കുറവല്ല. ഒരു മാസത്തിൽ എട്ടോ ഒൻപതോ കുഞ്ഞുങ്ങളാണ് ബെർത്ത് വില്ലേജിൽ ജന്മമെടുക്കുന്നത്. എട്ട് വർഷത്തോളമാവുന്നു ബെർത്ത് വില്ലേജ് പിറവിയെടുത്തിട്ട്. ആദ്യ നാല് വർഷത്തിൽ ലമാസ് ക്ളാസുകൾ മാത്രമേ ഉണ്ടായിരുന്നുളളൂ. പിന്നീടാണ് സ്വാഭാവികമായ പ്രസവത്തിലേക്ക് കടന്നത്. 100 ശതമാനം ഇതിന് തയാറായി എത്തുന്നവരെയാണ് ബെർത്ത് വില്ലേജ് സ്വീകരിക്കുക.

പൂർണ ആരോഗ്യവതികളായവരെ മാത്രമാണ് ബെർത്ത് വില്ലേജിൽ പരിഗണിക്കാറുളളത്. അതിനാൽ തന്നെ റിസ്‌കും കുറവാണ്. ഗർഭ സമയത്ത് പ്രശ്നങ്ങളുണ്ടെന്നു കണ്ടാൽ അപ്പോൾ വൈദ്യസൗകര്യമുളള ആശുപത്രിയുടെ സേവനം തേടാറുണ്ടെന്നും പ്രിയങ്ക പറയുന്നു. വളരെ അപൂർവമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ.

വൈറ്റിലയിലെ ബെർത്ത് വില്ലേജ്

ലമാസ് ക്ളാസുകളിലൂടെയാണ് പ്രസവ സംബന്ധമായ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നത്. രണ്ട് മണിക്കൂർ വരെ ദൈർഘ്യമുളളതാണ് മിക്ക ക്ളാസുകളും.  ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും അടക്കം പല ഭാഗത്ത് നിന്നും പല തരത്തിലുളള ആളുകൾ ഇവിടേക്ക് വരാറുണ്ട്. പലരും കേട്ടറിഞ്ഞാണ് ബെർത്ത് വില്ലേജിൽ എത്തുന്നത്.

ഒരു സുപ്രഭാതത്തിൽ ബെർത്ത് വില്ലേജിലെത്തി പ്രസവം നടത്താൻ സാധ്യമല്ല, മുൻകൂട്ടി ബുക്ക് ചെയ്‌തവരാണ് ഇവിടേക്ക് പ്രസവത്തിനായി വരുന്നത്. ഇതിലും വിപുലമായി ബെർത്ത് വില്ലേജിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാനും ശ്രമമുണ്ട്. പ്രസവത്തിനു മുമ്പും ശേഷവും ഉള്ള എല്ലാ പരിചരണങ്ങളും ഏകദേശം 70,000 രൂപവരെയാണ് ചെലവ്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തേജസ് ഹോം എന്ന സ്ഥാപനവും ബെർത്ത് വില്ലേജ് നടത്തുന്നുണ്ട്. ബലാല്‍സംഗത്തിനും പീഡനത്തിനും ഇരയായി ഗര്‍ഭിണികളാകുന്ന കൗമാരക്കാര്‍ക്ക് സൗജന്യമായി താമസവും ഭക്ഷണവും നൽകുന്ന ഒരു ഷെൽട്ടർ ഹോമാണ് തേജസ്. പ്രസവ ശുശ്രൂഷയും നൽകുന്നുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ഇവരെ തേജസ് ഹോമിലേക്ക് വിടുന്നത്. ഇത്തരത്തിലുളള നിരവധി കേസുകൾ വരാറുണ്ടെന്ന് പ്രിയങ്ക പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Mothers day 2017 birth village natural birthing center vytilla