സോഷ്യൽ മീഡിയയിൽ സ്വന്തം ചിത്രങ്ങൾ പങ്കുവയ്ക്കാൻ താൽപര്യമില്ലാത്തവർ ആരാണ്? സ്വന്തം ചിത്രം എങ്ങനെയെല്ലാം ഭംഗിയാക്കാൻ സാധിക്കുമോ അതിനുവേണ്ട എല്ലാ സാധ്യതകളും ഇന്ന് ലഭ്യമാണ്. പെൺകുട്ടികളിൽ വലിയൊരു ശതമാനവും ഓൺലെെനിൽ സെൽഫി പോസ്റ്റ് ചെയ്യുന്നത് എഡിറ്റിങ്ങിനു ശേഷം മാത്രമാണെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.
11 മുതൽ 21 വയസ് വരെ പ്രായമുള്ള പെൺകുട്ടികളിൽ മൂന്നിലൊന്ന് പേരും ആദ്യം അവരുടെ സെൽഫി ചിത്രം എഡിറ്റ് ചെയ്യുന്നു. എഡിറ്റിങ്ങിനുശേഷം മാത്രമേ വലിയൊരു ശതമാനം പെൺകുട്ടികളും അവരുടെ ചിത്രം ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുള്ളൂ.
മൂന്നിലൊന്ന് പേരും എഡിറ്റുചെയ്യാതെ ഓൺലൈനിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യുന്നില്ലെന്ന് സർവേ കണ്ടെത്തി. ‘ഗേൾ ഗെെഡിങ് ആനുവൽ ഗേൾസ് ഗെെഡിങ് റിപ്പോർട്ടി’ലാണ് ഇക്കാര്യം പറയുന്നത്. യുകെ ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്.
2,186 പേരിലാണ് ഈ സർവേ നടത്തിയത്. ക്ലിക് ചെയ്ത ഫോട്ടോ എഡിറ്റ് ചെയ്ത ശേഷമേ സോഷ്യൽ മീഡിയയിൽ അടക്കം തങ്ങൾ പങ്കുവയ്ക്കാറുള്ളൂ എന്ന് സർവെയിൽ പങ്കെടുത്ത 50 ശതമാനം പെൺകുട്ടികളും സമ്മതിച്ചു.
അതേസമയം, തങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു സെൽഫിക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെയിരിക്കുകയോ പോസിറ്റീവ് കമന്റുകൾ വരാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ആ ചിത്രം ഡെലീറ്റ് ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം 33 ശതമാനമാണെന്നും സർവെയിൽ കണ്ടെത്തി.