/indian-express-malayalam/media/media_files/2026/01/21/moringa-for-hair-fi-2026-01-21-12-50-08.jpg)
മുരിങ്ങയും ഇനി മുടി പരിചരണത്തിന് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
നമ്മുടെ വീട്ടുപറമ്പിലെ 'അത്ഭുത വൃക്ഷം' എന്നറിയപ്പെടുന്ന മുരിങ്ങ, ആരോഗ്യത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും ഉത്തമമാണെന്ന് പലർക്കും അറിയില്ല. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ മുരിങ്ങയിലയും മുരിങ്ങക്കുരുവും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്ന മികച്ച പ്രകൃതിദത്ത ഔഷധങ്ങളാണ്. ഇന്നത്തെ കാലത്ത് മുടി നേരിടുന്ന പ്രധാന വെല്ലുവിളികളായ അകാല നര, മുടി പൊട്ടിപ്പോകൽ, തലയോട്ടിയിലെ വരൾച്ച എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ ഒരു പരിഹാരമാണ് മുരിങ്ങ.
Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ
"ഈ സസ്യത്തിന്റെ ഓരോ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇതിന്റെ ഇളം ഇലകൾ ഉണക്കി വറുത്ത് പൊടിച്ചെടുത്ത് പൊടി രൂപത്തിലും കാപ്സ്യൂളുകളായും ഗുളികകളായും വിപണിയിൽ വിൽക്കുന്നുണ്ട്. മുരിങ്ങക്കായ ഇട്ട് വെക്കുന്ന സാമ്പാർ, കറികൾ, അച്ചാറുകൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ദക്ഷിണേന്ത്യൻ അടുക്കളകളിൽ വർഷങ്ങളായി പ്രിയങ്കരമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് ഈ ഔഷധസസ്യം. പോഷകങ്ങൾ നിറഞ്ഞ മുരിങ്ങ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, കരളിന്റെ പ്രവർത്തനം സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ എഡിമ പോലുള്ള രോഗങ്ങളെ ചികിത്സിക്കാനും ഏറെ ഫലപ്രദമാണ്" എന്ന് ആയുർവേദ വിദഗ്ധനായ ഡോ. അഭിഷേക് കുമാർ പറഞ്ഞു.
ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ഇത് വ്യത്യസ്ത തരത്തിൽ മുടി പരിചരണത്തിനും ഉപയോഗിക്കാം.
സ്കാൽപ്പ് ഓയിലിംഗ് (ആഴ്ചയിൽ 2-3 തവണ)
ഒന്നോ രണ്ടോ ടീസ്പൂൺ മുരിങ്ങക്കുരു എണ്ണ ചെറുതായി ചൂടാക്കാം. ഇത് തലയോട്ടിയിൽ തേച്ച് 5-7 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 2 മുതൽ 8 മണിക്കൂർ വരെ ഇത് തലയിൽ വെക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. അമിതമായ മർദ്ദം നൽകാതെ തലയോട്ടിയുടെ എല്ലാ ഭാഗത്തും എണ്ണ എത്തുന്ന രീതിയിൽ പുരട്ടാൻ ശ്രദ്ധിക്കാം.
Also Read: കരീന കപൂറിൻ്റെ തിളങ്ങുന്ന കരുത്തുറ്റ തലമുടിക്ക് പിന്നിൽ ഈ ഒരൊറ്റ പൊടിക്കൈ മാത്രം
മുടി കഴുകുന്നതിന് മുമ്പുള്ള സംരക്ഷണം
മുടി കഴുകുന്നതിന് 30-60 മിനിറ്റ് മുമ്പ് കുറച്ച് മുരിങ്ങ എണ്ണ മുടിയുടെ മധ്യഭാഗം മുതൽ അറ്റം വരെ പുരട്ടാം. ഇത് മുടി കഴുകുമ്പോൾ ഉണ്ടാകുന്ന പൊട്ടലുകൾ കുറയ്ക്കാനും മുടിയുടെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2026/01/21/moringa-for-hair-1-2026-01-21-12-53-35.jpg)
മുരിങ്ങയില പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ദിവസവും ഒരു ടീസ്പൂൺ (ഏകദേശം 2 ഗ്രാം) മുരിങ്ങയില പൊടി സ്മൂത്തികളിലോ തൈരിലോ ചെറുചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കുന്നത് മുടിക്ക് ഉള്ളിൽ നിന്ന് പോഷണം നൽകുന്നു. ഇതിലെ പ്രോട്ടീനും അയണും മുടിവേരുകളെ ബലപ്പെടുത്തും.
കറ്റാർവാഴ - മുരിങ്ങ സ്കാൽപ്പ് മാസ്ക്
ഒരു ടീസ്പൂൺ മുരിങ്ങയില പൊടി, 2-3 ടീസ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്പൂൺ ലഘുവായ എണ്ണ (ഉദാഹരണത്തിന് വെളിച്ചെണ്ണ) എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയിൽ പുരട്ടി 20-30 മിനിറ്റിന് ശേഷം കഴുകാം. തലയോട്ടിയിലെ അസ്വസ്ഥതകൾ മാറാനും മുടി എളുപ്പത്തിൽ ചീകി ഒതുക്കാനും ഇത് സഹായിക്കും.
Also Read: "ഇത് എന്റെ മുടിയുടെ സ്വാഭാവിക നിറമാണ്"; തലമുടിയഴകിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ശ്രുതി ഹാസൻ
ഉലുവ - മുരിങ്ങ ഹെയർ മാസ്ക് (രണ്ടാഴ്ചയിലൊരിക്കൽ)
ഒരു ടേബിൾസ്പൂൺ ഉലുവ കുതിർത്ത് അരച്ചെടുത്ത പേസ്റ്റിൽ ഒരു ടീസ്പൂൺ മുരിങ്ങയില പൊടിയും ഒരു ടീസ്പൂൺ എണ്ണയും ചേർക്കുക. ഇത് മുടിയുടെ നീളത്തിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ പരുപരുപ്പ് (Frizz) കുറയ്ക്കാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
താരൻ ഉള്ളവർ എണ്ണ ഉപയോഗിക്കുമ്പോൾ അളവ് കുറയ്ക്കണം. എണ്ണ പുരട്ടിയ ശേഷം അധികം വൈകാതെ തന്നെ കഴുകിക്കളയാൻ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള അലർജിയോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: നര അകറ്റാം ഒപ്പം മുടികൊഴിച്ചിലും തടയാം, ഇതാ പ്രതിവിധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us